Malayalam
രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കും; ചലച്ചിത്ര അക്കാദമിയുടെ ഇത്തവണത്തെ സിനിമാ സെലക്ഷനെ കുറിച്ച് വിനയന്‍
രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കും; ചലച്ചിത്ര അക്കാദമിയുടെ ഇത്തവണത്തെ സിനിമാ സെലക്ഷനെ കുറിച്ച് വിനയന്‍
കഴിഞ്ഞ ദിവസങ്ങളായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലെ സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി സംവിധായകര്‍ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വരികയാണ്. തന്റെ സിനിമ കണ്ടുനോക്കാതെയാണ് ജൂറി തിരസ്‌കരിച്ചതെന്ന് ഷാജി ബാലഗോപാലനും അനില്‍ തോമസും ആരോപണമുന്നയിച്ചിരുന്നു.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരണമറിയിച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. മുന്‍പ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട് വിനയന്റെ സിനിമയായ പത്തൊന്‍പത്താം നൂറ്റാണ്ട് അവസാന ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കരുത് എന്ന തരത്തിലുള്ള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ ഇടപെടലിനെ ചോദ്യം ചെയ്ത് വിനയന്‍ രംഗത്തു വന്നിരുന്നു. രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കും എന്നാണ് വിനയന്‍ ഇപ്പോള്‍ പറയുന്നത്.
‘സംവിധായകരും ചലച്ചിത്ര അക്കാദമിയുടെ ഇത്തവണത്തെ സിനിമാ സെലക്ഷനിലെ അപാകതയെ കുറിച്ച് ഗുരുതരമായ ആക്ഷപം പറഞ്ഞിട്ടുള്ളതായി അറിയുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനോട് പരാതി പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല. ശ്രീ രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കുമെന്ന് കഴിഞ്ഞ സംസ്ഥാന അവാര്‍ഡ് സമയത്ത് അദ്ദേഹം തെളിയിച്ചതാണ്.
അവാര്‍ഡു നിര്‍ണയത്തില്‍ ചെയര്‍മാന്‍ അനാവശ്യമായി ഇടപെട്ടു എന്ന് ജൂറി അംഗമായ ശ്രീ നേമം പുഷ്പരാജ് തന്നെ വിളിച്ചു പറഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ അതില്‍ മൗനം തുടരുകയാണ് ശ്രീ രഞ്ജിത്. അദ്ദേഹം തന്നെ നിയമിച്ച ഇപ്പോഴത്തെ ഈ ജൂറി ചെയര്‍മാനെപ്പറ്റി എനിക്കു സഹതാപമേ ഉള്ളു.. അക്കാദമിക്കു പരിഹരിക്കാന്‍ പറ്റാതെ വരുമ്പോള്‍ പിന്നെ അഭയം സാംസ്‌കാരിക മന്ത്രിയാണല്ലോ? ബഹുമാനപ്പെട്ട മന്ത്രി അദ്ദേഹത്തിന്റെ ഇതിഹാസ സംവിധായകനെക്കൊണ്ട് വേഗം ഇതെല്ലാം പരിഹരിക്കും എന്നു പ്രതീക്ഷിക്കാം’ എന്നാണ് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
അതേസമയം ഐ. എഫ്. എഫ്. കെയിലേക്ക് അയച്ച ബ്രഹ്മപുരം മാലിന്യപ്ലാന്റ് പ്രമേയമായ ‘ഇതുവരെ’ എന്ന തന്റെ സിനിമ ജൂറി കണ്ടിട്ടില്ലെന്നാണ് സംവിധായകന്‍ അനില്‍ തോമസ് തെളിവുകള്‍ സഹിതം പറയുന്നത്. ചിത്രം കണ്ടാല്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും. കേരളത്തില്‍ എവിടെയും സിനിമയുടെ ലിങ്ക് തുറന്ന് കണ്ടതായി തെളിവില്ല. ഇത് വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് സംവിധായകന്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.