Malayalam
ഇത്തവണ ഞാൻ ശരിക്കും പെട്ടുവെന്ന് കാവ്യ; വൈറലായി ദിലീപിന്റെയും വീഡിയോ
ഇത്തവണ ഞാൻ ശരിക്കും പെട്ടുവെന്ന് കാവ്യ; വൈറലായി ദിലീപിന്റെയും വീഡിയോ
മലയാള സിനിമയിലെ എവർഗ്രീൻ താരജോഡികളാണ് കാവ്യ മാധവനും ദിലീപും. ഇരട്ടക്കുട്ടികളുടെ അച്ഛൻ, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച കാവ്യ ആദ്യമായി നായികയായി എത്തുന്നത് ദിലീപിന്റെ കൂടെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്. തുടർന്ന് പെട്ടെന്ന് തന്നെ കാവ്യയും ദിലീപും മലയാള സിനിമയിലെ താരജോഡികളായി മാറുകയായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പലപ്പോഴും പൊതു വേദികളിൽ ദിലീപും കാവ്യയും ഒന്നിച്ചാണ എത്തുന്നത്. ഇപ്പോഴിതാ ഇവരുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരു പൊതുചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിലീപിനൊപ്പം കാവ്യ മാധവനും വന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. സദസിൽ അടുത്തടുത്തായി ഇരിക്കുന്ന കാവ്യയും ദിലീപും പരസ്‌പരം തമാശകൾ പറയുന്നതും പൊട്ടിച്ചിരിക്കുന്നതുമൊക്കെയാണ് വീഡിയോയിൽ കാണുന്നത്.
വേദിയിലെത്തിയ ദിലീപ് സദസിനെ അഭിസംബോധന ചെയ്‌ത ശേഷം പൊടുന്നനെ സംസാരിക്കാനായി കാവ്യ മാധവനെ ക്ഷണിക്കുകയായിരുന്നു. ദിലീപിന് മുന്നോടിയായി നടൻ രമേശ് പിഷാരടിയും വേദിയിൽ സംസാരിച്ചിരുന്നു. എന്നാൽ പെട്ടെന്നുള്ള ദിലീപിന്റെ ക്ഷണത്തിൽ പതറുന്ന കാവ്യയുടെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഇത്തവണ താൻ ശരിക്കും പെട്ടു എന്ന് പറഞ്ഞുകൊണ്ടാണ് കാവ്യ തന്റെ പ്രസംഗം ആരംഭിച്ചത്. ‘സാധാരണ പൊതു പരിപാടികൾക്ക് ഒന്നും സംസാരിക്കേണ്ടെന്നു പറഞ്ഞാണ് ദിലീപേട്ടൻ എന്നെ കൊണ്ടുപോകുന്നത്. എന്നിട്ട് ഒടുവിൽ സംസാരിക്കാൻ പറയും. എന്നാലും എപ്പോഴും ഞാൻ രക്ഷപ്പെടാറുണ്ട്. പക്ഷേ ഇത്തവണ പെട്ടുവെന്നാണ് കാവ്യ തമാശരൂപേണ പറഞ്ഞത്. നിറഞ്ഞ കൈയ്യടികളോടെയാണ് കാവ്യ മാധവനെ സദസ് വരവേറ്റത്.
ദിലീപിനെയും കാവ്യയെയും ഒരുമിച്ച് ഇത്ര സന്തോഷത്തോടെ വേദിയിൽ കണ്ടതിന്റെ ത്രില്ലിലാണ് ആരാധകർ. നിരവധി ആരാധകരാണ് തങ്ങളുടെ സന്തോഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഇരുവരേയും ഇത്ര സന്തോഷത്തോടെ കാണുമ്പോൾ മീശ മാധവൻ സിനിമ ഓർമ്മ വരുന്നു എന്നായിരുന്നു ഒരു ആരാധകൻ കമന്റ് ചെയ്‌തത്. എന്നും ഇത് പോലെ സന്തോഷമായിരിക്കട്ടെ എന്നും ചിലർ പറയുന്നു.
എന്നാൽ പതിവ് പോലെ വീഡിയോക്ക് താഴെ മോശം കമന്റുകളും വരുന്നുണ്ട്. മറ്റുള്ളവരുടെ കുടുംബവും ജീവിതവും നശിപ്പിച്ചിട്ട് എത്ര സന്തോഷിട്ടെന്താ കാര്യം, കാവ്യ വന്നതോടെ ദിലീപിന്റെ ജീവിതം പോയി. മഞ്ജു പോയതോടെ ദിലീപിന്റെ ഐശ്വര്യവും പടിയിറങ്ങിയെന്നും കാവ്യ ദിലീപിന്റെ ഒപ്പമുള്ള വിട്ടൊഴിയാത്ത ശനിദശയാണെന്നുമെല്ലാമാണ് ഇവരുടെ വിവാഹത്തോടും കുടുംബ ജീവിതത്തോടും എതിർപ്പുള്ളവർ കുറിക്കാറുള്ളത്. നിരവധി പേരാണ് കാവ്യയെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, വിവാഹശേഷം ഇതുവരെയും കാവ്യ മാധവൻ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിട്ടില്ല. ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും വന്ന കാവ്യ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങൾക്കാണ് ജീവൻ നൽകിയത്. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച നടി ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നാണ് മലയാളികളുടെ ആഗ്രഹം.
ദിലീപിന്റെ സൂപ്പർഹിറ്റ് ചിത്രമായ റൺവേയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന തരത്തിൽ വാർത്തകളുണ്ട്. അങ്ങനെയെങ്കിൽ ചിത്രത്തിലെ നായികയായ കാവ്യ രണ്ടാം ഭാഗത്തിലും നായികയായി എത്തുമെന്നാണ് ആരാധകർ കണക്ക്കൂട്ടുന്നത്. ഇപ്പോൾ മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുകയാണ് കാവ്യ എന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്.
മകളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നോക്കിയാണ് കാവ്യ മുന്നോട്ട് പോകുന്നതെന്നും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യയാണ് പറയേണ്ടതെന്നുമാണ് ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ.