Actor
ഞാൻ സിനിമയിൽ വരുമ്പോൾ മെലിഞ്ഞ്, കറുത്ത, ഒരു കഴിവുമില്ലാത്തവനായാണ് ഇരുന്നത്, എന്റെ സൗന്ദര്യം കണ്ടത് നിങ്ങളാണ്, രായൻ നിങ്ങൾക്ക് വേണ്ടിയുള്ള സമർപ്പണമാണ്; ധനുഷ്
ഞാൻ സിനിമയിൽ വരുമ്പോൾ മെലിഞ്ഞ്, കറുത്ത, ഒരു കഴിവുമില്ലാത്തവനായാണ് ഇരുന്നത്, എന്റെ സൗന്ദര്യം കണ്ടത് നിങ്ങളാണ്, രായൻ നിങ്ങൾക്ക് വേണ്ടിയുള്ള സമർപ്പണമാണ്; ധനുഷ്
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ധനുഷ്. തമിഴിൽ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇടയ്ക്ക് വെച്ച് ധനുഷിന്റെ വ്യക്തി ജീവിതവും വാർത്തകളിൽപ്പെട്ടിരുന്നു. ഐശ്വര്യയുമായുള്ള വിവാഹമോചനവാർത്തകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇപ്പോൾ തന്റെ അമ്പതാമത് സിനിമയുടെ റിലീസിന് തയാറെടുക്കുകയാണ് ധനുഷ്. രായൻ എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ഈ വേളയിൽ താൻ പിന്നിട്ട വഴികളെ കുറിച്ച് ധനുഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇത്രയും സിനിമകൾ ചെയ്യുമെന്ന് ഞാൻ എന്റെ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ആദ്യത്തെ സിനിമയിൽ അഭിനയിച്ച ശേഷം എങ്ങോട്ടെങ്കിലും ഓടിപോകാമെന്നാണ് ഞാൻ കരുതിയിരുന്നത്. 2000-ലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ 2002-ൽ റിലീസ് ആയി.
24 വർഷങ്ങൾ, ഇതിനിടയിൽ എത്രയെത്ര കളിയാക്കലുകൾ… അപമാന വാക്കുകൾ… ദ്രോഹങ്ങൾ… തെറ്റായ അഭ്യൂഹങ്ങൾ….ഇകതിനെയല്ലാം മറികടന്ന് ഞാൻ ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം നിങ്ങളിൽ നിന്നുയരുന്ന ശബ്ദമാണ്. നിങ്ങൾക്കറിയാം, ഞാൻ സിനിമയിൽ വരുമ്പോൾ മെലിഞ്ഞ്, കറുത്ത, ഒരു കഴിവുമില്ലാത്തവനായാണ് ഇരുന്നത്.
എന്നാൽ ഇത്രയും നാളിലെ എന്റെ സൗന്ദര്യത്തെ നിങ്ങൾ കാണുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ പോലും അറിയാതിരുന്ന എന്നെ ഹോളിവുഡ് സിനിമയിൽ അഭിനയിപ്പിച്ച് അതിൽ അഴക് കാണുന്നു. രായൻ എന്റെ 50-മത് സിനിമയാണ് എന്ന് മനസിലായപ്പോൾ നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു.
അതുകൊണ്ട് എന്റെ അമ്പതാം സിനിമ ഞാൻ തന്നെ സംവിധാനം ചെയ്യണമെന്ന് കരുതി. രായൻ നിങ്ങൾക്ക് വേണ്ടിയുള്ള സമർപ്പണമാണ് എന്നുമാണ് ധനുഷ് പറയുന്നത്. ഒരു ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമാണ് രായൻ എന്നാണ് റിപ്പോർട്ടുകൾ. സൺ പിക്ച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക.
ജൂലെെ 26-ന് ആണ് ചിത്രം തിയേറ്ററിലെത്തുക. നേരത്തെ ജൂലെെ 14-നാണ് ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ‘ഇന്ത്യൻ 2’ റിലീസ് കാരണം രായൻ റിലീസ് നീട്ടിവെച്ചതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം ജൂലായിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായൻ.
2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനംചെയ്ത ആദ്യചിത്രം. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘നിലവുക്ക് എൻമേൽ എന്നടീ കോപം’ എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്.