News
ബിഗ്‌ബോസ് മലയാളം 5 വരുന്നു…, അവതാരകനായി മോഹന്‍ലാല്‍ അല്ല?; വമ്പന്‍ താരങ്ങള്‍ക്കായുള്ള സോഷ്യല്‍ മീഡിയയിലെ വോട്ടിംഗ് നില ഇങ്ങനെ
ബിഗ്‌ബോസ് മലയാളം 5 വരുന്നു…, അവതാരകനായി മോഹന്‍ലാല്‍ അല്ല?; വമ്പന്‍ താരങ്ങള്‍ക്കായുള്ള സോഷ്യല്‍ മീഡിയയിലെ വോട്ടിംഗ് നില ഇങ്ങനെ
നിരവധി കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ തുടങ്ങിയ പരിപാടി ഇപ്പോള്‍ പല ഭാഷകളിലും ഉണ്ട്. എല്ലാ ഭാഷയിലും അവിടുത്തെ പ്രമുഖ താരങ്ങളായിരിക്കും അവതാരകനായി എത്തുന്നത്. ഇപ്പോള്‍ മലയാളത്തില്‍ പുതിയൊരു സീസണ്‍ കൂടി ആരംഭിക്കാന്‍ പോവുകയാണ്. ഇതുവരെ പ്രേക്ഷകര്‍ കണ്ടതില്‍ വച്ച് ഏറ്റവും വിസ്മയമായേക്കാന്‍ സാധ്യത മുന്‍നിര്‍ത്തിയാണ് അഞ്ചാമതും ഷോ വരുന്നത്.
സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികള്‍ ആയിരുന്ന പേളിയുടെയും ശ്രീനിഷിന്റെയും വീഡിയോ പങ്കുവച്ചുകൊണ്ടാണ്, സീസണ്‍ 5 ഉടന്‍ തുടങ്ങും എന്ന സ്‌റ്റോറി ഏഷ്യനെറ്റ് ചാനലിന്റെ ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ശ്രീനിഷിനെയും പേളിയെയും ടാഗ് ചെയ്തുകൊണ്ടാണ് സ്‌റ്റോറി. സീസണ്‍ 5 നെ കുറിച്ച് ഇതിനോടകം പല കിംവദന്തികളും പ്രചരിയ്ക്കുന്നുണ്ട്. മാര്‍ച്ച് അവസാനത്തോടെ ഷോ ആരംഭിയ്ക്കും എന്നാണ് വിവരം. എവിടെയാണ് ഇത്തവണ ഷോ നടക്കുന്നത് എന്ന സൂചനകള്‍ ഒന്നും തന്നെ വന്നിട്ടില്ല.
അതേസമയം മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടന്ന് കഴിഞ്ഞു. ഇതിനിടയില്‍ മോഹന്‍ലാല്‍ തന്നെ അവതാരകനാവുമോ എന്ന ചോദ്യം മുന്‍പ് ഉയര്‍ന്ന് വന്നിരുന്നു. ഇത്തവണയും മോഹന്‍ലാലായിരിക്കും അവതാരകന്‍. ഇനിയിപ്പോള്‍ മോഹന്‍ലാല്‍ അല്ലെങ്കില്‍ ആരായിരിക്കുമെന്ന ചോദ്യത്തിന് രസകരമായൊരു ഉത്തരം ലഭിച്ചിരിക്കുകയാണ്. എല്ലാ ഭാഷകളിലും അവിടുത്തെ മുന്‍നിര താരങ്ങളാണ് അവതാരകരായിട്ട് എത്താറുള്ളത്. മലയാളത്തില്‍ മോഹന്‍ലാല്‍ എത്തുന്നതിന് മുന്‍പ് മമ്മൂട്ടിയ്ക്കും ഓഫര്‍ വന്നിരുന്നതായി അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തി.
അവതാരകന്റെ റോള്‍ മനോഹരമായി കൈകാര്യം ചെയ്യുന്ന നടന്‍ സുരേഷ് ഗോപിയ്ക്കും അതിന് സാധ്യതയുള്ളതായിട്ടാണ് ആരാധകര്‍ മുന്‍പ് പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ ഇടൈംസ് നടത്തിയ ഒരു പോളിലൂടെ ബിഗ് ബോസ് അവതാരകനാവാന്‍ ഏറ്റവും അനുയോജ്യനായ നടനെ കണ്ടെത്തിയിരിക്കുകയാണ്.
മോഹന്‍ലാലിന് പകരം ആ റോളിലേക്ക് എത്താന്‍ ഏറ്റവും മികച്ചത് ആരായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിയത്. ലിസ്റ്റില്‍ മമ്മൂട്ടി, പൃഥ്വിരാജ് സുരേഷ് ഗോപി, മുകേഷ് എന്നിങ്ങനെ നാല് താരങ്ങളുടെ പേരുകളാണ് ഉണ്ടായിരുന്നത്. പോളില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കാണ്. 39 ശതമാനം പേരാണ് മമ്മൂട്ടിയ്ക്ക് വോട്ട് ചെയ്തത്. പൃഥ്വിരാജിന് 25 ശതമാനവും, സുരേഷ് ഗോപിയ്ക്ക് 22 ശതമാനവും മുകേഷിന് 14 ശതമാനവും വോട്ട് കിട്ടി.
ബിഗ് ബോസിലേക്ക് അവതരാകനായി പോകാനുള്ള അവസരം വന്നിട്ടും താനത് നിഷേധിച്ചതാണെന്ന് മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ‘കൊക്കോ കോളയുടെ പരസ്യം ചെയ്യാനായി കോടികളാണ് അവരെനിക്ക് വാഗ്ദാനം ചെയ്തത്. പക്ഷേ അന്ന് താനത് ഉപേക്ഷിച്ചു. അതിനെക്കാള്‍ വലിയ കോടികളാണ് ബിഗ് ബോസ് ചെയ്യാന്‍ വേണ്ടി പറഞ്ഞത്.
അത്രയും വലിയ ഓഫറായിരുന്നു. പക്ഷേ അത് ഉപേക്ഷിക്കാന്‍ പ്രത്യേകിച്ച് തിയറി ഒന്നും വേണ്ട. എനിക്കത് ശരിയാവില്ലെന്ന് തോന്നിയത് കൊണ്ടാണ് വേണ്ടെന്ന് വെച്ചത്. അവസാനം നമുക്കത് ശ്വാസം മുട്ടുമെന്നുമാണ് എന്നുമാണ് ബിഗ് ബോസിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.
എന്തായാലും അഞ്ചാം സീസണിലും മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമെന്ന കാര്യം ഏകദേശം ഉറപ്പായി. നൂറ് ദിവസങ്ങളായി നടക്കുന്ന ഷോ യില്‍ പതിനഞ്ച് ദിവസമേ അവതാരകന്‍ വരേണ്ടതുള്ളു. ഇത്രയും ദിവസത്തിനായി പതിനെട്ട് കോടിയോളം പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നാണ് വിവരം. അവതാരകന് പുറമേ ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ക്കും വലിയൊരു തുക പ്രതിഫലമായി ലഭിക്കുന്നുണ്ട്. പലരും സാമ്പത്തിക ലാഭം കൂടി മുന്‍നിര്‍ത്തിയാണ് ഷോയിലേക്ക് വരുന്നത്.
സാബുമോന്‍ ആണ് ബിഗ്ഗ് ബോസ് മലയാളം ആദ്യ സീസണിലെ ടൈറ്റില്‍ വിന്നര്‍ ആയത്. രണ്ടാം സീസണ്‍ കൊവിഡ് ആദ്യ തരംഗം വ്യാപിച്ചതിനാല്‍ പിരിച്ചുവിടുകയായിരുന്നു. മൂന്നാം സീസണും കൊവിഡ് കാരണം പിരിച്ചുവിട്ടുവെങ്കിലും പിന്നീട് നടത്തിയ പോളിങിലൂടെ മണിക്കുട്ടന്‍ ടൈറ്റില്‍ വിന്നറായി. ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ്ഗ് ബോസ് സീസണ്‍ 4 ലെ വിന്നര്‍. ബിഗ്ഗ് ബോസ് സീസണ്‍ 5 ലും ജീവിതത്തിന്റെ പല ഘട്ടങ്ങളെയും സാഹസികമായി അഭിമുഖീകരിച്ചു വന്ന വ്യത്യസ്തരായ മത്സരാര്‍ത്ഥികള്‍ തന്നെ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
