Movies
‘ടു കിൽ എ ടൈഗർ’ ഡോക്യുമെന്ററിയുടെ പ്രദർശനം തടയാനാകില്ല; ഡൽഹി ഹൈക്കോടതി
‘ടു കിൽ എ ടൈഗർ’ ഡോക്യുമെന്ററിയുടെ പ്രദർശനം തടയാനാകില്ല; ഡൽഹി ഹൈക്കോടതി
ഇക്കഴിഞ്ഞ ഓസ്കറിൽ മികച്ച ഡോക്യൂമെന്ററിയിലേക്ക് അവസാന നോമിനേഷനിലെത്തിയ ചിത്രമാണ് ‘ടു കിൽ എ ടൈഗർ’. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ തുളിർ ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴിതാ ഡോക്യുമെന്ററിയുടെ പ്രദർശനം തടയാനാകില്ലെന്ന് പറയുകയാണ് ഡൽഹി ഹൈക്കോടതി.
ജാർഖഖണ്ഡിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പതിമൂന്നുകാരിയുടെ പിതാവ്, തന്റെ മകൾക്ക് നീതി ലഭിക്കാൻ വേണ്ടി നടത്തുന്ന പോരാട്ടങ്ങളാണ് ടു കിൽ എ ടൈഗറിൽ പറയുന്നത്. ഇത് പെൺകുട്ടിയുടെ ഐഡൻറിറ്റി വെളിപ്പെടുത്തുന്നതാണെന്നും പോ ക്സോ നിയമം ലംഘിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. ചിത്രത്തിന്റെ സംവിധായിക നിഷ പഹൂജയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെയാണ് പരാതി.
പെൺകുട്ടിയുടെ സമ്മതമില്ലാതെയാണ് സംവിധായിക ചിത്രീകരണം ആരംഭിച്ചതെന്നും മൂന്നര വർഷക്കാലം നീണ്ട ചിത്രീകരണത്തിന് ശേഷം പെൺകുട്ടി പ്രായപൂർത്തിയായപ്പോൾ മാത്രമാണ് അനുവാദം വാങ്ങിയതെന്നും തുളിർ ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു.
എന്നാൽ ചിത്രീകരണം തുടങ്ങുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ മാതാപിതാക്കളിൽ നിന്ന് അനുവാദം വാങ്ങിയിരുന്നുവെന്നും ഡോക്യൂമെൻററി റിലീസ് ആകുമ്പോൾ അ തിജീവിത പ്രായപൂർത്തി ആയിരുന്നുവെന്നും നെറ്റ്ഫ്ലിക്സ് കോടതിയെ അറിയിച്ചു.
വാദം കേട്ട ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് റാവു ഗെഡ്‌ല എന്നിവരടങ്ങിയ ബെഞ്ച് കക്ഷികൾക്ക് നോട്ടീസ് അയക്കുകയും തുടർവാദം കേൾക്കാൻ ഒക്ടോബർ 8ലേയ്ക്ക് കേസ് മാറ്റിവെക്കാനും തീരുമാനിച്ചു. മാർച്ച് 10 ന് ഡോക്യുമെൻ്ററി റിലീസ് ചെയ്ത സാഹചര്യത്തിൽ ഈ ഘട്ടത്തിൽ ഇടക്കാല ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ‘ടു കിൽ എ ടൈഗർ’ ഇതുവരെ നേടിയത്. കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ നിഷ പഹൂജയാണ് സംവിധായിക.
മുംബൈ സ്വദേശിനിയാണ് ഇവർ. നിഷ പൗജയ്ക്കൊപ്പം ഡേവിഡ് ഓപ്പൺഹൈം, കോർണേലിയ പ്രിൻസിപ്പ്, ആൻഡി കോഹൻ എന്നിവരും ചേർന്നാണ് ഡോക്യൂമെന്ററി നിർമ്മിച്ചിരിക്കുന്നത്. ദേവ് പട്ടേൽ മിണ്ടി കാലിംഗ്, പ്രിയങ്ക ചോപ്ര എന്നിവരാണ് ടു കിൽ എ ടൈഗർ എക്സിക്യൂട്ടീവ് പ്രോഡ്യൂസേഴ്സ്.