News
ദി ഡെയ്‌ലി ഷോയുടെ അവതാരകനായി താന്‍ ഇനി ഉണ്ടാവില്ല; വികാരഭരിതമായ വീഡിയോ പങ്കുവെച്ച് ട്രെവര്‍ നോഹ
ദി ഡെയ്‌ലി ഷോയുടെ അവതാരകനായി താന്‍ ഇനി ഉണ്ടാവില്ല; വികാരഭരിതമായ വീഡിയോ പങ്കുവെച്ച് ട്രെവര്‍ നോഹ
ഏറെ ജനപ്രീതി നേടിയ ദി ഡെയ്‌ലി ഷോയുടെ അവതാരകനായി താന്‍ ഇനി ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് ആക്ഷേപഹാസ്യ ടെലിവിഷന്‍ അവതാരകന്‍ ട്രെവര്‍ നോഹ. ഈ യാത്രയില്‍ താന്‍ നന്ദിയുള്ളവനായിരുന്നു. തന്റെ ജീവിതത്തിന്റെ മറ്റൊരു ഭാഗം തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും നോഹ പ്രഖ്യാപനത്തിന് പിന്നാലെ അറിയിച്ചു.
2015ല്‍ ജോണ്‍ സ്റ്റുവര്‍ട്ട് പടിയിറങ്ങിയതിന് ശേഷമാണ് ദി ഡെയ്‌ലി ഷോയുടെ അവതാരകനായി 38കാരനായ ട്രെവര്‍ നോഹ എത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ പൗരനായ ട്രെവര്‍ 2011ലാണ് അമേരിക്കയിലേക്ക് താമസം മാറ്റുന്നത്.
അമേരിക്കയിലേക്ക് മാറുന്നത് വരെ സ്റ്റാന്‍ഡ് അപ് കൊമേഡിയനായും, ലേറ്റ് നൈറ്റ് ഷോകളുടെ അവതാരകനായും ട്രെവര്‍ വേദികളില്‍ നിറഞ്ഞു നിന്നിരുന്നു. പിന്നീട് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട താരമായി മാറുകയും നിരവധി ടെലിവിഷന്‍ അവാര്‍ഡുകള്‍ നേടുകയും ചെയ്തു.
അതേസമയം കോമഡി സെന്റര്‍ നെറ്റ്‌വര്‍ക്ക് ചാനലില്‍ നിന്ന് രാജിവെക്കുന്ന കാര്യം പിന്നീട് അറിയിക്കുമെന്നും അതുവരെ ആതിഥേയനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
