Connect with us

മമ്മൂട്ടിയെ നിർബന്ധിച്ചു , പക്ഷെ രാജാവിന്റെ മകനിൽ അഭിനയിക്കാൻ അദ്ദേഹം തയ്യാറായില്ല !

Malayalam Articles

മമ്മൂട്ടിയെ നിർബന്ധിച്ചു , പക്ഷെ രാജാവിന്റെ മകനിൽ അഭിനയിക്കാൻ അദ്ദേഹം തയ്യാറായില്ല !

മമ്മൂട്ടിയെ നിർബന്ധിച്ചു , പക്ഷെ രാജാവിന്റെ മകനിൽ അഭിനയിക്കാൻ അദ്ദേഹം തയ്യാറായില്ല !

ഇന്നും മോഹൻലാലിന്റേയും മലയാള സിനിമയുടെയും എവർഗ്രീൻ ഹിറ്റുകളിൽ ഒന്നാണ് രാജാവിന്റെ മകൻ. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ‘രാജാവിന്റെ മകൻ’ തമ്പി കണ്ണന്താനത്തിന്റെ കരിയറിലും ബ്രേക്ക് നൽകിയ ചിത്രങ്ങളിലൊന്നാണ്.

സിനിമയോളം തന്നെ ആ ചിത്രത്തിലെ കഥാപാത്രമായ വിൻസെന്റ് ഗോമസ് എന്ന അധോലോക രാജകുമാരനും ആഘോഷിക്കപ്പെട്ടു. മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതപ്പെട്ട കഥാപാത്രമായിരുന്നുവെങ്കിലും വിൻസെന്റ് ഗോമസിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനുള്ള നിയോഗം മോഹൻലാലിനായിരുന്നു. ചിത്രത്തിൽ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രം താനും സംവിധായകനും മമ്മൂട്ടിയ്ക്കു വേണ്ടി മാറ്റിവെച്ചതായിരുന്നു എന്നു വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ്.

“അന്നത്തെ കാലത്ത്, സാധാരണ രീതിയിൽ ഒരുവിധം നിർമ്മാതാക്കളൊന്നും അംഗീകരിക്കാൻ സാധ്യതയില്ലാത്ത സബ്ജെക്ട്. നായകൻ തന്നെയാണ് വില്ലൻ. പക്ഷേ തമ്പി കണ്ണന്താനത്തിന് ആ കഥാസാരം കേട്ടപ്പോൾ തന്നെ ഇഷ്ടമായി. എനിക്ക് ഈ സിനിമ മമ്മൂട്ടി ചെയ്യണം എന്നായിരുന്നു ആഗ്രഹം. തമ്പിക്കും ഏറ്റവും അടുപ്പം മമ്മൂട്ടിയോടാണ്. അവർ ആത്മസുഹൃത്തുക്കളായിരുന്നു.

പക്ഷേ, ‘ആ നേരം അൽപ്പദൂരം’ പരാജയപ്പെട്ടതോടു കൂടി വീണ്ടും ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യാൻ മമ്മൂട്ടി മടിച്ചു. മമ്മൂട്ടി വിജയം വരിച്ചു നിൽക്കുന്ന ഹീറോ ആണ്. മമ്മൂട്ടിയ്ക്ക് കഥ വളരെ ഇഷ്ടമായിരുന്നു. പക്ഷേ, തമ്പിയുടെ പടത്തിൽ അഭിനയിക്കാൻ മമ്മൂട്ടി എന്തോ വിസമ്മതിച്ചു. ഞാൻ നിർബന്ധിച്ചു, തമ്പി ഒരുപാട് നിർബന്ധിച്ചു. എന്നിട്ടും മമ്മൂട്ടി സമ്മതിച്ചില്ല,” ഡെന്നീസ് ജോസഫ് എഴുതുന്നു. മാധ്യമം ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന ‘നിറക്കൂട്ടുകളില്ലാതെ’ എന്ന തന്റെ ആത്മകഥയിലാണ് ഡെന്നീസ് ജോസഫ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് തമ്പി കണ്ണന്താനം ചിത്രം പൂർത്തിയാക്കിയതെന്നും ആത്മകഥയിൽ ഡെന്നീസ് പറയുന്നു. “തമ്പി ധീരമായി പലതും പരിത്യജിച്ചാണ് രാജാവിന്റെ മകൻ ചെയ്തത്. തമ്പിയുടെ ഫിയറ്റ് കാർ വിറ്റു. നാട്ടിലുള്ള റബ്ബർ തോട്ടം പണയം വെച്ചു. പൈസ കുറവായതുകൊണ്ട് ചെറിയ ചിലവിലാണ് ഷൂട്ട് ചെയ്തത്. കുറച്ചു ദിവസമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ‘രാജാവിന്റെ മകൻ’ ഇന്നും ആളുകൾ ഓർമിക്കുന്നത് അമ്പരപ്പിക്കുന്നതും അഭിമാനം തോന്നുന്നതുമായ കാര്യമാണ്. സിനിമ നമ്മുടെ കൈയിൽ നിന്ന് വിട്ട് ദൈവികമായ ശക്തിയുടെ ഫലമായി മാറുന്നു എന്നു തിരിച്ചറിഞ്ഞ അനുഭവമാണ് ‘രാജാവിന്റെ മകൻ’,” ഡെന്നീസ് ജോസഫ് കുറിക്കുന്നു.

1986 ലാണ് ‘രാജാവിന്റെ മകൻ’ റിലീസിനെത്തിയത്. മോഹൻലാലിനൊപ്പം രതീഷ്, സുരേഷ് ഗോപി, അംബിക തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.ചിത്രം സൂപ്പർഹിറ്റായതിനൊപ്പം ചിത്രത്തിലെ ഡയലോഗുകളും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “മനസിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും ” , “രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദറാരാണെന്ന്, ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കൊലും സിംഹാസനവുമുളള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു. പ്രിൻസ്, രാജകുമാരൻ, രാജാവിന്റെ മകൻ”- തുടങ്ങിയ ഡയലോഗുകളെല്ലാം ആരാധകർ ഏറ്റുപറഞ്ഞു. ഇന്നും മോഹൻലാലിന്റെ ഏറ്റവും പോപ്പുലറായ സിനിമാ ഡയലോഗുകളെടുത്താൽ അതിൽ ‘രാജാവിന്റെ മകനും’ പെടും. ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആയിരുന്നു. ഉണ്ണിമേനോൻ ആലപിച്ച ‘വിണ്ണിലെ ഗന്ധർവ്വ വീണകൾ’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

“‘രാജാവിന്റെ മകൻ’ പുനർസൃഷ്ടിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു, ചർച്ചകളും നടത്തിയിരുന്നു. പലകാരണങ്ങൾ കൊണ്ട് അതു നടന്നില്ല,” എന്ന് പിന്നീട് മോഹൻലാലും വെളിപ്പെടുത്തിയിരുന്നു.

dennis joseph about rajavinte makan movie

More in Malayalam Articles

Trending

Recent

To Top