Actor
ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവര് പറ്റിച്ചതാണ്, അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല; പ്രൊഡക്ഷൻ കൺട്രോളർ
ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവര് പറ്റിച്ചതാണ്, അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല; പ്രൊഡക്ഷൻ കൺട്രോളർ
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ഇപ്പോഴിതാ ദിലീപിന്റെ സിനിമ ജീവിതത്തിന്റെ തുടക്കത്തെ കുറിച്ചും മഞ്ജു-ദിലീപ് പ്രണയത്തിന് വീട്ടിൽ നിന്നും നേരിട്ട എതിർപ്പിനെ കുറിച്ചുമെല്ലാം പറയുകയാണ് പ്രൊഡക്ഷൻ കൺട്രോളറായിരുന്ന നാരായണൻ നഗലശേരി. ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാരായണന്റെ വാക്കുകൾ ഇങ്ങനെ;
ദിലീപിനെ സിനിമയിലേയ്ക്ക് നിർദ്ദേശിച്ചത് ഞാനായിരുന്നു. കമൽ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു ദിലീപ്. അന്ന് നിന്നോട് ഇഷ്ടം കൂടാമോയെന്ന സിനിമ നടക്കുന്ന സമയമാണ്. എനിക്ക് അഭിനയിക്കാൻ ഒരു ചാൻസ് വേണമെന്ന് ദിലീപ് എന്നോട് പറഞ്ഞു. അതിനെന്താ സംവിധായകനോട് ചോദിച്ചൂടെയെന്ന് ഞാൻ പറഞ്ഞു. ഞാൻ തന്നെ കമൽ സാറിനോട് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു.
അങ്ങനെയാണ് അവസരം കിട്ടിയത്. അതിന് ശേഷം നിരവധി അവസരങ്ങൾ കിട്ടി. ഇന്നും എന്നെ കണ്ടാൽ ദിലീപിന് ബഹുമാനമാണ്, സ്നേഹമാണ്. ഭക്ഷണം കഴിക്കാതെ എന്നെ വിടില്ല. ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവര് പറ്റിച്ചതാണ്. അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, ദിലീപ്-മഞ്ജു വാര്യർ പ്രണയകാലത്ത് വീട്ടിൽ നിന്ന് നേരിട്ട എതിർപ്പുകളെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഇരട്ടക്കുട്ടികളുടെ അച്ഛൻ ഇറങ്ങുന്ന സമയത്താണ് മാധവേട്ടൻ ദിലീപിന്റെ ഫോൺ വന്നാൽ മഞ്ജുവിന് കൊടുക്കരുതെന്ന് എന്നോട് പറയുന്നത്. അന്ന് മൊബൈൽ ഇല്ല, ലാന്റ് ഫോണാണ്.
ഞാൻ പറയില്ലെന്ന് പറഞ്ഞു, ഞാൻ പറഞ്ഞാൽ അത് തെറ്റായിപ്പോകുമെന്നും അതുകൊണ്ട് മാധവേട്ടൻ തന്നെ റിസപ്ഷനിൽ പറഞ്ഞാമതിയെന്ന് പറഞ്ഞു. എന്നാൽ ആരുടെ ഫോൺ വന്നാലും കൊടുക്കാതിരിക്കാൻ പറ്റില്ലെന്നായിരുന്നു റിസപ്ഷനിൽ നിന്ന് അറിയിച്ചത്. പിന്നീട് താനൊരു ഉദ്ഘാടനത്തിന് വിളിച്ചപ്പോഴാണ് മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹം നടന്നതിനെ കുറിച്ചെല്ലാം താൻ അറിയുന്നത് എന്നും നാരായണൻ നഗലശേരി പറഞ്ഞു.
1998 ലായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.
അതേസമയം, മഞ്ജുവും ദിലീപും തങ്ങളുടെ സിനിമാ തിരക്കുകളിലാണ്. കൈനിറയെ ചിത്രങ്ങളാണ് ഇരുവർക്കും. വിവാഹമോചനത്തിന് ശേഷം കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടായിരുന്നു മഞ്ജു ക്യാമറയ്ക്ക് മുന്നിലേയ്ക്ക് തിരിച്ചെത്തിയത്. മലയാളത്തിലും തമിഴിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ പുറത്തിറങ്ങാനുണ്ട്.
വിടുതലെെ 2, വേട്ടെെയാൻ, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് സിനിമകൾ. മലയാളത്തിൽ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നു. ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സെെജു ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്തത്. പവി കെയർ ടേക്കർ എന്ന സിനിമയാണ് ദിലീപിന്റേതായി തിയേറ്ററിലെത്തിയ ഏറ്റവും ഒടുവിലെ ചിത്രം. നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.