Hollywood
ഫ്രഞ്ച് നടൻ അലൻ ദെലോ അന്തരിച്ചു
ഫ്രഞ്ച് നടൻ അലൻ ദെലോ അന്തരിച്ചു
സമുറായി, പർപ്പിൾ നൂൺ എന്ന് തുടങ്ങി ക്ലാസിക്ക് ഹിറ്റുകളിലൂടെ ലോകശ്രദ്ധ നേടിയ ഫ്രഞ്ച് നടൻ അലൻ ദെലോ അന്തരിച്ചു. 88 വയസായിരുന്നു പ്രായം. ഓഗസ്റ്റ് 18 ഞായറാഴ്ച പുലർച്ചയാടെയാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. കാൻസർ ചികിത്സയിലായിരുന്നു താരം. കുടുംബം തന്നെയാണ് മരണവാർത്ത പുറത്തുവിട്ടത്.
ഈ വർഷം ആദ്യം, അലൻ ദെലോയുടെ മകൻ ആന്റണി, അച്ഛന് ലിംഫോമ ബാധിച്ചെന്ന് വെളിപ്പെടുത്തിയത് വാർത്തയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് മാസങ്ങളായി പൊതുവേദിയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു അലൻ. നിരവധി പേരാണ് വിഖ്യാത നടന് ആദരാഞ്ജലികളുമായി എത്തിയത്.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ളവർ ഡെലോണിന് ആദരാഞ്ജലികൾ അർപ്പിച്ചു. 1960–80 കാലത്ത് യൂറോപ്യൻ സിനിമയിലെ സൂപ്പർതാരങ്ങളിലൊരായിരുന്നു ദെലോ. തന്റെ പതിനേഴാം വയസ്സിൽ ഫ്രഞ്ച് സൈന്യത്തിൽ ചേർന്ന അദ്ദേഹം രണ്ടാം ലോകയുദ്ധകാലത്ത് ഇന്തോചൈനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1960ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ സംവിധായകൻ ലുക്കിനോ വിസ്കോണ്ടിയുടെ റോക്കോ ആൻഡ് ബ്രദേഴ്സ് ആണ് ശ്രദ്ധേയമായ കഥാപാത്രം. എനി നമ്പർ കാൻ വിൻ, ദ് ലെപേഡ്, ദ് ഗോഡ്‌സൻ, ദ് സ്വിമ്മിങ് പൂൾ , ബോർസാലിനോ, സോറോ തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
ഫ്രാൻസിൽ തിരിച്ചെത്തി പോർട്ടറായി ജോലിചെയ്യുന്നതിനിടെ ഫ്രഞ്ച് നടൻ ഴാങ് ക്ലോദ് ബ്രൈലി ദെലോയെ പരിചയപ്പെടുന്നതോടെയാണ് സിനിമയിലേയ്ക്ക് എത്തുന്നത്.