ഇതിഹാസ റേസിങ് ചാമ്പ്യന്‍ നിക്കി ലോഡ അന്തരിച്ചു..
ഇതിഹാസ ഫോര്‍മുലവണ്‍ കാര്‍ റേസിങ് ചാമ്പ്യന്‍ നിക്കി ലോഡ അന്തരിച്ചു. മൂന്നുതവണ ലോക ചാമ്പ്യനായ ലോഡ അറിയപ്പെടുന്നത് 1976ല്‍ റേസിങ് ട്രാക്കില്‍ നടന്ന ഒരു അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടതിന് ശേഷമാണ്. 1976 ഓഗസ്റ്റ് ഒന്നിനായിരുന്നു ലോഡ ഡ്രൈവ് ചെയ്‍തിരുന്ന ഫെരാരി ജര്‍മ്മനിയിലെ ന്യൂര്‍ബര്‍ഗ്രിങ് റേസ് ട്രാക്കില്‍ നിന്ന് പുറത്തേക്ക് തെറിച്ച് തീപിടിച്ചത്. പിന്നാലെ എത്തിയ എതിരാളികളാണ് തീപിടിച്ച കാറില്‍ നിന്നും ലോഡയെ പുറത്തെടുത്തത്.
എന്നാല്‍ ആറ്‍ ആഴ്‍ച്ചകള്‍ക്ക് ശേഷം ആശുപത്രിക്കിടക്കയില്‍ നിന്ന് ലോഡ റേസ് ട്രാക്കില്‍ മടങ്ങിയെത്തി. ഇറ്റലിയിലെ മോന്‍സയില്‍ മത്സരിച്ചു. മുഖത്തും കൈകളിലും പൊള്ളേലേറ്റ് ശ്വാസകോശത്തില്‍ വിഷപ്പുകയുമായി മത്സരിച്ച ലോഡ റേസില്‍ നാലാമത് ഫിനിഷ് ചെയ്‍ത്‍ ഞെട്ടിച്ചു. ശരീരത്തില്‍ പലയിടങ്ങളിലായി ബാന്‍ഡേജുകള്‍ കെട്ടിയാണ് ലോഡ മത്സരിക്കാന്‍ ഇറങ്ങിയതെന്ന് ചരിത്രം.
അന്നത്തെ ലോഡയുടെ പ്രധാന ഏതിരാളി ജെയിംസ് ഹണ്ട് അവസാന റേസില്‍ പിന്മാറിയത് കൊണ്ട് ഹണ്ട് ലോകകിരീടം നേടിയിരുന്നു. മോട്ടോര്‍സ്‍പോര്‍ട്‍സ്‍ ചരിത്രത്തിന്‍റെ ഭാഗമായ ഈ ശത്രുത പിന്നീച് 2013ല്‍ റഷ് എന്ന പേരില്‍ ഹോളിവുഡ്‍ സിനിമയായി.
ജീവന്‍ തന്നെ നഷ്‍ടമാകുമായിരുന്ന അപകടത്തിന് ശേഷം അടുത്ത സീസണില്‍ ലോകകിരീടം നേടിയാണ് ലോഡ തിരിച്ചുവന്നത്. ആ വര്‍ഷം റേസിങ് കരിയര്‍ അവസാനിപ്പിച്ച ലോഡ ഒരിക്കല്‍ക്കൂടി തിരിച്ചെത്തിയത് 1982ല്‍ ആണ്. ബ്രിട്ടീഷ് ടീം മക്-ലാറനൊപ്പം മത്സരിച്ച ലോഡ, 1984ല്‍ തന്‍റെ മൂന്നാമത്തെ ഫോര്‍മുല വണ്‍ കിരീടം ചൂടി.
സ്വന്തമായി രണ്ട് വിമാനക്കമ്പനികളും നിക്കി ലോഡ തുടങ്ങിയിരുന്നു. ഈ രണ്ട് ബ്രാന്‍ഡുകളും പിന്നീട് വില്‍പ്പനയ്‍ക്ക് വെക്കുകയും ചെയ്‍തു. റേസ് ട്രാക്കില്‍ പറ്റിയ മുറിവുകള്‍ മറച്ചു പിടിക്കാന്‍ എപ്പോഴും ചുവപ്പ് തൊപ്പി ധരിച്ചാണ് ലോഡ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 1949 ഫെബ്രുവരി 22ന് ആണ് ആന്ദ്ര നിക്കോളാസ് എന്ന നിക്കി ലോഡ ഓസ്ട്രിയയിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ചത്.
formula-one-legend-niki-lauda dies…