ദിലീപ് നല്ല പയ്യനാണ്, ഒരുപാട് പടം ഒരുമിച്ച് ചെയ്തിട്ടുണ്ട് ; വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസിന് വിശ്വാസം വരുന്നില്ല; സുബ്ബലക്ഷ്മി
നടി ആക്രമിക്കപ്പെട്ട കേസില്‍ ഒട്ടേറെ താരങ്ങള്‍ ദിലീപിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത് മുതിര്‍ന്ന നടി സുബ്ബലക്ഷ്മിയുടെ പ്രതികരണമാണ്….
ദിലീപിനൊപ്പം കല്യാണരാമന്‍ ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമയില്‍ നായികയുടെ കുടുംബ വീട്ടുകാരായി വരുന്ന കല്യാണ സീനുകളിലാണ് സുബ്ബലക്ഷ്മി നിറയുന്നത്. വളരെ ഹാസ്യം കലര്‍ന്ന വേഷമായിരുന്നു സുബ്ബലക്ഷ്മിയുടേത്. ദിലീപ് നല്ല പയ്യനാണ് എന്ന് സുബ്ബലക്ഷ്മി പറയുന്നു. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
ദിലീപ് നല്ല പയ്യനാണ്. ഒരുപാട് പടം ഒരുമിച്ച് ചെയ്തിട്ടുണ്ട്. വിശേഷങ്ങള്‍ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. ഒരുപാട് തമാശ പറയും. മകനായിട്ടോ പേരക്കുട്ടിയായിട്ടോ എങ്ങനെ വേണേലും കരുതാം. അത്തരത്തിലുള്ള ദിലീപിനെ കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്നതൊന്നും എന്നെക്കൊണ്ട് ഉള്‍ക്കൊള്ളാനേ പറ്റുന്നില്ലെന്നും സുബ്ബലക്ഷ്മി പറയുന്നു.
പുതിയ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസിന് വിശ്വാസം വരുന്നില്ല. കാരണം നമ്മോട് അങ്ങനെ പെരുമാറിയിട്ടില്ല. തമാശ പറയുകയും ചിരിക്കുകയുമല്ലാതെ ഒരു വാക്കുപോലും തെറ്റായി പറഞ്ഞിട്ടില്ല. ഒരുപാട് പടം ചെയ്തു. ഒന്നില്‍ പോലും വിഷമമുണ്ടാക്കുന്നത് ദിലീപ് ചെയ്തിട്ടില്ല.
അങ്ങനെ ഒരാളാണ് ദിലീപ്. വിധിയായിരിക്കുമെന്നും സുബ്ബലക്ഷ്മി പറഞ്ഞു.വിധി ആരെയും വിടില്ല. ഏതെങ്കിലും ഒരു രൂപത്തില്‍ വിധി പിന്തുടരും. അങ്ങനെയാണ് ഞാന്‍ വിചാരിക്കുന്നത്. അങ്ങനെ തന്നെ ആയിക്കോട്ടെ എന്നും കരുതുന്നുവെന്ന് നടി സുബ്ബലക്ഷ്മി പറയുന്നു. അടുത്തിടെ നടി ഗീത വിജയനും സമാനമായ രീതിയിലാണ് ദിലീപ് കേസില്‍ പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിയും ദിലീപുമെല്ലാം വലിയ ഗ്യാങായിരുന്നുവെന്നും ഗീത വിജയന്‍ പറഞ്ഞിരുന്നു.
ദിലീപുമായി തനിക്ക് വലിയ ബന്ധമില്ല. കാക്കക്കും പൂച്ചയ്ക്ക്ും കല്യാണം എന്ന ഒരു പടം ചെയ്തിരുന്നു. പിന്നെ ദിലീപുമായി സംസാരിക്കുന്നത് വെട്ടം സിനിമയ്ക്കിടെയാണ്. അമ്മയുടെ യോഗത്തില്‍ വച്ച് കാണാറുണ്ട്. ഇരയായ നടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ വലിയ ഗ്യാങ് തന്നെയുണ്ടായിരുന്നുവെന്നും ഗീത വിജയന്‍ പറയുന്നു.2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങളാണ് ആദ്യം അറസ്റ്റിലായത്.
പിന്നീട് ദിലീപിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുകയും അതേവര്‍ഷം ജൂലൈയില്‍ ദിലീപ് അറസ്റ്റിലാകുകയും ചെയ്തു. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ദിലീപ് ജാമ്യത്തിലിറങ്ങി. വിചാരണ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ചും അന്വേഷണം പൂര്‍ത്തിയായതോടെ വിചാരണയിലേക്ക് വീണ്ടും കോടതി കടന്നിരിക്കുകയാണ്.
ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. തുടരന്വേഷണ ഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ചുവെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ദിലീപിന് കോടതി നോട്ടീസ് അയച്ചെങ്കിലും കൈപറ്റിയില്ല. തുടര്‍ന്ന് അഭിഭാഷകന്‍ മുഖേന നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.
