News
തമിഴ് നടൻ ഡൽഹി ഗണേശ് അന്തരിച്ചു
തമിഴ് നടൻ ഡൽഹി ഗണേശ് അന്തരിച്ചു
പ്രമുഖ തമിഴ് നടൻ ഡൽഹി ഗണേശ് അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അന്ത്യം. സംസ്കാരച്ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 10-ന് ചെന്നൈയിൽ വെച്ച് നടക്കും. തമിഴ് സിനിമകളിലും സീരിയലുകളിലും നിറഞ്ഞ് നിന്നിരുന്ന താരമാണ് ഗണേശ്. നാന്നൂറാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക്, ഹിന്ദി സിനിമകളിലും മലയാളത്തിൽ പത്ത് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദേവാസുരം, ധ്രുവം, കാലാപാനി, കൊച്ചിരാജാവ്, കീർത്തിചക്ര, പെരുച്ചാഴി, പോക്കിരിരാജ, മനോഹരം തുടങ്ങിയവയാണ് മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ചില ചിത്രങ്ങൾ. ഇന്ത്യൻ എയർ ഫോഴ്സിലെ ജോലി ഉപേക്ഷിച്ചാണ് നടൻ അഭിനയ രംഗത്തേയ്ക്ക് കടന്ന് വരുന്നത്. അതിന് മുമ്പ് ഡൽഹിയിലെ നാടക ട്രൂപ്പിലെ അംഗമായിരുന്നു ഗണേശ്.
ക്യാരക്ടർ റോളുകളാണ് നടൻ കൂടുതലായി ചെയ്തത്. ചില ചിത്രങ്ങളിൽ പ്രതിനായക സ്വഭാവമുള്ള വേഷങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. തെന്നാലി, മൈക്കൽ മദന കാമ രാജൻ, നായകൻ, സിന്ധു ഭൈരവി, ആഹ തുടങ്ങിയവയാണ് കരിയറിൽ ഡൽഹി ഗണേശന്റെ ശ്രദ്ധേയ സിനിമകൾ. ഈ വർഷം ജൂലായിൽ പുറത്തിറങ്ങിയ ഇന്ത്യൻ-2 ആണ് പുറത്തിറങ്ങിയ അവസാന ചിത്രം.
1976 ൽ പുറത്തിറങ്ങിയ പട്ടിണ പ്രവേശം എന്ന സിനിമയിലൂടെയാണ് തുടക്കം. എങ്കമ്മ മഹാറാണി എന്ന സിനിമയിൽ നായകനായും അഭിനയിച്ചിട്ടുണ്ട്. 1979 ൽ പുറത്തിറങ്ങിയ പസി എന്ന സിനിമയിലെ പ്രകടനത്തിന് തമിഴ്നാട് സർക്കാരിന്റെ പ്രത്യേക പുരസ്കാരം ഡൽഹി ഗണേശിന് ലഭിച്ചിട്ടുണ്ട്. കൂടാതെ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഡൽഹി ഗണേശന്റെ പാത പിന്തുടർന്ന് മകൻ മഹാദേവനും സിനിമാ രംഗത്തേയ്ക്ക് കടന്ന് വന്നു. എന്നുൾ ആയിരം എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. ഈ സിനിമ നിർമ്മിച്ചത് ഡൽഹി ഗണേശാണ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സിനിമാതാരങ്ങളായ രജനീകാന്ത്, കമൽഹാസൻ, വിജയ് തുടങ്ങി നിരവധി പേർ ഡൽഹി ഗണേശിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.