Connect with us

സിഐഡി മൂസ 2 വരുന്നു; ആദ്യ ഭാഗത്തെ പോലെ തന്നെ കട്ടയ്ക്ക് പിടിക്കും, ആ താരങ്ങള്‍ നഷ്ടങ്ങള്‍ തന്നെയാണ്, പുതിയ ആള്‍ക്കാരെ വെച്ചത് നികത്താന്‍ ശ്രമിക്കും; ജോണി ആന്റണി

Malayalam

സിഐഡി മൂസ 2 വരുന്നു; ആദ്യ ഭാഗത്തെ പോലെ തന്നെ കട്ടയ്ക്ക് പിടിക്കും, ആ താരങ്ങള്‍ നഷ്ടങ്ങള്‍ തന്നെയാണ്, പുതിയ ആള്‍ക്കാരെ വെച്ചത് നികത്താന്‍ ശ്രമിക്കും; ജോണി ആന്റണി

സിഐഡി മൂസ 2 വരുന്നു; ആദ്യ ഭാഗത്തെ പോലെ തന്നെ കട്ടയ്ക്ക് പിടിക്കും, ആ താരങ്ങള്‍ നഷ്ടങ്ങള്‍ തന്നെയാണ്, പുതിയ ആള്‍ക്കാരെ വെച്ചത് നികത്താന്‍ ശ്രമിക്കും; ജോണി ആന്റണി

മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒന്നടങ്കം ഒരുപോലെ ആസ്വദിച്ചു. ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ ഇന്നും ആവര്‍ത്തിച്ച് കാണുന്ന ഈ സിനിമ മലയാളികള്‍ക്ക് സമ്മാനിച്ചത് ചിരിയുടെ മാലപ്പടക്കം ആയിരുന്നു. അത്തരത്തിലൊരു സിനിമ ഇനി ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയവും ആണ്. കഴിഞ്ഞ കുറച്ച് കാലമായി സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടക്കുന്നുണ്ട്.

ഇപ്പോഴിതാ സിഐഡി മൂസയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇക്കാര്യം സംവിധായകന്‍ ജോണി ആന്റണി തുറന്നു പറയുകയും ചെയ്തിരുന്നു. മൂസ 2 നന്നായി എഴുതി വരികയാണെങ്കില്‍, രസകരമായ ആ കോമ്പോ ഒന്നിച്ച്, അന്ന് എങ്ങനെ തുടങ്ങിയോ ആ ഊര്‍ജ്ജത്തില്‍ ഒന്നിച്ച് നിന്ന് മുന്നോട്ട് പോകുക ആണെങ്കില്‍ തീര്‍ച്ചയായും മൂസ 2 ഉണ്ടാകും.

അത് സംഭവിക്കാനാണ് നമ്മള്‍ എല്ലാം ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. ഇത് പുതിയൊരാള്‍ ചെയ്‌തെങ്കില്‍ ബെറ്റര്‍ ആകുമെന്ന് പറയിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ആദ്യ ഭാഗത്തെ പോലെ തന്നെ കട്ടയ്ക്ക് പിടിച്ച് എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും. അത് ഞാന്‍ ഉറപ്പ് തരികയാണ്. സ്‌കോട്ട്‌ലാന്റില്‍ ആയിരിക്കും ഇന്‍ട്രോഡക്ഷന്‍ സോങ്’, എന്നാണ് ജോണി ആന്റണി പറഞ്ഞത്.

ആദ്യഭാഗത്ത് ഉണ്ടായിരുന്ന പല അഭിനേതാക്കളും ഇന്നില്ലല്ലോ എന്ന ചോദ്യത്തിന്, ‘തുടര്‍ച്ചകള്‍ വന്നിട്ടുള്ള സിനിമകളില്‍ ഒരിക്കലും ഒരു കഥാപാത്രവും നിലനില്‍ക്കണമെന്ന് നിര്‍ബന്ധം ഇല്ല. എനിക്ക് തോന്നുന്നു രണ്ടാം ഭഗത്തില്‍ മൂസയും അര്‍ജുനും ഉണ്ടായാല്‍ മതി. അങ്ങനെ ചിന്തിച്ചാലേ പറ്റുള്ളൂ. ഇല്ലാത്തവരെ നമുക്ക് കൊണ്ട് വരാന്‍ പറ്റില്ല. നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ തന്നെയാണ്.

പക്ഷേ പുതിയ ആള്‍ക്കാരെ വച്ചത് നികത്താന്‍ ശ്രമിക്കും. ഒരുപാട് കടമ്പകള്‍ ഉണ്ട് അതിന്’, എന്നായിരുന്നു ജോണി ആന്റണിയുടെ മറുപടി. പവി കെയര്‍ ടേക്കര്‍ എന്ന ദിലീപ് ചിത്രത്തിന്റെ പ്രമോഷന്‍ പ്രസ്മീറ്റിനിടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.

സിഐഡി മൂസ എടുക്കുന്നത് ദിലീപിന്റെ പ്രതിസന്ധി പരിഹരിക്കാനല്ല. ദിലീപിന്റെ പ്രതിസന്ധിയുടെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോഴാണല്ലോ രാമലീല വരുന്നത്. സിനിമ സംബന്ധമായി ദിലീപിന് ഒരു പ്രതിസന്ധി ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കേസുമായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ടാകാം. അത് കോടതി തീരുമാനിക്കട്ടെ. അതിനകത്ത് നമ്മളിപ്പോള്‍ കമന്റ് പറയേണ്ട കാര്യമില്ല എന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.

സിഐഡി മൂസ റിലീസ് ചെയ്തിട്ട് 20 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ദിലീപ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായികുന്നു. ‘മൂസ വീണ്ടും തിരിച്ചുവരും. സിഐഡി മൂസയുടെ 20 വര്‍ഷങ്ങള്‍,’ എന്നാണ് ദിലീപ് കുറിച്ചത്. ഇത് സിനിമാ പ്രേമികള്‍ക്ക് ആവേശം പകര്‍ന്നിരുന്നു. ഇപ്പോള്‍ ജോണി ആന്റണിയുടെ വാക്കുകള്‍ക്ക് പിന്നാലെ ദിലീപില്‍ നിന്നും ആ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

2003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസ് ചെയ്തത്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുകുമാരി, ബിന്ദു പണിക്കര്‍, മുരളി, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

അതേസമയം, പവി കെയര്‍ ടേക്കര്‍ എന്ന ചിത്രമാണ് ദിലീപിന്റേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. നടന്‍ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പവി കെയര്‍ ടേക്കര്‍. മലയാളികളെ നോണ്‍ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടര്‍ച്ചയാണ് വിനീത്കുമാര്‍ സംവിധാനം ചെയ്ത ‘പവി കെയര്‍ടേക്കര്‍’ എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ദിലീപിനൊപ്പം എത്തുന്ന അഞ്ച് പുതുമുഖ നായികമാരാണ് പവി കെയര്‍ ടേക്കറിന്റെ മറ്റൊരു പ്രത്യേകത.

More in Malayalam

Trending