Malayalam
26 വർഷങ്ങൾക്ക് ശേഷം ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും വീണ്ടും കണ്ടുമുട്ടി; വൈറലായി ചിത്രങ്ങൾ
26 വർഷങ്ങൾക്ക് ശേഷം ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും വീണ്ടും കണ്ടുമുട്ടി; വൈറലായി ചിത്രങ്ങൾ
1998ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. തിയേറ്ററുകളിൽ നിന്നും ബ്ലോക്ക്ബസ്റ്റർ വിജയമാണ് ഈ ചിത്രം നേടിയത്. ഹരിയും കൃഷ്ണനുമായി മോഹൻലാലും മമ്മൂട്ടിയും മൽസരിച്ചഭിനയിച്ചപ്പോൾ നായികയായി എത്തിയത് ജൂഹി ചൗള ആയിരുന്നു. നടിയുടെ പ്രകടനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി.
സിനിമ റിലീസ് ചെയ്ത് 26 വർഷങ്ങൾക്ക് ശേഷം ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. നടൻ യദുകൃഷ്ണൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചൊരു ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറലാകുന്നത്. ‘ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും, സിനിമ ഹരികൃഷ്ണൻസ്’ എന്ന അടിക്കുറിപ്പോടെയാണ് യദു ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, കൃഷ്ണ പ്രസാദ്, സുധീഷ് എന്നിവരാണ് ചിത്രത്തിലുള്ളത്. ‘അമ്മ’ സംഘടനയുടെ ജനറൽ ബോഡി മീറ്റിങിനിടെ പകർത്തിയ ചിത്രമാണിത്. നിരവധി പേരാണ് കമൻ്റുകളുമായി എത്തിയിരിക്കുന്നത്. മോഹിനിവർമയെ കാണാൻ വേണ്ടി മാത്രം സിനിമ കണ്ടു, കൃഷ്ണ എവിടെ,
ചിത്രത്തിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു ഗസ്റ്റ് റോൾ ആയിരുന്നു കുഞ്ചാക്കോ ബോബന്റേത്. യദു കൃഷ്ണൻ, കൃഷ്ണ പ്രസാദ്, സുധീഷ്, കൃഷ്ണ തുടങ്ങിയവരാണ് ചാക്കോച്ചന്റെ സുഹൃത്തുക്കളായി സിനിമയിൽ എത്തിയത്. ഗുപ്തന്റെ മോഹിനിയും കൂട്ടുകാരുമായാണ് ഇവർ സിനിമയിൽ എത്തിയത്.
ഇന്നും ടെലിവിഷൻ ചാനലുകളിൽ വന്നാൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. ഒചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണവം ആർട്സിന്റെ ബാനറിൽ മോഹൻലാൽ തന്നെയാണ് ചിത്രം നിർമ്മിച്ചത്.
സിനിമ ആ വർഷം എറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും മാറിയിരുന്നു. ഹരികൃഷ്ണൻസ് പിന്നീട് തമിഴിലേക്കും മൊഴി മാറ്റിയിരുന്നു. ഹരികൃഷ്ണൻസിലെ ഇരട്ട ക്ലൈമാക്സ് പിന്നീട് വലിയ ചർച്ചാ വിഷമായി മാറി.
മമ്മൂട്ടി, മോഹൻലാൽ ആരാധകരെ ഒരേപോലെ സംതൃപ്തിപ്പെടുത്താൻ രണ്ട് പേർക്കും ജൂഹി ചൗളയെ കിട്ടുന്ന രീതിയിൽ ഇരട്ട ക്ലൈമാക്സാണ് ഫാസിൽ ചിത്രീകരിച്ചത്. നായികയായ ജൂഹി ചൗള ആരുടെ പ്രണയം സ്വീകരിക്കും എന്നതായിരുന്നു ഹരികൃഷ്ണൻസിലെ ക്ലൈമാക്സ്. ഇത് ചില തിയ്യേറ്ററുകളിൽ സിനിമ കണ്ടവർ മോഹൻലാലിന് ജൂഹിയെ ലഭിക്കുന്നതായി കണ്ടു. മറ്റ് ചില തിയേറ്ററുകളിൽ മമ്മൂട്ടിക്ക് ജൂഹിയെ ലഭിക്കുന്നതായും കാണിച്ചു.
അതേസമയം സെൻസർ ബോർഡിന് അയച്ച കോപ്പിയിൽ മോഹൻലാലിന് നായികയെ ലഭിക്കുന്നതാണ് അണിയറ പ്രവർത്തകർ അയച്ചത്. മൊത്തം 32 പ്രിന്റുകളായിരുന്നു അന്ന് സിനിമയുടെതായി റിലീസ് ചെയ്തത്. അതിൽ 16 എണ്ണത്തിന്റെ ക്ലൈമാക്സ് മമ്മൂട്ടിയും ജൂഹിയും ഒന്നിക്കുന്നതും, മറ്റ് പതിനാറ് എണ്ണം മോഹൻലാലിന് ജൂഹിയെ ലഭിക്കുന്നതായും ഉൾപ്പെടുത്തി.
ഇതിന് പുറമെ മൂന്നാമതൊരു ക്ലൈമാക്സ് കൂടി ഫാസിൽ ഒരുക്കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഷാരൂഖ് ഖാന് ജൂഹി ചൗളയെ ലഭിക്കുന്നതായിട്ടായിരുന്നു ആ ക്ലൈമാക്സ്. എന്നാൽ ഈ ക്ലൈമാക്സ് കേരളത്തിലെ തിയ്യേറ്ററുകളിൽ കാണിച്ചിരുന്നില്ല.
മമ്മൂട്ടിയും മോഹൻലാലും ഷാരൂഖും ജൂഹിയും ഒരുമിച്ചുളള ഒരു ചിത്രം മുൻപ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധക ഗ്രൂപ്പുകളിലെല്ലാം മുൻപ് ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.