അച്ഛന് വോട്ടു പിടിച്ചത് പകയായി; മനഃപൂർവ്വം ഷൂട്ടിംഗ് വൈകിപ്പിച്ചു; വെളിപ്പെടുത്തത്തലുമായി ഗോകുൽ സുരേഷ്
ലോക്സഭാ തെരെഞ്ഞെടുപ്പിൽ തന്റെ അച്ഛന് വേണ്ടി പ്രചാരണം നടത്തിയതിന്റെ പേരിൽ നിർമ്മാതാക്കൾ ഷൂട്ടിങ് വൈകിപ്പിക്കുന്നതായി നടൻ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. അച്ഛന് പിന്തുണയുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതോടെ സിനിമ നിര്‍മാതാക്കള്‍ ഷൂട്ടിങ് നീട്ടിക്കൊണ്ടുപോവുകയാണ് എന്നാണ് താരത്തിന്റെ ആരോപണം. സായാഹ്ന വാര്‍ത്തകള്‍ എന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെയാണ് ഗോകുൽ രംഗത്തെത്തിയിരിക്കുന്നത്.
ഈ ചിത്രത്തിലെ തന്റെ ലുക്കിന്റെ പൂര്‍ണതയ്ക്ക് വേണ്ടി മറ്റ് ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല എന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്. എന്നാല്‍ നിര്‍മാതാക്കള്‍ ഈചിത്രം പാതി വഴിയില്‍ ഉപേക്ഷിച്ച് മറ്റു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണെന്നും താരം ആരോപിച്ചു. അവരുടെ നീക്കങ്ങള്‍ തനിക്കെതിരെയാണെന്ന് സൂചനകള്‍ നല്‍കാതെ വളരെ സൂഷ്മമായാണ് നിര്‍മാതാക്കളുടെ പ്രവര്‍ത്തനം എന്നാണ് താരം പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞാന്‍ ബിജെപിക്കാരനല്ല. എന്നാല്‍ എന്റെ അച്ഛന് വേണ്ടി ഞാന്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. അച്ഛന്‍ 18 ദിവസമാണ് പ്രചരണം നടത്തിയത്. എന്നാല്‍ അതില്‍ ആറ് ദിവസം മാത്രമാണ് ഞാന്‍ പങ്കെടുത്തത്. ഒരു മകന്‍ എന്ന നിലയില്‍ അതില്‍ കുറഞ്ഞതൊന്നും എനിക്ക് ചെയ്യാനാവില്ല. എന്നാല്‍ ഇതുകൊണ്ട് നിര്‍മാതാക്കള്‍ അറിഞ്ഞുകൊണ്ട് അവരുടെ പ്രൊജക്‌ട് തന്നെ നീട്ടിക്കൊണ്ടുപോവുകയാണ്. ‘
എനിക്കെതിരെയല്ല അവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കാണിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതേസമയം തന്നെ ബിജെപി ബന്ധം കാരണം എന്നെ തന്നെയാണ് ലക്ഷ്യം വെക്കുന്നത്.’ ഗോകുല്‍ വ്യക്തമാക്കി.
താന്‍ ഷൂട്ടിങ്ങിന് സഹകരിക്കുന്നില്ലെന്ന് നിര്‍മാതാക്കള്‍ തനിക്കെതിരേ ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫ് കേരളയ്ക്ക് പരാതി നല്‍കിയെന്നാണ് ഗോകുൽ പറയുന്നത്. തന്റെ അച്ഛന്റെ ഓഫിസിന്റെ സഹകരണത്തില്‍ കൊല്‍ക്കത്തയില്‍ ഷൂട്ട് ചെയ്യാനുള്ള അനുവാദം വരെ വാങ്ങി നല്‍കിയെന്നും അത് താന്‍ സമര്‍പ്പിച്ച് തന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയായിരുന്നു എന്നാണ് ഗോകുലിന്റെ വാദം. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കൊല്‍ക്കത്തയില്‍ ബാക്കിയുള്ള മൂന്ന് ദിവസത്തെ ഷൂട്ട് ഈ മാസം 16 ന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
രാഷ്ട്രീയ പരിഹാസ ചിത്രമായാണ് സായാഹ്ന വാര്‍ത്തകള്‍ എത്തുന്നത്. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതിനാല്‍ ചിത്രം പരിഹസിക്കുന്നത് അവരെതന്നെയാണ്. എന്നാല്‍ എന്റെ അച്ഛന്‍ ബിജെപിക്കാരനായിട്ടും പാര്‍ട്ടിയെ കളിയാക്കിയിട്ടും ഈ ചിത്രത്തിന്റെ ഭാഗമാകാനുള്ള മനസ് ഞാന്‍ കാണിച്ചു. ഇപ്പോഴും ഇതുമായി മുന്നോട്ടുപോകാനാണ് എന്റെ തീരുമാനം. അതേപോലെ നിര്‍മാതാക്കളും പ്രൊഫഷണലായി പെരുമാറണം. എന്നാല്‍ അവര്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഞാന്‍ പ്രൊഫഷണല്‍ അല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് അവരുടെ ശ്രമം. ചിത്രം പൂര്‍ത്തിയാക്കി തീയറ്ററിൽ എത്തിക്കുന്നതിന് പകരം മറ്റു പല കാര്യങ്ങളിലാണ് അവരുടെ ശ്രദ്ധ’ ഗോകുല്‍ ആരോപിച്ചു. സെപ്റ്റംബര്‍- ഒക്ടോബറോടെ ചിത്രം തീയറ്ററിൽ എത്തിക്കും.
എന്നാല്‍ ഗോകുലിന്റെ ആരോപണങ്ങള്‍ നിര്‍മാതാക്കളില്‍ ഒരാളായ മെഹ്ഫൂസ് തള്ളി. നടനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും മറ്റ് ചില കാരണങ്ങള്‍കൊണ്ടാണ് ഷൂട്ടിങ് നീളുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും ഷൂട്ടിങ് ഉടന്‍ പുനരാരംഭിക്കുമെന്നും വ്യക്തമാക്കി.
gokul suresh- suresh gopi -election- cinema shoot delaying