Malayalam
ദിലീപിനെയും ചാക്കോച്ചനെയും ഒരുമിച്ച് വിളിച്ചിരുന്നെങ്കിലും ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബൻ ചെയ്തില്ല; സംവിധായകൻ തുളസീദാസ്
ദിലീപിനെയും ചാക്കോച്ചനെയും ഒരുമിച്ച് വിളിച്ചിരുന്നെങ്കിലും ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബൻ ചെയ്തില്ല; സംവിധായകൻ തുളസീദാസ്
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്. മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.
മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. ദിലീപിനെ പോലെ തന്നെ പ്രേക്ഷകർക്കേറെ ഇഷ്ടമുള്ള, മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ദിലീപും 1992 ലും കുഞ്ചാക്കോ ബോബൻ 97 ലുമാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. രണ്ട് യുവതാരങ്ങളും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി അന്നത്തെ ചില സംവിധായകർ ശ്രമിച്ചിരുന്നു. പലശ്രമങ്ങളും പാളിയതിന് ശേഷം ദോസ്തിലൂടെ തുളസീദാസാണ് ഇരുവരേയും ഒന്നിപ്പിച്ചത്.
ദോസ്തിൽ ദിലീപിനേയും കുഞ്ചാക്കോ ബോബനേയും അഭിനയിപ്പിക്കാൻ തീരുമാനിച്ചപ്പോഴും ചില തടസ്സങ്ങളുണ്ടായിട്ടുണ്ടെന്ന് സംവിധായകൻ തുളസീദാസ് നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ദിലീപുമായി സഹകരിക്കാൻ കഴിയാത്തത് കാരണം ദോസ്തിന് മുമ്പ് രണ്ട് സിനിമകൾ കുഞ്ചാക്കോ ബോബൻ ഒഴിവാക്കിയതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
മായപ്പൊന്മാൻ എന്ന സിനിമ ചെയ്യുമ്പോൾ ദിലീപ് ഒരു ഹീറോ ഇമേജിലേക്ക് വന്നിട്ടില്ല. ആ അവസരത്തിലാണ് അദ്ദേഹത്തെ മായപൊന്മാനിലേക്ക് വിളിക്കുന്നത്. ആ ചിത്രം സൂപ്പർഹിറ്റായിരുന്നു. ദോസ്തിലെ കഥാപാത്രത്തെക്കുറിച്ച് ഞാൻ വ്യക്തമാക്കിയപ്പോൾ തന്നെ ആ വേഷം തനിക്ക് ചെയ്യണമെന്ന് വാശിപിടിച്ചുകൊണ്ട് ദിലീപ് എന്നോട് പറഞ്ഞിരുന്നു. അതിന് ശേഷമാണ് കുഞ്ചാക്കോ ബോബനെ കണ്ട് കഥ പറയുന്നതെന്നും തുളസീദാസ് പറയുന്നു.
കുഞ്ചാക്കോ ബോബനും ദിലീപും ഒരുമിച്ച് അഭിനയിക്കാൻ മടിച്ച് നിന്ന ഒരു സമയം കൂടിയായിരുന്നു അത്. അതിന് മുമ്പ് ലോഹിതദാസിന്റേയും രാജസേനന്റേയും പടങ്ങളിലേക്ക് ഇവർ രണ്ടുപേരെയും ഒരുമിച്ച് വിളിച്ചിരുന്നെങ്കിലും ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബൻ ചെയ്തില്ല. എന്നാൽ ദോസ്തിന് വേണ്ടി കുഞ്ചാക്കോ ബോബനുമായും അദ്ദേഹത്തിന്റെ അച്ഛനുമായും സംസാരിച്ചു.
ഒറ്റക്കാര്യമാണ് കുഞ്ചാക്കോ ബോബന്റെ അച്ഛൻ ആവശ്യപ്പെട്ടത്. ചാക്കോച്ചന്റെ വേഷം മുന്നിൽ നിൽക്കും എന്നുള്ള ഉറപ്പ് വേണമെന്നായിരുന്നു അവർ പറഞ്ഞത്. ഈ കഥയിൽ തുല്യ പ്രധാന്യമുള്ള രണ്ട് ഹീറോകളാണ്, എന്നാൽ രണ്ട് സ്വഭാവമാണ് എന്നും പറഞ്ഞാണ് അദ്ദേഹത്തെ ഫിക്സ് ചെയ്യുന്നത്. ദോസ്തെന്ന സിനിമ വളരെ മികച്ച അഭിപ്രായം എനിക്കുണ്ടായി. ഇന്ന് മലയാളത്തിലെ വലിയൊരു സ്റ്റാറായി തിളങ്ങി നിൽക്കുന്ന ജയസൂര്യയേയും ആ സിനിമയിലൂടെ അഭിനയരംഗത്തേക്ക് കൊണ്ടുവരാൻ എനിക്ക് സാധിച്ചിട്ടുണ്ടെന്നും തുളസിദാസ് പറയുന്നു.
അതേസമയം, അമൽനീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ലയാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങിയ സിനിമ. തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ സഹനിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് കുഞ്ചാക്കോ ബോബൻ. ദിലീപിന്റെതായി അടുത്തിയെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വലിയ പരാജയമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ബിഗ് ബജറ്റിൽ പുറത്തിറങ്ങിയ ബാന്ദ്ര, തങ്കമണി, പവി കെയർടേക്കർ എന്നിവയെല്ലാം തിരിച്ചടി നേരിട്ടു. ദനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ ഭഭബ’ എന്ന ചിത്രമാണ് ദിലീപിന്റേതായി അടുത്തതായി പുറത്ത് വരാനുള്ളത്. ആരാധകർ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.