Malayalam
ഇത് ഞാന്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ പ്രതീകം; ഐഎഫ്എഫ്കെ വേദിയില്‍ സംവിധായിക മെഹനാസ് മുഹമ്മദിയുടെ കത്ത്
ഇത് ഞാന്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ പ്രതീകം; ഐഎഫ്എഫ്കെ വേദിയില്‍ സംവിധായിക മെഹനാസ് മുഹമ്മദിയുടെ കത്ത്
27ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സ്വന്തമാക്കി സംവിധായിക മെഹനാസ് മുഹമ്മദി. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക കൂടിയാണ് മെഹനാസ്. യാത്രാവിലക്ക് കാരണം മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരിയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
മുഖ്യമന്ത്രിയുടെ കൈയില്‍ നിന്നും അവാര്‍ഡ് വാങ്ങിയ ശേഷം അതീന മെഹനാസ് കൊടുത്ത കുറിപ്പ് അതീന വേദിയില്‍ വായിച്ചു.
‘ഇത് എന്റെ മുടിയുടെ ഒരു കഷ്ണമാണ്. ഞാന്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ പ്രതീകമാണ് ഈ മുടി. നീതിക്ക് വേണ്ടി പോരാടിയ ഒരുപാട് യുവാക്കളെ അവിടെ കൊല്ലുന്നു. സ്ത്രീ, ജീവിതം, സ്വാതന്ത്രം എല്ലാവരും ഇത് ഏറ്റുചൊല്ലുക’, എന്നും മെഹനാസ് കത്തില്‍ കുറിച്ചു.
അതേസമയം, 27ാമത് ഐഎഫ്എഫ്കെയ്ക്ക് തലസ്ഥാന നഗരിയില്‍ ഔപചാരിക തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പതിവില്‍ നിന്ന് വ്യത്യസ്തമായി നിലവിളക്കില്‍ ദീപം തെളിക്കാതെ കാണികള്‍ക്ക് നേരെ ആര്‍ച്ച് ലൈറ്റുകള്‍ തെളിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. ചലച്ചിത്ര മേളകളെ ചിലര്‍ സങ്കുചിത ചിന്തകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
