ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല,ജീവിക്കുകയാണ്, മനുഷ്യൻ കാണേണ്ട സിനിമ’, സൗദി വെള്ളക്കയെ കുറിച്ച്
തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക എന്ന ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി തിയേറ്ററുകളിൽ തുടരുകയാണ്. ഈയവസരത്തിൽ ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രി എം എം മണി. മനുഷ്യൻ കാണേണ്ട സിനിമയാണിത് എന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് എം എം മണി സിനിമയെ പ്രശംസിച്ചെത്തിയത്. ‘ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല. ജീവിക്കുകയാണ്. മനുഷ്യൻ കാണേണ്ട സിനിമ’, എം എം മണി കുറിച്ചു.
നേരത്തെ ശബരീനാഥൻ എംഎൽഎയും ചിത്രത്തെ പ്രശംസിച്ചെത്തിയിരുന്നു. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ‘സൗദി വെള്ളക്ക’ എന്നും ഇന്ത്യയുടെ ഓസ്കാർ അവാർഡുകൾക്കുള്ള പരിഗണന പട്ടികയിൽ ഈ കൊച്ചു ചിത്രമുണ്ടാകും എന്നാണ് തന്റെ പ്രതീക്ഷയെന്നും ശബരീനാഥന്‍ പറഞ്ഞു.സിനിമയ്ക്ക് മികച്ച പ്രതികരണമാണ് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. സൗദി വെള്ളക്കയുടെ തിരക്കഥയും തരുൺ മൂർത്തിയുടെ സംവിധാന മികവുമാണ് സിനിമയുടെ പ്രധാന പ്ലസ് പോയന്റായി പ്രേക്ഷകർ പറയുന്നത്. സിനിമയിലെ പ്രധാന കഥാപാത്രമായ ആയിഷ റാവുത്തറിനെ അവതരിപ്പിച്ച ദേവി വർമ്മയ്ക്ക് വലിയ അഭിനന്ദനം തന്നെ ലഭിക്കുന്നുണ്ട്. ഒപ്പം മറ്റ് അഭിനേതാക്കളുടെ പ്രകടനത്തിനും കാസ്റ്റിങ്ങിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.സോഷ്യല്‍ ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് സൗദി വെള്ളക്ക. ലുക്മാൻ, ബിനു പപ്പു, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരും ചിത്രത്തിലുണ്ട്. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ദേശീയ പുരസ്‌കാരം നേടിയ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ബിജു മേനോന്‍ നായകനായ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഹരീന്ദ്രനാണ് ചിത്രത്തിന്റെ സഹ നിര്‍മാതാവ്. ചിത്രത്തിന്റെ ഛായാഗ്രാഹണം ശരണ്‍ വേലായുധനും ചിത്രസംയോജനം നിഷാദ് യൂസഫുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടെയും ജോപോളിന്റെയും വരികള്‍ക്ക് പാലി ഫ്രാന്‍സിസ് ഈണം പകരുന്നു.