News
എലിഫന്റ് വിസ്പറേഴ്‌സ് സംഘത്തെ ആദരിച്ച് എംഎസ് ധോണിയും ചെന്നൈ സൂപ്പര്‍ കിങ്‌സ് അധികൃതരും
എലിഫന്റ് വിസ്പറേഴ്‌സ് സംഘത്തെ ആദരിച്ച് എംഎസ് ധോണിയും ചെന്നൈ സൂപ്പര്‍ കിങ്‌സ് അധികൃതരും
ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍ ഇന്ത്യയുടെ അഭിമാനമായ ചിത്രങ്ങളായിരുന്നു ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററിയും രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറും. ഇതില്‍ ഇന്ത്യയ്ക്ക് കിട്ടിയ അപ്രതീക്ഷിത സമ്മാനമായിരുന്നു എലിഫന്റ് വിസ്പറേഴ്‌സിന്റെ ഓസ്‌കര്‍ നേട്ടം.
ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ബൊമ്മന്‍, ബെള്ളി, സംവിധായിക കാര്‍തികി ഗോണ്‍സാല്‍വസ് എന്നിവര്‍ക്ക് ആദരമൊരുക്കിയിരിക്കുകയാണ് ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും എം.എസ്. ധോണിയും.
ചെന്നൈയില്‍ വെച്ചാണ് ധോണിയും സൂപ്പര്‍ കിങ്‌സ് അധികൃതരും ചേര്‍ന്ന് കഴിഞ്ഞദിവസം എലിഫന്റ് വിസ്പറേഴ്‌സ് സംഘത്തെ ആദരിച്ചത്. തങ്ങള്‍ക്ക് ലഭിച്ച ഓസ്‌കര്‍ പുരസ്‌കാര ശില്‍പവുമായാണ് എലിഫന്റ് വിസ്പറേഴ്‌സ് ടീം ചെന്നൈയില്‍ ധോനിയേ കാണാനെത്തിയത്.
ബൊമ്മനും ബെള്ളിക്കും അവരുടെ പേരെഴുതിയ ജഴ്‌സി ധോനി സമ്മാനിച്ചു. ഇവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം നല്‍കി. ധോനിയുടെ മകള്‍ സിവയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ചെന്നൈ സൂപ്പര്‍ കിങ്‌സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ ധോനി നിര്‍മിക്കുന്ന ആദ്യ ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എല്‍.ജി.എം എന്നുപേരിട്ടിരിക്കുന്ന തമിഴ് ചിത്രം ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. ഹരീഷ് കല്യാണാണ് നായകന്‍. ഐവാന നായികയാവുന്ന ചിത്രത്തില്‍ നാദിയാ മൊയ്തു, യോഗ ബാബു എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. രമേഷ് തമിള്‍മണിയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്.