News
‘അമ്മ’യ്ക്ക് ജിഎസ്ടി നോട്ടീസ്, 2017 മുതലുള്ള ജിഎസ്ടി അടയ്ക്കണം
‘അമ്മ’യ്ക്ക് ജിഎസ്ടി നോട്ടീസ്, 2017 മുതലുള്ള ജിഎസ്ടി അടയ്ക്കണം
താരസംഘടനയായ ‘അമ്മ’യ്ക്ക് ജിഎസ്ടി നോട്ടീസ്. സ്‌റ്റേജ് ഷോകളില്‍ നിന്ന് അടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നല്‍കാനാണ് നോട്ടീസില്‍ നിര്‍ദേശിക്കുന്നത്. ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജിഎസ്ടി നല്‍കണമെന്നാണ് നിര്‍ദേശം.
2017 മുതലുള്ള ജിഎസ്ടിയാണ് അടയ്‌ക്കേണ്ടത്. ഈ വിഷയത്തോട് അമ്മ ഭാരവാഹികള്‍ പ്രതികരിച്ചിട്ടുമുണ്ട്. അധികൃതര്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം, ‘അമ്മ’യില്‍ നിന്ന് പുറത്തുപോയ നടിമാരെ തിരികെ സ്വീകരിക്കുന്നതില്‍ സന്തോഷമെന്ന് നടനും സംഘടന പ്രസിഡന്റുമായ മോഹന്‍ലാല്‍ അടുത്തിടെ പറഞ്ഞിരുന്നു. സംഘടനയില്‍ നിന്ന് പുറത്ത് പോയവരോട് വ്യക്തിപരമായ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അവര്‍ തിരികെ വരുന്നതില്‍ സന്തോഷമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സംഘടന തന്റെതല്ലെന്നും അതില്‍ പ്രസിഡന്റ് എന്ന പദവി മാത്രമേ തനിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിലേയ്ക്ക് തിരികെയെത്തുന്നവര്‍ അതിനായി അപേക്ഷ നല്‍കണമെന്നതാണ് സംഘടനാ ചട്ടമെന്നും അദ്ദേഹം പറഞ്ഞു. പുറത്തുപോയവരോട് സംഘടനയില്‍ ആര്‍ക്കും വ്യക്തിപരമായ പ്രശ്‌നങ്ങളില്ല.
മോഹന്‍ലാലിന്റേതല്ല അമ്മ സംഘടന, ഉള്ളത് പ്രസിഡന്റ് പദവി മാത്രം. മാനദണ്ഡങ്ങളിലൂടെ മാത്രമേ സഞ്ചരിക്കാനാകൂ. പുറത്തായയാള്‍ എങ്ങനെയാണ് തിരികെയെത്തുന്നത് എന്നതിനൊരു സിസ്റ്റമുണ്ട്. അതിലൂടെ അവര്‍ക്ക് വരാം. ആര്‍ക്കും അതിലൊരു എതിരഭിപ്രായമില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
