Actor
ഫറ ഖാൻ്റെ അമ്മ മേനക ഇറാനി അന്തരിച്ചു
ഫറ ഖാൻ്റെ അമ്മ മേനക ഇറാനി അന്തരിച്ചു
കൊറിയോഗ്രാഫറായും സംവിധായികയായും ബോളവുഡ് പ്രേക്ഷകർക്കേറെ സുപരിചിതയാണ് ഫറ ഖാൻ. ഇപ്പോഴിതാ ഫറാ ഖാന്റെയും സംവിധായകൻ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി(79) അന്തരിച്ചുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. കുറച്ചുകാലമായി മേനക അസുഖബാധിതയായി ചികിത്സയിലായിരുന്നു. അമ്മയ്ക്കൊപ്പമുള്ള വിശേഷങ്ങൾ പങ്കുവെച്ച് ഫറ ഖാൻ രംഗത്തെത്തിയിരുന്നു.
ബാലതാരങ്ങളായ ദാസി ഇറാനിയുടെയും ഹണി ഇറാനിയുടെയും സഹോദരിയായിരുന്നു. സൽമാൻ ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാൻ അഭിനയിച്ച ബച്പൻ(1963) എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പിന്നീട് ചലച്ചിത്ര നിർമാതാവായ കമ്രാനെ വിവാഹം കഴിച്ചു.
അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ പങ്കെടുത്ത താരം ബാല്യത്തിൽ പിതാവ് കമ്രാൻ ഖാന്റെ മരണശേഷം താൻ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. പിതാവ് മരിക്കുമ്പോൾ കയ്യിലുണ്ടായിരുന്നത് 30 രൂപ മാത്രമാണെന്നും ശവസംസ്കാരം നടത്താൻ പണത്തിനായി അലഞ്ഞിരുന്നുവെന്നും ഫറ പറഞ്ഞിരുന്നു.
ബോളിവുഡിൽ ഏറ്റവും കഴിവുള്ള കൊറിയോഗ്രാഫറും സംവിധായികയുമെല്ലാമാണ് ഫറാ ഖാൻ. ഹാപ്പി ന്യൂ ഇയർ, ഓം ശാന്തി ഓം, മെയ് ഹൂ നാ എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഫറയുടെ സംഭാവനയാണ്.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഫറ ആറോളം ഫിലിംഫെയർ അവാർഡുകളും ദേശീയ അവാർഡും നേടിയിട്ടുണ്ട്. എഡിറ്ററായ ശ്രീഷ് കുന്ദറിനെയാണ് ഫറാ വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ വിവാഹം 2004ൽ ആയിരുന്നു. ഹിന്ദു-മുസ്ലിം ആചാരങ്ങൾ അനുസരിച്ചാണ് ഇവരുടെ വിവാഹം നടന്നത്.
നാൽപ്പത്തിമൂന്നാം വയസിൽ ഐവിഎഫ് ചികിത്സയിലൂടെയാണ് ഫറാ ഖാൻ അന്യാ, സിസാർ, ദിവാ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായത്. മാനസികമായും ശാരീരികമായും സജ്ജമായതിനുശേഷമാണ് അമ്മയാകാൻ തയ്യാറെടുക്കേണ്ടതെന്നാണ് ഫറയുടെ പക്ഷം. സമൂഹത്തിന്റെ സങ്കൽപത്തിന് അനുസരിച്ചല്ല മറിച്ച് തനിക്ക് എപ്പോഴാണോ വേണമെന്ന് തോന്നിയത് അപ്പോഴാണ് താൻ അമ്മയായതെന്നും താരം പറഞ്ഞിരുന്നു.