Malayalam
ഹേമ കമ്മിറ്റി റിപ്പോർട്ട് എത്താൻ ദിവസങ്ങൾ മാത്രം; എത്തുന്നത് സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി
ഹേമ കമ്മിറ്റി റിപ്പോർട്ട് എത്താൻ ദിവസങ്ങൾ മാത്രം; എത്തുന്നത് സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നത്. റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഇപ്പോഴിതാ റിപ്പോർട്ട് 17ന് പുറത്തുവിടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും റിപ്പോർട്ട് പുറത്ത് വിടുകയെന്നാണ് സൂചന.
നേരത്തെ റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നാലെ ഹൈക്കോടതി ഹർജി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവിടാനുള്ള സർക്കാർ തീരുമാനം. 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവിടുക.
പേജ് നമ്പർ 49 ലെ ചിലഭാഗങ്ങൾ, പേജ് 81 മുതൽ 100 വരെ, ചില മൊഴികൾ, സ്വകാര്യതയെ ബാധിക്കുന്ന മറ്റ് കാര്യങ്ങൾ എന്നിവയുൾപ്പെടെയാണ് ഒഴിവാക്കുന്നത്. കഴിഞ്ഞ 24ന് ഇതേരീതിയിൽ തന്നെയാണ് റിപ്പോർട്ട് പുറത്ത് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെയായിരുന്നു അന്ന് നിർമാതാവ് സ്റ്റേ വാങ്ങിയത്.
റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മൊഴി നൽകിയവരുടെ ജീവ നു തന്നെ ഭീഷ ണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കൊച്ചി സ്വദേശിയായ സിനിമ നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്.
അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു.
നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. റിപ്പോർട്ട് പബ്ലിഷ് ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം പിന്നീട് അധികൃതർ അഭിപ്രായം മാറ്റുകയായിരുന്നുവെന്ന് പാർവതി തിരുവോത്ത് നേരത്തെ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.