News
തെരെഞ്ഞെടുപ്പ് ചൂടില്‍ ആന്ധ്രാപ്രദേശ്; വോട്ട് രേഖപ്പെടുത്താനെത്തി താരങ്ങള്‍
തെരെഞ്ഞെടുപ്പ് ചൂടില്‍ ആന്ധ്രാപ്രദേശ്; വോട്ട് രേഖപ്പെടുത്താനെത്തി താരങ്ങള്‍
ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചൂടിലാണ് ആന്ധ്രാപ്രദേശ്. 25 ലോക്സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. വോട്ട് രേഖപ്പെടുത്താന്‍ തെലുങ്ക് സിനിമാ രംഗത്തെ നിരവധി താരങ്ങളും എത്തിയിരുന്നു. മെഗാസ്റ്റാര്‍ ചിരഞ്ജീവി, അല്ലു അര്ജുന്, ജൂനിയര്‍ എന്‍ടിആര്‍ നടനും ജനസേനാ നേതാവുമായ പവന് കല്യാണ്‍ തുടങ്ങിയ താരങ്ങള്‍ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തുകളില്‍ എത്തി.
മെഗാസ്റ്റാര്‍ ചിരഞ്ജീവി കൊനിഡേലയും കുടുംബവും ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ജനങ്ങള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം ചിരഞ്ജീവി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആന്ധ്രാപ്രദേശിലെ മംഗളഗിരിയിലെ പോളിംഗ് ബൂത്തിലാണ് നടനും ജനസേനാ പാര്‍ട്ടി നേതാവുമായ പവന് കല്യാണ്‍ വോട്ട് ചെയ്തത്. കുടുംബ സമേതമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
ജൂബിലി ഹില്‍സിലെ പോളിംഗ് ബൂത്തില്‍ കുടുംബസമേതം എത്തിയാണ് നടന് അല്ലു അര്ജുന് വോട്ട് രേഖപ്പെടുത്തിയത്. ‘ എല്ലാവരും ദയവായി വോട്ട് രേഖപ്പെടുത്തണം. ഇത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്വമാണ്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിര്‍ണായകമായ ദിനം കൂടിയാണിത്. തിരഞ്ഞെടുപ്പില്‍ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണം.’ വോട്ട് രേഖപ്പെടുത്തിയ ശേഷം അല്ലു അര്ജുന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജൂബിലി ഹില്‍സിലെ പോളിംഗ് ബൂത്തില്‍ ഏറെ നേരം വരിയില്‍ കാത്തുനിന്ന ശേഷമാണ് നടന് ജൂനിയര്‍ എന്‍ടിആര്‍ വോട്ട് രേഖപ്പെടുത്തിയത്. ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം എത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്.’ എല്ലാവരും തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണം. വരും തലമുറയ്ക്ക് നമ്മള് കൈമാറുന്ന നല്ലൊരു സന്ദേശമാണ് ഇതെന്നും ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.’
സംഗീത സംവിധായകന് കീരവാണി, സംവിധായകനും തിരക്കഥാകൃത്തുമായ തേജും ജൂബിലി ഹില്‍സിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടുകള്‍ രേഖപ്പെടുത്തി. ദുബായിയിലായിരുന്ന എസ്എസ് രാജമൗലിയും ഭാര്യ രമ, മകന് എസ്എസ് കാര്‍ത്തികേയ എന്നിവര്‍ ഇന്നാണ് ഹൈദരാബാദില്‍ എത്തിയത്. വിമാനമിറങ്ങിയ ശേഷം നേരെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു സംവിധായകനും കുടുംബവും.
ജൂബിലി ഹില്‍സിലെ പോളിംഗ് ബൂത്തിലാണ് നടന് രാം ചരണും ഭാര്യ ഉപാസനയും വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ നമ്രതയ്ക്കൊപ്പമാണ് നടന് മഹേഷ് ബാബു വോട്ട് ചെയ്യാനെത്തിയത്. ഹൈദരാബാദിലാണ് താരം വോട്ട് ചെയ്തത്. നടന് നാനിയും ഭാര്യക്കൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരെ കൂടാതെ നടന് സുമന്ത്, നാഗചൈതന്യ, നന്ദമുരി കല്യാണ റാം, നന്ദമുരി ബാലകൃഷ്ണ, വിഷ്ണു മഞ്ചു എന്നിവരും തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താന്‍ എത്തി.
