Malayalam
ദിലീപ് ഇപ്പോൾ അമ്മയിലെ അംഗമല്ല, മെഗാ ഷോയിൽ പങ്കെടുക്കില്ല; സിദ്ദിഖ്
ദിലീപ് ഇപ്പോൾ അമ്മയിലെ അംഗമല്ല, മെഗാ ഷോയിൽ പങ്കെടുക്കില്ല; സിദ്ദിഖ്
അപ്രതീക്ഷിത ദുരന്തത്തിൽപ്പെട്ട വയനാടിന് കൈത്താങ്ങാകാൻ മലയാള സിനിമാ താര സംഘടനയായ അമ്മയും മുന്നിട്ടിറങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നിരുന്നു. അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേർന്ന് മെഗാ ഷോ നടത്തുമെന്നും അതിൽ നിന്നും ലഭിക്കുന്ന തുക വയനാടിന്റെ ദുരിദാശ്വാസ നിധിയിലേയ്ക്കായി നൽകുമെന്നുമായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോഴിതാ ഈ പരിപാടിയിൽ നടൻ ദിലീപ് പങ്കെടുക്കുന്നില്ലെന്ന് പറയുകയാണ് അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. ദിലീപ് ഇപ്പോൾ അമ്മയിലെ അംഗമല്ലെന്നും അദ്ദേഹം രാജിവച്ചതാണെന്നും സിദ്ദിഖ് പത്രസമ്മേളനത്തിൽ സംസാരിക്കവെ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20നാണ് മെഗാ ഷോ നടക്കുക.
മാത്രമല്ല, ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് അമ്മ അന്വേഷിക്കാൻ പോയിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മ സംഘടനയുമായി ബന്ധപ്പെട്ട കാര്യമല്ല. പരാതിക്കാർ ഉന്നയിച്ച പ്രശ്‌നങ്ങൾ ന്യായമുള്ളതാണെങ്കിൽ അത് പരിഹരിക്കപ്പെടണം. കമ്മിറ്റിയുടെ റിപ്പോർട്ടിൽ എന്താണ് ഉള്ളതെന്ന് സംഘടന അന്വേഷിച്ചിട്ടില്ല. അത് സർക്കാരിന്റെ പരിഗണനയിലുള്ള കാര്യമാണെന്നും സിദ്ദിഖ് പറഞ്ഞു.
അതോടൊപ്പം നടൻ മോഹൻലാലിനെ അധിക്ഷേപിച്ച് വീഡിയോയിട്ട ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തെ കുറിച്ചും സദ്ദിഖ് പറയുകയുണ്ടായി. സിദ്ദീഖിന്റെ പരാതിയിലാണ് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശിയായ അജുവിനെതിരെ പോലീസ് കേസെടുത്തത്. മോഹൻലാൽ എന്നല്ല, താരസംഘടനയിലെ ഏത് അംഗത്തെയായാലും വ്യക്തിപരമായി അധിക്ഷേപിച്ചാൽ ചോദ്യം ചെയ്യേണ്ട ബാധ്യത തനിക്കുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.
കുറച്ചുകാലങ്ങളായി നടീനടന്മാരെയും സിനിമയെയും പല രീതിയിൽ അധിക്ഷേപിച്ചുകൊണ്ട് യൂട്യൂബർമാർ എന്നു പറയുന്ന ആളുകൾ എത്തുന്നുണ്ട്. ഇതിനെതിരെ ആരെങ്കിലുമൊക്കെ ചോദിക്കണ്ടേ, രാജ്യത്തിന് ഇതിനെതിരെ നിയമമുണ്ട്. ഇപ്പോഴാണ് ഈ വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതിപ്പെടുന്നത്. അതിൽ ഒരാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. മറ്റൊരാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഇനി ഇങ്ങനെ അധിക്ഷേപിക്കുന്ന വീഡിയോ ചെയ്യില്ലെന്ന് എഴുതി വാങ്ങിയിരുന്നു.
ആർക്കും ആരെയും എന്തുംപറയാവുന്ന രീതിയിൽ ആ മേഖല നീങ്ങിക്കൊണ്ടിരിക്കുകയാണ്. നമുക്കുള്ള സ്വാതന്ത്ര്യം മറ്റൊരാളെ അധിക്ഷേപിക്കാനോ കയ്യേറ്റംചെയ്യാനോ ആകരുത്. ആരെയും എന്തും പറയാനുള്ള സ്വാതന്ത്ര്യം നമുക്കില്ല. മോഹൻലാലിനെ വ്യക്തിപരമായാണ് ഇയാൾ അധിക്ഷേപിച്ചത്. നമുക്ക് പലർക്കും അവിടെ പോകണമെന്ന് ആഗ്രഹിച്ചിട്ടും സാധിക്കുന്നില്ല. രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുസമൂഹത്തിന് പ്രവേശനമില്ല.
മോഹൻലാൽ എന്ന വ്യക്തി, ടെറിറ്റോറിയൽ ആർമിയുടെ ഭാഗമായതുകൊണ്ട് അദ്ദേഹത്തിന് അവിടെ പോകുവാൻ കഴിഞ്ഞു. അത് അദ്ദേഹം ചെയ്ത വലിയ പുണ്യ പ്രവർത്തിയാണ്. എന്താണ് അവിടെ നടന്നതെന്ന് മനസ്സിലാക്കി വിശ്വശാന്തി ഫൗണ്ടേഷൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന് അതിന്റെ പേരിൽ ഒരു പബ്ലിസിറ്റി കിട്ടിയിട്ട് ഒന്നും നേടാനില്ല.
മോഹൻലാൽ ചെയ്ത ഈ വലിയ പ്രവൃത്തിയെ അഭിനന്ദിക്കുന്നതിനു പകരം വ്യക്തിപരമായി അദ്ദേഹത്തെ ഒരുപാട് അധിക്ഷേപിക്കുന്നതു കണ്ടപ്പോൾ ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ എന്ന നിലയിലും ഏറെ വിഷമമുണ്ടായി. ഞാനൊരു സംഘടനയുടെ നേതൃത്വത്തിൽ ഇരിക്കുന്ന ആളാണ്.
മോഹൻലാലിനെ മാത്രമല്ല, ‘അമ്മ’ സംഘടനയിലെ ഒരു മെംബറെപ്പോലും അങ്ങനെയൊരാൾ വ്യക്തിപരമായി അധിക്ഷേപിച്ചാൽ തീർച്ചയായും അതിനെ ചോദ്യം ചെയ്യേണ്ട ബാധ്യത ജനറൽ സെക്രട്ടറിയായ എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാനത് പരാതിയായി എഴുതി പൊലീസിനു കൈമാറുന്നത് എന്നും സിദ്ദിഖ് പറഞ്ഞു.