Malayalam
ദിലീപും മഞ്ജുവും പ്രണയത്തിലാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല, ഇവർ തമ്മിൽ അടുപ്പമുണ്ടെന്ന് കുറേക്കഴിഞ്ഞിട്ടാണ് താൻ അറിയുന്നത്; കമൽ
ദിലീപും മഞ്ജുവും പ്രണയത്തിലാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല, ഇവർ തമ്മിൽ അടുപ്പമുണ്ടെന്ന് കുറേക്കഴിഞ്ഞിട്ടാണ് താൻ അറിയുന്നത്; കമൽ
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ദിലീപും മഞ്ജുവും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇവരെക്കൂടാതെ പാർവ്വതി-ജയറാം, ബിജു മേനോൻ- സംയുക്ത വർമ്മ എന്നിവരുടെ പ്രണയം തുടങ്ങിയതും കമലിന്റെ സെറ്റിൽ നിന്നാണ്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യരും ദിലീപും തമ്മിലുണ്ടായ പ്രണയം തന്നെ ഞെട്ടിച്ചിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ കമൽ. പ്രണയിക്കുന്ന കാര്യം ഇവരാരും തന്നെ തന്നോട് വന്ന് പറഞ്ഞതായിരുന്നില്ല, മറിച്ച് താനടക്കമുളളവർ കണ്ട് പിടിക്കുകയായിരുന്നു ചെയ്യാറുളളതെന്ന് കമൽ പറഞ്ഞു.
താനോ സെറ്റിലുളള ക്യാമറാമാനോ മറ്റുളളവരോ ഇത് കണ്ട് പിടിക്കും. ഞങ്ങൾ കുറച്ച് ദിവസം മിണ്ടാതെയിരിക്കും. ഇത് എവിടെ വരെ പോലും എന്ന് നോക്കാൻ. ഒരു ഘട്ടം എത്തിക്കഴിയുമ്പോൾ ഇവരോട് ചോദിക്കും. തന്നെ ഞെട്ടിച്ചത് ദിലീപും മഞ്ജുവും ആയിരുന്നു. അവർ പ്രണയത്തിലാകുമെന്ന് താൻ വിചാരിച്ചിരുന്നില്ല. ഇവർ തമ്മിൽ അടുപ്പമുണ്ടെന്ന് കുറേക്കഴിഞ്ഞിട്ടാണ് താൻ അറിയുന്നതെന്നും കമൽ പറഞ്ഞു.
അടുത്തിടെ ദിലീപ്-മഞ്ജു വാര്യർ പ്രണയകാലത്ത് വീട്ടിൽ നിന്ന് നേരിട്ട എതിർപ്പുകളെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളറായിരുന്ന നാരായണൻ നഗലശേരി പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരട്ടക്കുട്ടികളുടെ അച്ഛൻ ഇറങ്ങുന്ന സമയത്താണ് മാധവേട്ടൻ ദിലീപിന്റെ ഫോൺ വന്നാൽ മഞ്ജുവിന് കൊടുക്കരുതെന്ന് എന്നോട് പറയുന്നത്. അന്ന് മൊബൈൽ ഇല്ല, ലാന്റ് ഫോണാണ്.
ഞാൻ പറയില്ലെന്ന് പറഞ്ഞു, ഞാൻ പറഞ്ഞാൽ അത് തെറ്റായിപ്പോകുമെന്നും അതുകൊണ്ട് മാധവേട്ടൻ തന്നെ റിസപ്ഷനിൽ പറഞ്ഞാമതിയെന്ന് പറഞ്ഞു. എന്നാൽ ആരുടെ ഫോൺ വന്നാലും കൊടുക്കാതിരിക്കാൻ പറ്റില്ലെന്നായിരുന്നു റിസപ്ഷനിൽ നിന്ന് അറിയിച്ചത്. പിന്നീട് താനൊരു ഉദ്ഘാടനത്തിന് വിളിച്ചപ്പോഴാണ് മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹം നടന്നതിനെ കുറിച്ചെല്ലാം താൻ അറിയുന്നത് എന്നും നാരായണൻ നഗലശേരി പറഞ്ഞിരുന്നു.
മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. സല്ലാപം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. 1996ൽ ആയിരുന്നു അത്. പിന്നീട് ഈ പുഴയും കടന്ന്, കുടമാറ്റം, തൂവൽക്കൊട്ടാരം എന്നീ ചിത്രങ്ങളിലും ദിലീപും മഞ്ജുവും ഒരുമിച്ച് അഭിനയിച്ചു. വളരെ പെട്ടെന്ന് ഇരുവരും പ്രക്ഷകരുടെ ഇഷ്ടജോഡികളായി മാറുകയും ചെയ്തു.
നാല് വർഷത്തോളം പ്രണയിച്ച ശേഷമാണ് 1998 ഒക്ടോബർ 20ന് മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്. ആലുവ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.
അതേസമയം, മഞ്ജുവും ദിലീപും തങ്ങളുടെ സിനിമാ തിരക്കുകളിലാണ്. കൈനിറയെ ചിത്രങ്ങളാണ് ഇരുവർക്കും. വിവാഹമോചനത്തിന് ശേഷം കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടായിരുന്നു മഞ്ജു ക്യാമറയ്ക്ക് മുന്നിലേയ്ക്ക് തിരിച്ചെത്തിയത്. മലയാളത്തിലും തമിഴിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ പുറത്തിറങ്ങാനുണ്ട്.
