Actress
വളരെയേറിയ വിഷമഘട്ടത്തിലൂടെ കടന്നുപോയതിനുശേഷം വീണ്ടും ജനങ്ങളുടെ സ്നേഹം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞപ്പോൾ വലിയ സമാധാനമുണ്ട്; ഹണി റോസ്
വളരെയേറിയ വിഷമഘട്ടത്തിലൂടെ കടന്നുപോയതിനുശേഷം വീണ്ടും ജനങ്ങളുടെ സ്നേഹം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞപ്പോൾ വലിയ സമാധാനമുണ്ട്; ഹണി റോസ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി ഹണി റോസ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതും ബോബിയെ പോലീസ് അറസ്റ്റ് ചെയ്തതുമെല്ലാം വാർത്തയായത്. പിന്നാലെ ഈ സംഭവം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. നിവധി പേരാണ് ഇതിൽ പ്രതികരണവുമായും രംഗത്തെത്തിയിരുന്നത്. ഹണി റോസിനെതിരെ പലരും സോഷ്യൽ മീഡിയയിലൂടെ ബോഡി ഷെയ്മിഗും മറ്റും നടത്തുകയും ചെയ്തിരുന്നു.
ഇപ്പോഴും താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്ന് വരുന്നുണ്ട്. താരം പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികളിൽ ആരും പങ്കെടുക്കരുതെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനെയെല്ലാം തകിടം മറിയ്ക്കുന്ന വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം പുറത്തെത്തിയത്. ഒരു ഇലക്ട്രോണിക് ഷോപ്പിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്‌ഘാടനത്തിനായി പാലക്കാടായിരുന്നു ഹണി റോസ് എത്തിയത്.
നടിയെ കാണാനായി വൻ ജനകൂട്ടമാണ് തടിച്ച് കൂടിയത്. ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ തന്നെ ഹണി റോസിനെ കാണാൻ ആരും എത്തിയില്ലെന്ന തരത്തിലുള്ള പ്രചാരണം സോഷ്യൽ മീഡിയയിലൂടെ താരത്തെ എതിർക്കുന്നവർ അഴിച്ചുവിടുകയും ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ ഹണിയെ കാണാനായി സ്ത്രീകളും പെൺകുട്ടികളും അടക്കം വൻ ജനക്കൂട്ടമാണ് ഷോറൂമിന് മുന്നിൽ തടിച്ച് കൂടിയത്.
ആരാധകരുടെ ഈ പിന്തുണ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു ആൾക്കൂട്ടം കണ്ടുള്ള ഹണി റോസിന്റെ പ്രതികരണം. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകരണമാണ് അവിടെ തനിക്ക് ലഭിച്ചതെന്നാണ് ഹണി റോസ് പാലക്കാട്ടെ ഉദ്ഘാടനത്തെക്കുറിച്ച് മനോരമ ന്യൂസിനോട് വ്യക്തമാക്കിയത്.
ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയതിന് ശേഷം സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ നേരിട്ടു. ഇനി ഇത്തരം പരിപാടികൾക്ക് എത്തിയാൽ കാണാനായി ആരും വരില്ല എന്നൊക്കെയായിരുന്നു കമന്റുകൾ. എന്നാൽ അതിലൊന്നും യാതൊരു കാര്യവുമില്ലെന്ന് തെളിയിക്കുന്ന സ്വീകരണമായിരുന്നു പാലക്കാടേതെന്നും താരം വ്യക്തമാക്കുന്നു.
ചേച്ചിമാരും കോളേജിൽ പഠിക്കുന്ന പിള്ളേരുമൊക്കെയായി നിരവധി ആളുകളാണ് എന്നെ സ്വീകരിക്കാനായി അവിടെ എത്തിയത്. എല്ലാവരും ഒരുമിച്ച് വളരെ ആഘോഷപൂർവ്വം തന്നെ ആ ചടങ്ങ് പൂർത്തിയാക്കി. എല്ലാവരുടെ ഭാഗത്ത് നിന്നും വലിയ സ്നേഹമാണ് എനിക്ക് അനുഭവിക്കാൻ സാധിച്ചത്. വളരെയേറിയ വിഷമഘട്ടത്തിലൂടെ കടന്നുപോയതിനുശേഷം വീണ്ടും ജനങ്ങളുടെ സ്നേഹം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞപ്പോൾ വലിയ സമാധാനമുണ്ട്. എന്നെ പിന്തുണച്ച മാധ്യമങ്ങളോടും പൊതുജനങ്ങളോടും ഒരുപാട് നന്ദിയും സ്നേഹവുമുണ്ടെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.
അതേസമയം, ജയിലിലായിരുന്ന ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർ സസ്പെൻഷനിലായിരുന്നു. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരാണ് സസ്പെൻഷനിൽ ആയത്.
ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിൻറെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്ർറെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയായതിനാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.
കർശന ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാത്രി ഏഴരയോടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സമയം അനുവദിച്ചിരുന്നത്. ബുധനാഴ്ച രാവിലെ 10.15ന് പ്രതിഭാഗം അഭിഭാഷകർ ഉൾപ്പെടെയുള്ളവരോട് ഹാജരാകാൻ കോടതി നിർദേശിച്ചു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെ തിരക്കിട്ട് ജയിലിൽ നിന്ന് പുറത്തെത്തിച്ചത്. വിവിധ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ ആകാത്തവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഇയാൾ ജയിലിൽ തുടർന്നത്.
