വിവാഹത്തിന് പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് ക്ഷണം ; മാതൃകയായി ഹൻസിക
തെന്നിന്ത്യന്‍ താര സുന്ദരിയായ ഹന്‍സിക മോട്‌വാനിയുടെയും സംരംഭകനായ സൊഹൈല്‍ ഖതൂരിയയുടെയും വിവാഹ വിശേഷങ്ങളാണ് സാമൂഹി മാധ്യമങ്ങൾ നിറയെ.അടുത്തിടെയാണ് ഹൻസികയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഈ മാസം വിവാഹിതയാവാൻ പോവുകയാണ് ഹൻസിക. ബിസിനസ്കാരനായ സൊഹൈൽ കത്യൂര്യ ആണ് ഹൻസികയുടെ ഭർത്താവ്. ഇരുവരും നേരത്തെ ഒരുമിച്ച് ബിസിനസ് ചെയ്തിട്ടുണ്ട്. ഇതിൽ നിന്നും ഉടലെടുത്ത സൗഹൃദത്തിന് ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിത വിവാഹ ദിവസം ഹൻസികയെടുത്ത തീരുമാനമാണ് ശ്രദ്ധ നേടുന്നത്. തന്റെ വിവാഹം കൂടാൻ ഹൻസിക ക്ഷണിച്ചിരിക്കുന്നത് ധനികരായ സിനിമാ താരങ്ങളെ അല്ല. പാവപ്പെട്ട വീട്ടിലെ കുട്ടികളെ ആണ്. ഹൻസികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉടുപ്പുകളും മറ്റും ലഭിച്ച കുട്ടികൾ സന്തോഷം പങ്കിടുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. നിരവധി എൻജിഒകളുമായി ചേർന്ന് ഹൻസിക പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കുട്ടികൾക്ക് വിവാഹ ദിവസമുള്ള ക്ഷണവും.
ഹൻസികയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. സിനിമകളിൽ തിരക്ക് പിടിച്ച് അഭിനയിച്ചിരുന്ന ഹൻസിക അടുത്തിടെ ആയി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നല്ല സിനിമകൾക്കായുള്ള കാത്തിരിപ്പിലായിരുന്നു നടി. ഇതിന് പുറമെ നിരവധി ബിസിനസിലെ തിരക്കുകളും ലോക്ഡൗണും ഹൻസികയുടെ ഇടവേള നീട്ടി. ബാലതാരമായി ഹിന്ദി പ്രേക്ഷകർക്ക് സുപരിചിത ആണ് ഹൻസിക.
കോയി മിൽ ഗയ എന്ന ഹിന്ദി സിനിമയിലുൾപ്പെടെ നടി അഭിനയിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ നായികയായും വന്നു. തെലുങ്കിൽ അല്ലു അർജുൻ ഉൾപ്പെടെ നിരവധി സൂപ്പർ സ്റ്റാറുകളുടെ കൂടെ ഹൻസിക അഭിനയിച്ചു. തമിഴിൽ വിജയ്, സൂര്യ തുടങ്ങിയവരുടെ ഹിറ്റ് നായിക ആയിരുന്നു ഹൻസിക. കരിയറിൽ ആദ്യ കാലത്ത് സ്ഥിരം ഗ്ലാമറസ് വേഷങ്ങളായിരുന്നു നടി ചെയ്തിരുന്നത്. പിന്നീടാണ് സിനിമകളിൽ കുറേക്കൂടി സെലക്ടീവ് ആയത്.
നേരത്തെ വരൻ തന്നെ പ്രൊപ്പോസ് ചെയ്യുന്ന ഫോട്ടോ ഹൻസിക പങ്കുവെച്ചിരുന്നു. സൊഹൈലിന്റെ രണ്ടാം വിവാഹമാണിത്. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഹൻസികയുടെ സുഹൃത്ത് ആണെന്നും ഇരുവരുടെയും വിവാഹത്തിൽ ഹൻസിക പങ്കെടുത്തിരുന്നെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിനോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്ന കാലത്തും ഹൻസികയ്ക്കെതിരെ ഗോസിപ്പുകൾ വന്നിരുന്നു.
നടൻ ചിമ്പുവുമായുള്ള പ്രണയമായിരുന്നു ഇതിലൊന്ന്. കുറച്ച് നാളത്തെ പ്രണയത്തിന് ഒടുവിൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയലിന് ശേഷവും ഇരുവരും സുഹൃത്തുക്കളായി തുടർന്നു. വ്യക്തി ജീവിതത്തിൽ വളരെ സ്വകാര്യത കാണിക്കുന്ന നടിയാണ് ഹൻസിക. ചിമ്പുമായുള്ള ഗോസിപ്പ് പരന്ന ശേഷം ഇക്കാര്യത്തിൽ നടി പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു.
