Hollywood
ഹോളിവുഡ് മുൻ നിർമാതാവ് ഹാർവി വെയ്ൻസ്‌റ്റെയിന് അപൂർവ അർബുദം; ജയിലിൽ ചികിത്സയിൽ!
ഹോളിവുഡ് മുൻ നിർമാതാവ് ഹാർവി വെയ്ൻസ്‌റ്റെയിന് അപൂർവ അർബുദം; ജയിലിൽ ചികിത്സയിൽ!
മീടൂ ആരോപണത്തിൽ കുടുങ്ങിയ ഹോളിവുഡ് മുൻ നിർമാതാവ് ഹാർവി വെയ്ൻസ്‌റ്റെയിന് അപൂർവ അർബുദമെന്ന് വിവരം. വെയിൻസ്റ്റീന് അസ്ഥി മജ്ജയിൽ ക്യാൻസർ സ്ഥിരീകരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർച്ചയായ ലൈം ഗിക ആരോപണങ്ങളിൽ കുപ്രസിദ്ധനാണ് 72 കാരനായ ഹാർവി വെയ്ൻസ്‌റ്റെയിൻ.
നിലവിൽ ന്യൂയോർക്കിലെ റൈക്കേഴ്‌സ് ഐലൻഡിലെ ജയിലിൽ കഴിയുകയാണ് അദ്ദേഹം. ഇപ്പോൾ അവിടെ തന്നെ ചികിത്സയിൽ തുടരുകയാണ്. 2017ലാണ് ഹാർവി വെയ്ൻസ്റ്റീന് എതിരെയുള്ള ആരോപണങ്ങൾ ഉയരുന്നത്. ഈ തുറന്നു പറച്ചിൽ ലോക വ്യാപകമായ മീടൂ ക്യാമ്പെയ്ന് തുടക്കം കുറിച്ചിരുന്നു.
2017 നിരവധി സ്ത്രീകളായിരുന്നു വെയ്ൻസ്റ്റീനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. 2017 ഒക്ടോബറിൽ, ദ ന്യൂയോർക്ക് ടൈംസും ന്യൂയോർക്കറും ചേർന്ന് ഹാർവിയുടെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് ദി വെയ്ൻസ്‌റ്റൈൻ കമ്പനിയിൽ നിന്ന് ഹാർവിയെ പുറത്താക്കി.
അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിൽ നിന്നും മറ്റ് പ്രൊഫഷണൽ അസോസിയേഷനുകളിൽ നിന്നും സമാനമായ നടപടി ഉണ്ടായി. ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക് സിറ്റി, ലണ്ടൻ എന്നിവിടങ്ങളിലായി കുറഞ്ഞത് ആറ് സ്ത്രീകളുടെ പരാതികളിൽ ക്രിമിനൽ അന്വേഷണം നടന്നു.
2018 മെയ് മാസത്തിൽ, വെയ്ൻസ്‌റ്റൈനെ ന്യൂയോർക്കിൽ വെച്ച് അറസ്റ്റ് ചെയ്യുകയും ബലാത്സംഗത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും കുറ്റം ചുമത്തുകയും ചെയ്തു. ഹാർവിക്കെതിരായ കേസിനെ തുടർന്ന് #Metoo എന്ന ഹാഷ്ടാഗിന് കീഴിൽ സോഷ്യൽ മീഡിയയിൽ സ്വന്തം അനുഭവങ്ങൾ പങ്കുവെക്കാൻ ഇത് ധാരാളം സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
2020 ഫെബ്രുവരിയിൽ ഹാർവി വെയ്ൻസ്റ്റീനെ ബലാത്സംഗ കേസിൽ കോടതി ശിക്ഷിച്ചിരുന്നു. തുടർന്ന് ന്യൂയോർക്ക് സുപ്രീംകോടതി വിധി റദ്ദാക്കുകയും ചെയ്തു. 2022 ൽ ലോസ് ഏഞ്ചൽസിൽ മറ്റൊരു ബലാത്സംഗ കേസിൽ ശിക്ഷിപ്പെട്ട് 72കാരനായ വെയ്ൻസ്റ്റീൻ ജയിലിൽ കഴിയുകയാണ്.