Hollywood
ഓപ്പൻഹൈമറിന് പിന്നാലെ ഒഡീസിയുമായി ക്രിസ്റ്റഫർ നോളൻ
ഓപ്പൻഹൈമറിന് പിന്നാലെ ഒഡീസിയുമായി ക്രിസ്റ്റഫർ നോളൻ
ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ആദ്യചിത്രമായ ഫോളോയിങ് മുതൽ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഓപ്പൻഹൈമർ വരെ നോളന്റ സംവിധാന വൈദഗ്ധ്യം എടുത്തുകാണിക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ തന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.
‘ഓപ്പൻഹൈമറി’ന് ശേഷം ദ ഒഡീസി എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്. ഗ്രീക്ക് കവി ഹോമറിന്റെ ഇതിഹാസകാവ്യമായ ‘ഒഡീസി’യെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പുതിയ ഐമാക്‌സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സിനിമ ഒരുങ്ങുന്നത്. യൂണിവേഴ്‌സൽ പിക്‌ചേഴ്‌സാണ് നിർമാണം.
ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്റെ നിർണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്റെ ദീർഘവും ദുർഘടം പിടിച്ചതുമായ മടക്കയാത്രയും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ഇത്താക്കയിൽ സംഭവിക്കുന്ന പ്രശ്‌നങ്ങളുമാണ് ‘ദ ഒഡീസി’യുടെ ഇതിവൃത്തം. മാറ്റ് ഡാമൺ, ടോം ഹോളണ്ട്, സെൻഡയ എന്നിവരുൾപ്പെടെയുള്ള ഒരു വൻതാരനിര ചിത്രത്തിൽ വേഷമിടുന്നുണ്ട്.
2026 ജൂലൈയിൽ ൽ സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. അണുബോംബിന്റെ പിതാവെന്നറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൻഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ ഒരുക്കിയ സിനിമയായിരുന്നു ഓപ്പൻഹൈമർ. ഓപ്പൻഹൈമറിലൂടെ കരിയറിലെ ആദ്യ ഓസ്‌കർ അവാർഡും നോളൻ സ്വന്തമാക്കിയിരുന്നു.
