Bollywood
‘ഇരട്ട’യുടെ സംവിധായകന്‍ രോഹിത് എം ജി കൃഷ്ണന്‍ ബോളിവുഡിലേയ്ക്ക്…, നിര്‍മാണം ഷാരൂഖ് ഖാന്‍
‘ഇരട്ട’യുടെ സംവിധായകന്‍ രോഹിത് എം ജി കൃഷ്ണന്‍ ബോളിവുഡിലേയ്ക്ക്…, നിര്‍മാണം ഷാരൂഖ് ഖാന്‍
ജോജു ജോര്‍ജ് നായകനായ ‘ഇരട്ട’ എന്ന ചിത്രം ഒരുക്കിയ സംവിധായകന്‍ ആണ് രോഹിത് എം ജി കൃഷ്ണന്‍. ഇപ്പോഴിതാ ഇദ്ദേഹം ബോളിവുഡിലേയ്ക്ക് കടക്കുന്നതായാണ് വിവരം. ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് രോഹിത്തിന്റെ ആദ്യ ഹിന്ദി ചിത്രമൊരുങ്ങുന്നത്. രോഹിത് തന്നെയാണ് ഇക്കാര്യം ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
‘ഒരു തിരക്കഥ എഴുതാന്‍ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റില്‍ നിന്ന് എനിക്ക് ഒരു ഓഫര്‍ ഉണ്ട്. ഞാന്‍ ഇപ്പോള്‍ തിരക്കഥയുടെ പണിപ്പുരയിലാണ്. ഇതൊരു ബോളിവുഡ് ചിത്രമായിരിക്കും’, രോഹിത് പറഞ്ഞു.
ഈ ചിത്രം ഇരട്ടയുടെ റീമേക്കായിരിക്കില്ല എന്നും സിനിമയുടെ മറ്റ് വിവരങ്ങള്‍ ഇപ്പോള്‍ വിശദമാക്കാന്‍ സാധിക്കില്ല എന്നും സംവിധായകന്‍ വ്യക്തമാക്കി. ഇരട്ട തിയേറ്ററില്‍ നിന്ന് അധികം പ്രേക്ഷകര്‍ കണ്ടില്ലെങ്കിലും നെറ്റ്ഫ്‌ലിക്‌സ് പോലൊരു പ്ലാറ്റ്‌ഫോമിലൂടെ അത് കൂടുതല്‍ പ്രേക്ഷകരിലേക്കെത്തും എന്നതിന്റെ ആവേശത്തിലാണ് താന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരട്ട സഹോദരങ്ങളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന സിനിമയാണ് ഇരട്ട. ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
