Movies
ബിജിലി രമേശ് അന്തരിച്ചു
ബിജിലി രമേശ് അന്തരിച്ചു
പ്രശസ്ത തമിഴ് ഹാസ്യ താരം ബിജിലി രമേശ്(46) അന്തരിച്ചു. നാളുകളായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതേ തുടർന്നാണ് അന്ത്യം സംഭവിച്ചത്. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നടക്കുമെന്നണ് വിവരം. ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ ചികിത്സയുമായി മുന്നോട്ട് പോകാന് സാമ്പത്തികമായി സഹായിക്കണമെന്ന് കുടുംബാംഗങ്ങള് സഹപ്രവർത്തകരോട് അഭ്യർത്ഥിച്ചിരുന്നു.
യൂട്യൂബിലെ ഒരു സ്കെച്ച് ഗ്രൂപ്പിന്റെ പ്രാങ്ക് വീഡിയോയിലൂടെ 2018 ൽ ആണ് രമേശ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. ആ വർഷം തന്നെ നയൻതാരയും സംവിധായകൻ നെൽസൺ ദിലീപ്കുമാറും ചേർന്ന് സംവിധാനം ചെയ്ത ‘കോലമാവ് കോകില’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രമോഷണൽ ഗാനത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഒടുവിൽ തമിഴ് സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.
ഹിപ് ഹോപ് ആദിയുടെ ‘നട്‍പേ തുണൈ’, അമല പോളിന്റെ ‘ആടൈ’, ജ്യോതികയുടെ ‘പൊന്മകള് വന്താൽ’, ജയം രവിയുടെ ‘കോമാളി’, ശിവപ്പു മഞ്ഞള്‍ പച്ചൈ, ആടി, എ1, എംജിആര്‍ മകൻ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. താൻ മദ്യപാനിയാണെന്നും അതുകൊണ്ടാണ് ജീവിതത്തിൽ കഷ്ടപ്പെടുന്നതെന്നും ബിജിലി രമേശ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ മദ്യത്തിന് അടിമപ്പെടരുതെന്നും അവരുടെ ആരോഗ്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ജനങ്ങളെ ഉപദേശിക്കാറുണ്ടായിരുന്നു. ബിജിലി രമേശിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.