Malayalam
മോഹൻലാൽ രാജിവെച്ചത് ഉചിതമായ തീരുമാനം, ഇനിയൊരു കമ്മിറ്റി രൂപീകരിക്കുകയാണെങ്കിൽ പകുതി പുരുഷന്മാരും പകുതി സ്ത്രീകളും അതിൽ ഉൾപ്പെടണം; ഭാഗ്യലക്ഷ്മി
മോഹൻലാൽ രാജിവെച്ചത് ഉചിതമായ തീരുമാനം, ഇനിയൊരു കമ്മിറ്റി രൂപീകരിക്കുകയാണെങ്കിൽ പകുതി പുരുഷന്മാരും പകുതി സ്ത്രീകളും അതിൽ ഉൾപ്പെടണം; ഭാഗ്യലക്ഷ്മി
നടിമാരുടെ ആരോപണങ്ങൾക്ക് പിന്നാലെ ഞായാറാഴ്ച രാവിലെയായിരുന്നു നടൻ സിദ്ദിഖ് താര സംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പിന്നാലെ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രഞ്ജിത്തും രാജി വെച്ചിരുന്നു. പിന്നാലെ വലിയ ചർച്ചകൾക്കാണ് ഈ സംഭവം തിരികൊളുത്തിയത്. തനിക്കെതിരെ നടി ഉയർത്തിയ ആരോപണത്തിൻറെ വെളിച്ചത്തിലാണ് രാജിയെന്നാണ് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞത്.
വലിയ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ അമ്മയ്ക്കകത്ത് തന്നെ പൊട്ടിത്തെറി നടക്കുകയാണ്. ഈ വേളയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെയും 17 എക്സിക്യൂട്ടീവ് അംഗങ്ങളുടെയും രാജി വിവരം പുറത്തെത്തുന്നത്. ഇപ്പോഴിതാ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി.
മോഹൻലാൽ അമ്മ സംഘടനയിൽ നിന്നും രാജിവെച്ചത് ഉചിതമായ തീരുമാനമാണ്. അമ്മ സംഘടനയിലുള്ള സ്ത്രീകളൊന്നും പ്രതികരിക്കുന്നത് കാണാറില്ല. പ്രതികരിക്കാനുള്ള ധൈര്യവും ശക്തിയും ഇല്ലാത്തതാണോ കാരണമെന്ന് അറിയില്ല. സമൂഹത്തിന് മുന്നിൽ തെറ്റ് ചെയ്യാത്തവരും സംശയത്തിന്റെ നിഴലിൽ നിൽക്കുകയാണ്.
പലരും നാണക്കേട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരെ എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമേ പരിഹാരം കാണാൻ കഴിയുള്ളൂ. ഇനിയൊരു കമ്മിറ്റി രൂപീകരിക്കുകയാണെങ്കിൽ പകുതി ശതമാനം പുരുഷന്മാരും പകുതി ശതമാനം സ്ത്രീകളും അതിൽ ഉൾപ്പെടണമെന്ന് സ്ത്രീകൾ നിർബന്ധമായും ആവശ്യപ്പെടണം.
ഡബ്ലുസിസി തിരിച്ചു വരുമോ അമ്മയുമായി സഹകരിക്കുമോ എന്നുള്ളതെല്ലാം അവരുടെ സംഘടനാപരമായ തീരുമാനമാണ്. പോയവർ തിരിച്ചു വരുമോയെന്ന് അവരാണ് പറയേണ്ടത്. ഞാൻ അല്ല. എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം, ഭരണസിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടിവന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം മുൻനിർത്തി രാജി വെക്കുന്നുവെന്നാണ് പത്രക്കുറിപ്പിൽ മോഹൻലാൽ പറയുന്നത്.
വാർത്താകുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു.
രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണസമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും. എന്നായിരുന്നു കുറിപ്പ്.