Malayalam
രാത്രിയിൽ പടക്കം പൊട്ടുന്ന പോലെയാണ് ഫ്ലോർ ടൈൽ പൊട്ടിയത്, എല്ലാമുറികളിലെയും ടൈലുകൾ ഇളകി, അടുക്കളയിലെ കബോർഡുകൾ എല്ലാം നശിച്ചു; വീടന്റെ ദുരവസ്ഥയെ കുറിച്ച് ഹരിശ്രീ അശോകൻ
രാത്രിയിൽ പടക്കം പൊട്ടുന്ന പോലെയാണ് ഫ്ലോർ ടൈൽ പൊട്ടിയത്, എല്ലാമുറികളിലെയും ടൈലുകൾ ഇളകി, അടുക്കളയിലെ കബോർഡുകൾ എല്ലാം നശിച്ചു; വീടന്റെ ദുരവസ്ഥയെ കുറിച്ച് ഹരിശ്രീ അശോകൻ
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ റോളുകളിലാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ക്യാരക്ടർ റോളുകളാണ് ഹരിശ്രീ അശോകനെ തേടിയെത്തുന്നതും. മിന്നൽ മുരളി എന്ന ചിത്രത്തിൽ ദാസൻ എന്ന കഥാപാത്രമായി ഹരിശ്രീ അശോകന്റെ പ്രകടനം വളരെ മികച്ചതായിരുന്നു.
വർഷങ്ങളോളം സിനിമയിൽ രാപ്പകൽ ഇല്ലാതെ അധ്വാനിച്ച് നിർമിച്ച സ്വപ്നഭവനത്തിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നടനും കുടുംബവും. വീടിന്റെ ഫർണിഷിങ്, ഫ്ലോറിങ് ഘട്ടത്തിൽ അത് ചെയ്തവർ വരുത്തിയ പിഴവുകൾ മൂലം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ് അശോകന്റെ പഞ്ചാബി ഹൗസ്.
തനിക്ക് മലയാള സിനിമയിൽ ഒരിടം കണ്ടെത്തിതന്ന ചിത്രമായ പഞ്ചാബി ഹൗസിന്റെ ഓർമക്കായി ആ പേര് തന്നെയാണ് വീടിനും അശോകൻ നൽകിയത്. ഇപ്പോഴിതാ അശോകന്റെ ഈ വീടിന്റെ ദുരവസ്ഥയാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. അച്ഛനും അമ്മയും ഒമ്പത് മക്കളും അടങ്ങുന്ന കുടുംബത്തിലാണ് ഞാൻ ജനിച്ച് വളർന്നത്. രണ്ടുമുറി വീട്ടിലാണ് ഞങ്ങളെല്ലാം ദീർഘകാലം ജീവിച്ചത്.
പിന്നീട് ഞാൻ മിമിക്രി വഴി സിനിമയിലെത്തി. രാവും പകലുമെന്നില്ലാതെ കഷ്ടപ്പെട്ടു. അങ്ങനെ കൊച്ചിയിലെ ചെമ്പുമുക്കിൽ പത്ത് സെന്റ് സ്ഥലം വാങ്ങി. മകളുടെ ആഗ്രഹമായിരുന്നു നല്ലൊരു വീട് വെച്ചതിനുശേഷം മതി വിവാഹമെന്നത്. അങ്ങനെ ഞങ്ങൾ സ്വപ്നം പോലെയൊരു വീട് വച്ചു. പക്ഷെ ആ സന്തോഷത്തിന് അധികകാലം ആയുസുണ്ടായിരുന്നില്ല.
വീട് വെക്കാൻ തുടങ്ങിയപ്പോൾ മുതൽ ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. അത് പിന്നീട് ഞങ്ങൾ തരണം ചെയ്തു. മകളുടെ കല്യാണം നടക്കുന്നത് വരെ വീടിന് കുഴപ്പമില്ലായിരുന്നു. ഒരു മനുഷ്യായുസ്സിലെ സമ്പാദ്യവും സ്വപ്നവും കൊണ്ടാണ് ഒരാൾ വീടുപണിയുന്നത്. പക്ഷെ വീടുപണിയിൽ സംഭവിച്ച പിഴവുമൂലം ഞാനും കുടുംബവും അനുഭവിച്ച മാനസിക വിഷമം വിവരിക്കാവുന്നതിലും അപ്പുറമാണ്.
വീടിന്റെ ഫർണിഷിങ്, ഫ്ലോറിങ് ഘട്ടത്തിൽ സംഭവിച്ച പിഴവാണ് പ്രശ്നങ്ങൾക്ക് കാരണം. ഫർണിഷിങ് പൂർത്തിയായി കുറച്ചുവർഷം കഴിഞ്ഞപ്പോൾ ഒരു രാത്രിയിൽ പടക്കം പൊട്ടുന്ന പോലെയൊരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയുണർന്നു. മുകളിൽ കയറി നോക്കുമ്പോൾ ഒരു ഫ്ലോർ ടൈൽ പൊട്ടി പൊങ്ങിനിൽക്കുന്നതാണ് കണ്ടത്. പണി ചെയ്തയാളെ വിളിച്ച് പറഞ്ഞു. പക്ഷെ മാസങ്ങൾ കഴിഞ്ഞാണ് അവർ വന്നത്.
വന്നവർ വീണ്ടും ലേബർ ചാർജും മെറ്റീരിയൽ ചാർജും ചോദിച്ചു. ഞാൻ സമ്മിതിച്ചില്ല. അവർ മടങ്ങി. അങ്ങനെയാണ് കൺസ്യൂമർ കോടതിയിൽ പരാതി കൊടുക്കുന്നത്. പിന്നീട് മറ്റിടങ്ങളിലെ ടൈലുകളും പൊട്ടിപ്പൊളിയാൻ തുടങ്ങി. വിടവുകളിൽക്കൂടി വെള്ളവും മറ്റും വരാനും തുടങ്ങി. എല്ലാമുറികളിലെയും ടൈലുകൾ ഇളകി. നടക്കാൻ പോലും ബുദ്ധിമുട്ടായി. അടുക്കളയിലെ കബോർഡുകൾ എല്ലാം നശിച്ചു.
പരാതിപ്പെട്ടതോടെ കൺസ്യൂമർ കോർട്ട് കമ്മീഷനെ വെച്ചു. അവർ വന്ന് പരിശോധിച്ച് ടൈൽ സാംപിൾ ശേഖരിച്ച് കൊണ്ടുപോയി. ടൈൽ വിരിച്ച സമയത്തുണ്ടായ ഗുരുതരമായ പിഴവാണ് ഇതിനുകാരണമെന്നാണ് അവരുടെ കണ്ടെത്തൽ. എന്റെ രണ്ട് മക്കളുടെയും വിവാഹം കഴിഞ്ഞു. അവർക്ക് കുട്ടികളുണ്ടായി. ആ കുട്ടികൾ ഈ വീട്ടിൽ ഒന്ന് മുട്ടിലിഴഞ്ഞിട്ടില്ല ഓടി നടന്നിട്ടില്ല. ഒരു പരിപാടികളും വീട്ടിൽ നടത്താൻ സാധിച്ചിട്ടില്ല.
സിനിമാ കഥ പറയാൻ ആരെങ്കിലും വിളിച്ചാലും വീട്ടിലേക്ക് ക്ഷണിക്കാതെ ഹോട്ടലിൽ വെച്ച് കാണും. അർജുന്റെ കുഞ്ഞ് ഈ വീട്ടിൽ നിൽക്കാറില്ല. തമ്മനത്ത് അവന്റെ ഭാര്യയുടെ വീട്ടിലാണ് കുട്ടി. വല്ലപ്പോഴും കൊണ്ടുവരും വൈകാതെ തിരിച്ച് കൊണ്ടുപോകും. എന്റേത് നല്ലൊരു വക്കീലായിരുന്നു. അദ്ദേഹം ഹാർഡ് വർക്ക് ചെയ്തതുകൊണ്ടാണ് വിജയം കിട്ടിയത്.
കോടതി വിധി വന്നതിനാൽ വീട്ടിൽ വീണ്ടും അറ്റകുറ്റപണികൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് തീരുമാനം. ടൈൽ, കബോർഡ് തുടങ്ങിയവയെല്ലാം മാറ്റി വീട് വീണ്ടും പുതിയതുപോലെയാക്കി മാറ്റാൻ വീണ്ടും ഒരുപാട് പണം ചിലവഴിക്കേണ്ടി വരും എന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞത്.