Malayalam
ഈ പിറന്നാള്‍ സന്തോഷം നല്‍കുന്നില്ല, മകളുടെ വേര്‍പാടില്‍ നീറി ഇളയരാജ; ആഘോഷങ്ങള്‍ ഇല്ല!
ഈ പിറന്നാള്‍ സന്തോഷം നല്‍കുന്നില്ല, മകളുടെ വേര്‍പാടില്‍ നീറി ഇളയരാജ; ആഘോഷങ്ങള്‍ ഇല്ല!
ഇന്ത്യന്‍ സംഗീത ലോകത്ത് പകരം വെയ്ക്കാനില്ലാത്ത സംഭാവനകള്‍ നല്‍കിയ ഇളയരാജ കഴിഞ്ഞ ദിവസമായിരുന്നു 81ാം പിറന്നാള്‍ ആഘോഷിച്ചത്. ഇളരാജയുടെ സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്തുവച്ച ആരാധകരും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍ ആ ആഘോഷങ്ങളില്‍ ഇക്കൊല്ലം ഇളയരാജയ്ക്ക് പങ്കുചേരാനാകില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഇക്കൊല്ലം സംഭവിച്ചു എന്നത് തന്നെയാണ് അതിന് കാരണം.
തന്റെ മകളും ഗായികയും സംഗീത സംവിധായികയുമായ ഭവതാരിണിയുടെ വിയോഗത്തില്‍ നിന്ന് കരകയറാന്‍ തനിക്ക് സാധിച്ചിട്ടില്ല എന്നാണ് ഇളയരാജ പറയുന്നത്. അതുകൊണ്ടുതന്നെ ഈ പിറന്നാള്‍ തനിക്ക് സന്തോഷം നല്‍കുന്നില്ല എന്നും അദ്ദഹം സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചുകൊണ്ടു പറഞ്ഞു.
ജനുവരി 25നാണ് ഭവതാരിണി തന്റെ 47ാം വയസില്‍ സംഗീത ലോകത്തോട് വിടപറഞ്ഞത്. അര്‍ബുദ ബാധിതയായിരുന്ന ഗായിക ശ്രീലങ്കയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിക്കുന്നത്. 1976ല്‍ ചെന്നൈയില്‍ ജനിച്ച ഭവതാരിണി ബാല്യകാലത്തു തന്നെ ശാസ്ത്രീയ സംഗീതത്തില്‍ പരിശീലനം നേടിയിരുന്നത് തന്റെ പിതാവില്‍ നിന്നു തന്നെയായിരുന്നു.
‘രാസയ്യ’ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണ് പിന്നണി ഗാനരംഗത്ത് ഭവതാരിണി ചുവടുവച്ചത്. 2002ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് ‘ഫിര്‍ മിലേംഗെ’ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്‍കി.
1943 ജൂണ്‍ 2 ന് രാമസ്വാമിയുടെയും ചിന്നത്തായുടെയും മകനായാണ് ഇളയരാജ ജനിച്ചത്. പതിനാലാം വയസ്സില്‍ അര്‍ധസഹോദരനായ പാവലര്‍ വരദരാജന്‍ നയിച്ചിരുന്ന പാവലര്‍ ബ്രദേഴ്‌സില്‍ ഗായകനായാണ് അരങ്ങേറ്റം. ഈ സംഘത്തോടൊപ്പം ദക്ഷിണേന്ത്യ മുഴുവന്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. തന്റെ ആദ്യത്തെ ഈണം ഈ കാലഘട്ടത്തിലാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്നത്.
ഒരു വിലാപകാവ്യമായിരുന്നു അത്. പ്രമുഖ കവി കണ്ണദാസന്‍ രചിച്ച ഈ ഗാനം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനു സമര്‍പ്പിച്ചു. 1968ല്‍ ഇളയരാജ പ്രഫസര്‍ ധന്‍രാജിനു കീഴില്‍ സംഗീതം അഭ്യസിക്കാന്‍ തുടങ്ങി. പാശ്ചാത്യസംഗീതത്തിലെ പുതിയ രീതികള്‍ ഇളയരാജ പരിചയപ്പെട്ടു തുടങ്ങിയത് ധന്‍രാജിന്റെ ശിക്ഷണത്തിലാണ്.
1976 ല്‍ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിര്‍വഹിച്ചാണ് ഇളയരാജ ചലച്ചിത്ര ലോകത്തേക്കു പ്രവേശിക്കുന്നത്. തുടര്‍ന്ന് രാജാ സംഗീതത്തിന്റെ പ്രവാഹമായിരുന്നു. തമിഴ്‌നാടിന്റെ നാടന്‍ശൈലീസംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി. ആ ശൈലിയില്‍ അഭിരമിച്ച സംഗീതപ്രേമികള്‍ ഇന്നും ഈ രാജയുടെ സംഗീതത്തിനായി കാത്തിരിക്കുന്നു.
തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി 4500 ഓളം ഗാനങ്ങള്‍ക്ക് ഇളയരാജ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 1993ല്‍ ക്ലാസ്സിക് ഗിറ്റാറില്‍ ഇളയരാജ ലണ്ടനിലെ ട്രിനിറ്റി സ്‌കൂള്‍ ഓഫ് മ്യൂസിക്‌സില്‍ നിന്നു സ്വര്‍ണ മെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്.
കൂടാതെ ലണ്ടനിലെ റോയല്‍ ഫില്‍ ഹാര്‍മോണിക് ഓര്‍ക്കസ്ട്രയില്‍ സിംഫണി ചെയ്ത ആദ്യ ഏഷ്യാക്കാരനെന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തം. ലോകത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി ബിബിസി തിരഞ്ഞെടുത്ത ഗാനങ്ങളില്‍ ദളപതിക്ക് വേണ്ടി ഇളയരാജ ഈണമിട്ട ‘രാക്കമ്മ കയ്യേ തട്ട്’ എന്ന ഗാനവുണ്ടെന്നത് ഇന്ത്യാക്കാര്‍ക്ക് ഒന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണ്.
നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇളയരാജ, നാല് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇതില്‍ മൂന്നു തവണ മികച്ച സംഗീതസംവിധാനത്തിനും ഒരു തവണ മികച്ച പശ്ചാത്തല സംഗീതത്തിനുമായിരുന്നു.
കൂടാതെ കേരള സര്‍ക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണയും തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള ചലച്ചിത്ര പുരസ്‌കാരം ആറ് തവണയും ഇളയരാജയെ തേടി എത്തിയിട്ടുണ്ട്. രാജ്യം അദ്ദേഹത്തെ പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചു.
