News
അച്ഛന്റെയും അമ്മയുടെയും 10 വര്‍ഷത്തെ പ്രണയ വിവാഹം; കല്യാണം കഴിഞ്ഞ് മുപ്പത് വര്‍ഷത്തോളം ആയി എങ്കിലും ആ പ്രണയ കഥ മാത്രം തന്നോട് പറഞ്ഞിട്ടില്ലെന്ന് ഹണി റോസ്
അച്ഛന്റെയും അമ്മയുടെയും 10 വര്‍ഷത്തെ പ്രണയ വിവാഹം; കല്യാണം കഴിഞ്ഞ് മുപ്പത് വര്‍ഷത്തോളം ആയി എങ്കിലും ആ പ്രണയ കഥ മാത്രം തന്നോട് പറഞ്ഞിട്ടില്ലെന്ന് ഹണി റോസ്
അഭിനയത്തിലൂടെ മാത്രമല്ല ഫാഷന്‍ സെന്‍സ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. മികച്ച വസ്ത്രങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ ആക്‌സസറികളും മനോഹരമായ മേക്കപ്പും ചേരുന്ന ലുക്കുകളിലാണ് ഹണി പൊതുപരിപാടികളില്‍ തിളങ്ങുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്. സാരിയാണ് ഹണിക്ക് കൂടുതല്‍ ചേര്‍ച്ചയെന്നും ഓരോ വര്‍ഷം പിന്നിടുമ്പോഴും കൂടുതല്‍ സുന്ദരിയാകുന്നുവെന്നും ആരാധകര്‍ നിരന്തരമായി കമന്റിലൂടെയും മറ്റുമായി പറയാറുണ്ട്.
ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഹണി റോസ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, ജയസൂര്യ തുടങ്ങി മുന്‍നിര താരങ്ങള്‍ക്ക് ഒപ്പമെല്ലാം അഭിനയിച്ചു. എന്നാല്‍ സിനിമയിലേക്കുള്ള ഹണി റോസിന്റെ എന്‍ട്രി അത്ര എളുപ്പമല്ലായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു ആദ്യമായി ഹണി ചിത്രത്തിലേക്ക് കടന്ന് വന്നത്.
ബോയ്ഫ്രണ്ടിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ താരത്തെ തേടി നിരവധി അവസരങ്ങള്‍ എത്തുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായി വേഷങ്ങള്‍ ചെയ്ത് പോന്നിരുന്ന നടിക്ക് അനൂപ് മേനോന്‍, ജയസൂര്യ എന്നിവര്‍ നായകരായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് ചിത്രത്തിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം വലിയ ഒരു ബ്രേക്ക് തന്നയാണ് നല്‍കിയത്. താരത്തിന്റെ കരിയറില്‍ തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്.
ഹണി റോസ് സോഷ്യല്‍മീഡിയയിലും മറ്റുമായി നിറഞ്ഞ് നില്‍ക്കുകയാണെങ്കിലും താരത്തിന്റെ മാതാപിതാക്കള്‍ വളരെ വിരളമായി മാത്രമാണ് അഭിമുഖങ്ങളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിത ഹണി റോസിന്റെ മാതാപിതാക്കള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങലാണ് വൈറലാകുന്നത്.
ഹണി റോസും അച്ഛനും ആണ് ഏറ്റവും വലിയ കൂട്ട്. അമ്മയുമായി എപ്പോഴും വഴക്കാണത്രെ. ഹണി റോസ് എന്ത് പറഞ്ഞാലും മുഴുവന്‍ സപ്പോര്‍ട്ടുമായി അച്ഛന്‍ കൂടെ തന്നെയുണ്ടാവും. മകള്‍ ഒന്ന് സങ്കടപ്പെട്ടാല്‍ അതിലും വലിയ സങ്കടമാണ് തനിക്ക് എന്നാണ് അച്ഛന്‍ പറയുന്നത്. അതുകൊണ്ടാണ് അഭിനയിക്കുന്നതിന് എതിര്‍ത്തത് എന്നും അച്ഛന്‍ പറഞ്ഞു.
ഹണി റോസിന് തുടക്കത്തില്‍ ഒരു സിനിമയില്‍ അവസരം കിട്ടി. മോള്‍ അതില്‍ വലിയ സന്തോഷവതിയായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ മറ്റൊരു താരത്തെ വച്ച് ആ സിനിമ ചെയ്തു. അത് മോള്‍ക്ക് വലിയ സങ്കടം ആയി. അവളെ കണ്ട് എനിക്കും സഹിക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെ എങ്കില്‍ ഇനി അഭിനയിക്കേണ്ട എന്ന് അച്ഛന്‍ പറയുകയായിരുന്നു. പറയുക എന്നല്ല ആറ് മാസത്തോളം വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാതെ അച്ഛന്‍ സമരം ചെയ്തു.
അമ്മയും മകളും സിനിമയെ കുറിച്ച് എന്തെങ്കിലും പറയുമ്പോള്‍ എഴുന്നേറ്റ് പോകും. വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കില്ല. അമ്മ എത്ര പറഞ്ഞിട്ടും കേള്‍ക്കുന്നില്ല. അവസാനം ഹണി റോസ് തന്നെ മയത്തില്‍ പറഞ്ഞാണ് സമ്മതിപ്പിച്ചത്. അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛനാണ് കൂടെ പോകന്നത് എല്ലാം. എവിടെ പോയാലും ഞാന്‍ ഹണി റോസിന്റെ അച്ഛനാണ് എന്ന് അഭിമാനത്തോടെ പറയുകയും ചെയ്യും.
മോള്‍ കരഞ്ഞ് അഭിനയിക്കുന്ന സിനിമ ഒന്നും അച്ഛന് ഇഷ്ടമല്ല. അങ്ങനെയുള്ള സിനിമ കാണാറുമില്ല. ഹണി റോസ് അഭിനയിച്ചതില്‍ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ കുംബസാരം ആണ് എന്ന് പറഞ്ഞപ്പോള്‍, അത് താന്‍ കണ്ടിട്ടേയില്ല എന്നായിരുന്നു അച്ഛന്റെ പ്രതികരണം. അച്ഛന് ഇഷ്ടം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയാണത്രെ.
ഹണി റോസ് വീട്ടില്‍ ഭയങ്കര വഴക്കാളിയാണെന്നാണ് അമ്മ പറയുന്നത്. സിനിമയിലെ പോലെ തന്നെ വീട്ടിലും ഗംഭീര അഭിനയം ആണത്രെ. ദേഷ്യം വന്നാല്‍ കൈയ്യില്‍ കിട്ടുന്നത് എല്ലാം എടുത്തെറിയും. കരയുകയാണെങ്കില്‍ മുഖത്ത് സകല ഭാവങ്ങളും വന്ന് പോവും. കല്യാണക്കാര്യം പറയുന്നത് തന്നെ അവള്‍ക്ക് ഇഷ്ടമില്ല. എന്റെ ഏറ്റവും വലിയ ആഗ്രഹം അവളുടെ കല്യാണമാണ്. അത് പറഞ്ഞാല്‍ ഞങ്ങള്‍ വഴക്കാവും.
അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമാണെന്ന് ഹണി റോസ് പറയുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞ് മുപ്പത് വര്‍ഷത്തോളം ആയി എങ്കിലും ആ പ്രണയ കഥ മാത്രം തന്നോട് പറഞ്ഞിട്ടില്ല എന്ന് നടി പറഞ്ഞു. അമ്മയാണ് ആ പ്രണയ കഥ പറഞ്ഞത്. പന്ത്രണ്ടാം വയസ്സില്‍ ഹണി റോസിന്റെ അമ്മയുടെ വീടിനടുത്ത് സ്ഥലം മാറി വന്നതാണ് അച്ഛനും കുടുംബവും. അവിടെ വച്ച് കണ്ട് ഇഷ്ടം പറഞ്ഞു. പത്ത് വര്‍ഷത്തോളം പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നുവത്രെ.
അമ്മ വഴക്ക് പറഞ്ഞതിന്റെ പേരില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹണി ഹോസ്റ്റലില്‍ പോയി താമസിക്കാന്‍ തുടങ്ങിയിരുന്നു. അച്ഛനും ഹണിക്ക് കൂട്ട് നിന്നിരുന്നു. ഭയങ്കര പ്രാര്‍ഥനയും ഭക്തിയുമുള്ള കുട്ടിയാണ് ഹണി റോസ്. നിര്‍ധനരായവരെ സഹായിക്കാന്‍ ഹണിക്ക് ഒരു മടിയുമില്ല. ഞാന്‍ തടഞ്ഞാലും അവള്‍ ചെയ്യും. നല്ല വിനയവുമുള്ള കുട്ടിയാണ്. സിനിമയിലെന്നപോലെ വീട്ടില്‍ വന്നും ഹണി അഭിനയിക്കും. ദേഷ്യം വന്നാല്‍ വീട്ടില്‍ ഭദ്രകാളിയാണ്’ എന്നുമാണ് ഹണി റോസിന്റെ അമ്മ പറഞ്ഞത്.
അതേസമയം, മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് ഹണിയുടേതായി മലയാളത്തില്‍ പുറത്തെത്തിയത്. നന്ദമൂരി ബാലകൃഷ്ണയുടെ ആക്ഷന്‍ തെലുങ്ക് ചിത്രം വീര സിംഹ റെഡ്ഡിയില്‍ ശ്രുതി ഹാസനും ഹണി റോസുമാണ് നായികമാര്‍. മലയാളത്തില്‍ നിന്ന് ലാലും പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ പ്രീ റിലീസ് ചടങ്ങിലെത്തി തെലുങ്കില്‍ പ്രസംഗിച്ച് ആരാധകരെ കൈയ്യിലെടുത്തിരുന്നു ഹണി റോസ്.
