Malayalam
ഇന്നസെന്റ് ചേട്ടന്‍ രണ്ട് മിനുട്ട് കൊണ്ട് ഇത്രയും ഭീകരമായ പ്രശ്‌നം പരിഹരിച്ചു, ദിലീപിന്റെ കണ്ടീഷന്‍ ഇതായിരുന്നു; ദിനേശ് പണിക്കര്‍
ഇന്നസെന്റ് ചേട്ടന്‍ രണ്ട് മിനുട്ട് കൊണ്ട് ഇത്രയും ഭീകരമായ പ്രശ്‌നം പരിഹരിച്ചു, ദിലീപിന്റെ കണ്ടീഷന്‍ ഇതായിരുന്നു; ദിനേശ് പണിക്കര്‍
വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ ആവുന്നതിലും അപ്പുറമാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ താരമാണ് അദ്ദേഹമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. മലയാള സിനിമയ്ക്ക് ഇന്നസെന്റിന്റെ വിയോഗം നികത്താനാവാത്തതാണ്.
ഹാസ്യ നടനായും സ്വഭാവനടനായും തിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്. ഇന്നസെന്റ് വിടവാങ്ങി ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഒരു വാക്കെങ്കിലും അദ്ദേഹത്തെക്കുറിച്ച് പറയാത്തവരോ എഴുതാത്തവരോ വിരളമായിരിക്കും.
ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് ഇന്നസെന്റിന്റെ മരണം. രണ്ട് തവണ അര്‍ബുദത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇന്നസെന്റ് ഇത്തവണയും മടങ്ങി വരുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ നടന്റെ മരണ വാര്‍ത്ത മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. ഇന്നസെന്റിന്റെ വിയോഗം ആരാധകര്‍ക്കും സിനിമാ ലോകത്തിനും കടുത്ത വേദനയായിരുന്നു.
ദിലീപുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന വ്യക്തിയാണ് അന്തരിച്ച നടന്‍ ഇന്നസെന്റ്. ഇന്നസെന്റിന്റെ മരണത്തില്‍ വിങ്ങിക്കരയുന്ന ദിലീപിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഈ സൗഹൃദത്തെക്കുറിച്ച് നേരത്തെ രണ്ട് പേരും സംസാരിച്ചിട്ടുണ്ട്. ദിലീപിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഇന്നസെന്റിന്റെ പിന്തുണയുണ്ടായിരുന്നു.
പാപ്പി അപ്പച്ചാ, കല്യാണ രാമന്‍ തുടങ്ങി ഒട്ടനവധി സിനിമകളില്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്കിടെ വിളിച്ച് സംസാരിക്കുന്നവരായിരുന്നു ദിലീപും ഇന്നസെന്റുമെന്നാണ് നടന്‍ സിദ്ദിഖ് അടുത്തിടെ പറഞ്ഞത്. ഇന്നസെന്റിന് അസുഖമാണെന്നത് പോലും സഹിക്കാന്‍ ദിലീപിന് പറ്റിയിരുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു.
ദിലീപുമായുള്ള കേസ് ഇന്നസെന്റ് ഇടപെട്ട് പരിഹരിച്ചതിന്റെ ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവും നടനുമായ ദിനേശ് പണിക്കര്‍. തന്റെ യൂട്യൂബ് ചാനലില്‍ ഇന്നസെന്റിനെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. ‘ദിലീപിന്റെ ചെക്ക് കേസ് മുഖേന പ്രമാദമായ പേരെടുത്ത വ്യക്തിയാണ് ഞാന്‍. ഉദയപുരം സുല്‍ത്താന്‍ എന്ന പടത്തിന്റെ പേരില്‍ ഒരു ലക്ഷത്തി തൊണ്ണൂറായിരത്തിന്റെ ചെക്ക് ഞാന്‍ കൊടുക്കുകയും ചെക്ക് മടങ്ങുകയും ദിലീപതിന് കേസ് കൊടുക്കുകയും ചെയ്തു’
‘അതിന് ശേഷം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ ചേമ്പറും അമ്മയും ഇടപെട്ടു. ഒരാഴ്ചയോളം ഇത് തന്നെയായിരുന്നു പത്രങ്ങളുടെ ആദ്യ പേജില്‍. അങ്ങോട്ടും ഇങ്ങോട്ടും വിലക്കും പ്രശ്‌നങ്ങളും. ഇന്നസെന്റ് ചേട്ടനുമായി ഞാന്‍ ഇടപെടുന്നുണ്ടായുരുന്നു. പേഴ്‌സണലി എനിക്ക് നല്ല ബന്ധവും ഉണ്ട്. പേടിക്കേണ്ടടാ, നമുക്ക് ശരിയാക്കാമെന്ന് പറയുന്നുണ്ട്. അസോസിയേഷനുകള്‍ സ്‌ട്രോങ്ങായി എന്റെ പിന്നിലുണ്ടായിരുന്നു’
തന്റെ ഭാഗത്താണ് ശരിയെന്ന് ഇന്നസെന്റ് മനസ്സിലാക്കിയെന്നും ദിനേശ് മണിക്കര്‍ പറയുന്നു. ‘അദ്ദേഹവും അസോസിയേഷനുകളും കൂടി ഇരുന്നു. അമ്മ സംഘടയില്‍ നിന്ന് വന്നിരിക്കുന്നത് ഇന്നസെന്റ് ചേട്ടന്‍ മാത്രം. കൂടെ ദിലീപും ഞാനുമുണ്ട്, അങ്ങോട്ടും ഇങ്ങോട്ടും പഴിചാരലും തെറി പറയലുമായിരുന്നു തുടക്കത്തില്‍’
‘ഇതെങ്ങനെ പരിഹരിക്കണമെന്ന് ഇന്നസെന്റ് ചേട്ടന്‍ നേരത്തെ കണക്ക് കൂട്ടി വെച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. കാരണം അദ്ദേഹം എഴുന്നേറ്റ് നിന്നു. എടാ ദിലീപേ നിനക്കിപ്പോള്‍ കാശിന് വലിയ അത്യാവശ്യം ഒന്നുമില്ലല്ലോ, ദിനേശ് പണിക്കര്‍ക്ക് ഇപ്പോള്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ട്’
‘അത് കൊണ്ട് നീ ആ കേസങ്ങ് പിന്‍വലിക്ക് എന്ന് പറഞ്ഞു. ദിലീപിന് അഭിമാനത്തിന്റെ പ്രശ്‌നമല്ലേ. പക്ഷെ പറയുന്നത് ഇന്നസെന്റ് ചേട്ടനാണ്. ദിലീപ് എഴുന്നേറ്റ് നിന്ന് ദിനേശേട്ടനോടുള്ള സ്‌നേഹത്തിന്റെ പുറത്തും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കേസ് പിന്‍വലിക്കുകയാണെന്ന് പറ!ഞ്ഞു. പക്ഷെ ഒരു കണ്ടീഷനേ ഉള്ളൂ. ഇത് പത്രങ്ങളില്‍ കൊടുത്ത് കൊട്ടിഘോഷിക്കാന്‍ പാടില്ലെന്ന്. തീര്‍ച്ചയായുമെന്ന് ഞാന്‍ പറഞ്ഞു’
‘ഇന്നസെന്റ് ചേട്ടന്‍ രണ്ട് മിനുട്ട് കൊണ്ട് ഇത്രയും ഭീകരമായ പ്രശ്‌നം പരിഹരിച്ചു. അതാണ് ഇന്നസെന്റ് ചേട്ടന്റെ കഴിവ്. ഇന്നസെന്റ് ഇത്രയും വലിയ നടനാണെന്ന് സ്‌ക്രീനില്‍ കാണുമ്പോള്‍ അറിയാമെങ്കിലും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോഴാണ് ആ മഹത്വം മനസ്സിലാക്കുന്നത്. അതേപോലെ ഞാന്‍ കണ്ടിട്ടുള്ളത് ജഗതിയാണ്,’ ദിനേശ് പണിക്കര്‍ പറഞ്ഞു.
ദിലീപ് പ്രതിചേര്‍ക്കപ്പെട്ട നടിയെ ആക്രമിച്ച കേസില്‍ നാളുകളായി വിചാരണ നടന്ന് കൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്തുള്ള പലരും തുടക്കത്തില്‍ ദിലീപിനെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസിനും വിവാദങ്ങള്‍ക്കുമിടെ അഭിനയ രംഗത്ത് വീണ്ടും സജീവമാവുകയാണ് ദിലീപ്. ബാന്ദ്ര, പറക്കും പപ്പന്‍ എന്നിവയാണ് ദിലീപിന്റെ വരാനിരിക്കുന്ന സിനിമകള്‍. കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
