ഏതൊരമ്മയ്ക്കാണ് അങ്ങനെ ചെയ്യാൻ സാധിക്കുക ഈ വ്യാജ പ്രചരണം ഞങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു ; ഹൻസികയുടെ ‘അമ്മ
തെന്നിന്ത്യൻ സിനിമ ലോകത്തെ മുൻനിര നായിക ഹൻസിക മോട്‍വാനിയുടെ വിവാഹ വിശേഷങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗിലുണ്ടായിരുന്നത്. താരത്തിൻ്റെ വിവാഹ ആഘോഷങ്ങളും വിശേഷങ്ങളും ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ സ്‍ട്രീം ചെയ്യുന്നുണ്ട്.ടെലിവിഷൻ രംഗത്ത് ബാലതാരമായി പ്രശസ്തി നേടി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായികയായി മാറിയ താരമാണ് ഹൻസിക.
ബാലതാരമായി തിളങ്ങിയെങ്കിലും മുതിർന്നപ്പോൾ നടിയെ തേടി വലിയ അവസരങ്ങൾ ഹിന്ദിയിൽ നിന്നും വന്നിരുന്നില്ല. തെന്നിന്ത്യയിലെ താരമായെങ്കിലും എടുത്ത് പറയത്തക്ക റോളുകളൊന്നും ഹൻസികയ്ക്ക് ലഭിച്ചിരുന്നില്ല. സൂപ്പർ സ്റ്റാർ സിനിമകളിൽ വന്നു പോവുന്ന നായിക കഥാപാത്രങ്ങളാണ് ഹൻസിക ചെയ്തതിൽ ഭൂരിഭാഗവും. കരിയറിൽ ഇടക്കാലത്ത് വലിയ ഗോസിപ്പുകളും നടിക്ക് നേരെ വന്നിരുന്നു.
ഇതിലൊന്നാണ് ചെറിയ പ്രായത്തിൽ തന്നെ വളർച്ച് തോന്നി നായികയായി മാറാനായി ഹൻസിക ഹോർമോൺ ഇൻജെക്ഷൻ എടുത്തെന്ന പ്രചരണം. നടിയുടെ കുട്ടിക്കാലത്തെ ഫോട്ടോയും നായികയായ ശേഷമുള്ള ഫോട്ടോയും ചേർത്ത് വെച്ചായിരുന്നു ഇത്തരം പ്രചരണം. ഹൻസികയുടെ അമ്മ ഒരു ഡെർമറ്റോളജിസ്റ്റുമാണ്. ഇതാണ് ഗോസിപ്പിന് ആക്കം കൂട്ടിയത്.
ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടിയും അമ്മ മോണ മോട്വാണിയും. ഇത്തരമൊരു വ്യാജ പ്രചരണം ഞങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു. വർഷങ്ങളോളം ഞങ്ങൾ നിശ്ബ്ദരായിരുന്നു. ഞാൻ ഇൻജെക്ഷൻ കൊടുത്തത് കൊണ്ടാണ് ഹൻസിക പെട്ടെന്ന് വളർന്നതെന്നാണ് ആളുകൾ ആരോപിച്ചത്. ഏത് ഇൻജെക്ഷനാണതെന്ന് പറ. ഞാനും കോടീശ്വരിയാവില്ലേ. ഞാനത് എല്ലാവർക്കും കൊടുക്കുകയും പണമുണ്ടാക്കുകയും ചെയ്യും.
ഏതൊരമ്മയ്ക്കാണ് അങ്ങനെ ചെയ്യാൻ സാധിക്കുക. അതുമല്ല, പെട്ടെന്ന് വളരാൻ സഹായിക്കുന്ന ഏതെങ്കിലും ഇൻജെക്ഷൻ യഥാർത്ഥത്തിലുണ്ടോ? ഹൻസികയുടെ അമ്മ മോണ ചോദിച്ചു. തനിക്ക് ഒരു ഇൻജെക്ഷന് പോലും പേടിയാണെന്നും പേടി മൂലം ടാറ്റൂ പോലും ചെയ്തിട്ടില്ലെന്നും ഹൻസികയും പറഞ്ഞു. ബിസിനസ്കാരൻ സുഹൈൽ കതൂര്യയാണ് ഹൻസികയുടെ ഭർത്താവ്. അടുത്തിടെയാണ് ഇവരുടെ വിവാഹം നടന്നത്.
ഇരുവരും നേരത്തെ ബിസിനസ് പങ്കാളികളായിരുന്നു. ഈ പരിചയമാണ് പിന്നീട് പ്രണയത്തിലേക്കെത്തുകയായിരുന്നു. സുഹൈൽ ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതാണ്. വിവാഹ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് ഹൻസിക തിരികെ സിനിമാ ഷൂട്ടിംഗിലേക്ക് കടക്കുകയും ചെയ്തു. വിവാഹ ശേഷവും സിനിമാ രംഗത്ത് തുടരാനാണ് ഹൻസിക തീരുമാനിച്ചിരിക്കുന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തിരുന്നത്. ഹൻസികയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ ദിവസം പാവപ്പെട്ട വീട്ടിലെ കുട്ടികളെ തന്റെ വിവാഹത്തിന് ഹൻസിക അതിഥി ആയി ക്ഷണിച്ചിരുന്നു. ഇത് വാർത്തകളിൽ ഇടം നേടി. പഴയത് പോലെ തിരക്ക് പിടിച്ച് സിനിമകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹൻസിക ചെയ്യാറില്ല.
ഇടയ്ക്ക് ചെറിയ ഇടവേളയും നടിയുടെ കരിയറിൽ വന്നിരുന്നു. വിജയ്, സൂര്യ ഉൾപ്പെടെയുള്ള താരങ്ങളോടൊപ്പമെല്ലാം ഇതിനകം നടി അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് ചില പരാജയങ്ങളും ഹൻസികയുടെ കരിയറിന് വന്നു. തെലുങ്കിലും നടിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ തെലുങ്ക് സിനിമകളിൽ ഹൻസികയെ കാണാറേയില്ല. മലയാളത്തിൽ വില്ലൻ എന്ന ഒരു സിനിമയിൽ മാത്രമാണ് ഹൻസിക അഭിനയിച്ചത്. മോഹൻലാലായിരുന്നു സിനിമയിലെ നായകൻ.