News
2023 ല്‍ വമ്പന്‍ സംവിധായകരുമായി കൈകോര്‍ത്ത് ദിലീപ്; കൈനിറയെ ചിത്രങ്ങള്‍
2023 ല്‍ വമ്പന്‍ സംവിധായകരുമായി കൈകോര്‍ത്ത് ദിലീപ്; കൈനിറയെ ചിത്രങ്ങള്‍
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തിരിച്ചു വരവില്‍ പുത്തന്‍ ട്രാക്കിലാണ് ദിലീപ്. ഹിറ്റ് കോമ്പിനേഷനുകളുമായുള്ള സിനിമകളുമായി പ്രേക്ഷകര്‍ക്കു മുമ്പിലേക്ക് എത്താനൊരുങ്ങുമ്പോള്‍ തന്നെ പുതിയ തലമുറയിലെ സംവിധായകര്‍ക്കൊപ്പം പുത്തന്‍ ട്രാക്കിലുള്ള പ്രോജക്ടുകള്‍ക്ക് കൈകൊടുക്കുകയാണ് താരം.
പരീക്ഷണ കാലഘട്ടങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരികെ എത്തുമ്പോള്‍ ഒരുപിടി വമ്പന്‍ പ്രോജക്ടുകളാണ് ഇപ്പോള്‍ ദിലീപിനായി അണിയറയിലൊരുങ്ങുന്നത്. അതിനൊപ്പം സമീപകാലത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഒരുപിടി സിനിമകളുടെ സംവിധായകരുമായാണ് താരം ഇനി സിനിമ ചെയ്യുന്നത്. അത് തന്റെ സേഫ്‌സോണില്‍ നിന്നും മാറി പുതിയ ദൃശ്യാവിഷ്‌കാരത്തിനുള്ള ഇടമാക്കി മാറ്റുകയാണ് താരം. ജനപ്രിയ നായകനെന്ന പട്ടം വീണ്ടും ഊട്ടി ഉറപ്പിക്കാനെത്തുമ്പോള്‍ ഷൂട്ടിംഗ് കഴിഞ്ഞതും പുരോഗമിക്കുന്നതുമായ ഒരുപിടി പ്രോജക്ടുകളാണ് അണിയറയിലൊരുങ്ങുന്നത്.
2022 ലെ ഹിറ്റ് ചാര്‍ട്ടിലിടം നേടിയ ഉടല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് രഘുനന്ദന്‍. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായകനാകുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. സീറ്റ് എഡ്ജ് ത്രില്ലറായി ഒരുക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. 2022 ല്‍ മലയാള സിനിമയില്‍ മികച്ച വാണിജ്യ വിജയവും നിരൂപ പ്രശംസയും നേടിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ റോഷാക്ക്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിസാം ബഷീറും ദിലീപും ഒന്നിക്കുന്നു.
മലയാള സിനിമ ഇതുവരെ കാണാത്ത വമ്പന്‍ താരനിരയില്‍ ഒരുക്കുന്ന ബാന്ദ്രയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. രാമലീലയുടെ മെഗാ വിജയത്തിനു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താര സുന്ദരി തമന്നയാണ് നായികയാകുന്നത്. ദിലീപിന്റെ 147 ാം ചിത്രത്തില്‍ വലിയ താരനിരയാണ് എത്തുന്നത്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം റാഫി ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. ഹാസ്യത്തിന് മുന്തൂക്കം നല്കുന്ന ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരനായാണ് ദിലീപ് എത്തുന്നത്. കെട്ടിയോളാണ് എന്റെ മാലാഖ ഫെയിം വീണ നന്ദകുമാറാണ് നായികയാകുന്നത്. മൂന്നു വര്‍ഷത്തിനു ശേഷമാണ് ഒരു ദിലിപ് ചിത്രം തിയറ്ററിലേക്ക് എത്തുന്നത്.
2019 ല്‍ ഹിറ്റ് സൃഷ്ടിച്ച കോടതി സമക്ഷം ബാലന്‍ വക്കീലിനു ശേഷം ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണനെ മാസ് എന്റര്‍ടെയ്‌നറുമായി എത്തുന്നു. മമ്മൂട്ടിയെ നായകനാക്കി ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ബി. ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍. ക്രിസ്റ്റഫറിനു ശേഷമാകും ദിലീപുമായുള്ള പ്രോജക്ടിലേക്ക് കടക്കുന്നത്. മലയാള സിനിമയ്ക്കു നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ സിബി കെ തോമസ്. ഇരുവരും പിരിഞ്ഞതിനു ശേഷം ഉദയകൃഷ്ണ പുലിമുരുകന്‍, മധുരരാജ തുടങ്ങിയ ചിത്രങ്ങള്‍ക്കു തിരക്കഥാകൃത്തായി ഹിറ്റുകള്‍ സൃഷ്ടിച്ചപ്പോഴും സിബി കെ. തോമസ് എവിടെ എന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ച ദിലീപുമായി ചേര്‍ന്നാണ് ആദ്യ ചിത്രം ഒരുക്കുന്നത്.
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച സംവിധായകനാണ് ടിനു പാപ്പച്ചന്‍. ദിലീപിനൊപ്പം ടിനു പാപ്പച്ചന്‍ ഒന്നിക്കുന്നതായി സമീപകാലത്ത് മോളിവുഡില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഔദ്യോഗികമായി സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. ദിലീപ് സൂപ്പര്‍ ഹീറോ കഥാപാത്രമായി വെള്ളിത്തിരയിലെത്തുന്ന ചിത്രം ഉടന്‍ തയാറാകുമെന്നു പിറന്നാള്‍ ദിനത്തില്‍ ദിലീപ് ആരാധകരെ അറിയിച്ചിരുന്നത്.
നവാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിനു റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ദിലീപിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നാണ് പ്രഥമിക വിവരം. തമിഴ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലേക്ക് എത്തുമെന്നു സൂചനയുണ്ട്.
