Movies
പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചലച്ചിത്ര മേള; ‘വസുദൈവ കുടുംബക’ത്തിന് മികച്ച ഡോക്യുമെന്ററി
പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചലച്ചിത്ര മേള; ‘വസുദൈവ കുടുംബക’ത്തിന് മികച്ച ഡോക്യുമെന്ററി
പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചലച്ചിത്ര മേളയിൽ ആനന്ദ് പട്‌വർധന്റെ ‘വസുദൈവ കുടുംബക’ത്തിന് മികച്ച ഡോക്യുമെന്ററി പുരസ്കാരം. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എന്നാൽ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പുരസ്കാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുകയാണെന്ന് ആനന്ദ് പട്‌വർധൻ അറിയിച്ചു.
ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള നിലപാടുകൾ പറയുന്ന ഡോക്യുമെന്ററി മികച്ച ചിത്രം സംയോജനത്തിനുള്ള കുമാർ ടാക്കീസ് പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. രണജിത് റേ സംവിധാനം ചെയ്ത ഡോൾസ് ഡോണ്ട് ഡൈ (പുത്തുൽ നാമ) എന്ന ചിത്രമാണ് ഡോക്യുമെന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനവും, മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും നേടിയത്.
നിഷ്ട ജയിൻ, ആകാശ് ബസുമാതാരി എന്നിവർ ഒരുക്കിയ ‘ഫാമിംഗ് ദി റവല്യൂഷ’ന് ഡോക്യുമെന്ററി വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. ജലക്ഷാമം പ്രമേയമാക്കി വിശ്വാസ് കെ. സംവിധാനം ചെയ്ത ‘വാട്ടർമാൻ’ ആണ് മികച്ച ഹ്രസ്വചിത്രം. ശിവം ശങ്കർ സംവിധാനംചെയ്ത ഗോട്ട് ഗോട്ട് ഗോസ്റ്റ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
ജാൽ എന്ന ചിത്രത്തിനും ജൂറിയുടെ പ്രത്യേക പരാമർശം ലഭിക്കുകയുണ്ടായി. ഐവിഎഫ് ചികിത്സകളിലൂടെ കടന്നുപോകുന്ന ദമ്പതിമാരുടെ ജീവിതം പറഞ്ഞ ഫെബിൻ മാർട്ടിൻ ഒരുക്കിയ ഹിതം ആണ് മികച്ച ക്യാമ്പസ് ചിത്രം. പ്രമോദ് സച്ചിദാനന്ദൻറെ ചിത്രം മട്ടൻ കട്ടർ ഈ വിഭാഗത്തിൽ സ്‌പെഷ്യൽ ജൂറി പരാമർശം നേടി. ഏകാന്തജീവിതം അതിജീവിക്കാൻ ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്ന യുവതിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രമാണിത്.
റിതം ചക്രവകർത്തി സംവിധാനം ചെയ്ത സാൽവേഷൻ ഡ്രീമാണ് മികച്ച ഷോർട്ട് ഡോക്യുമെന്റെറി. മികച്ച ഛായഗ്രാഹണം, ശബ്ദലേഖനം എന്നിവയ്ക്കുള്ള പുരസ്‌കാരവും ഈ ചിത്രത്തിനാണ്. പി ഫോർ പാപ്പരാസി എന്ന ചിത്രത്തിന്റെ എഡിറ്റർ പ്രണവ് പാട്ടീൽ ഈ വിഭാഗത്തിൽ പ്രത്യേക ജൂറി പരമാർശം നേടി. പ്രാചി ബജാനിയ സംവിധാനം ചെയ്ത ഉമ്പ്രോയ്ക്കാണ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം. സൗമ്യജിത്ത് ഘോഷ് ദസ്തിദർ സംവിധാനം ചെയ്ത ഫ്‌ലവറിങ് മാൻ സ്‌പെഷ്യൽ ജൂറി പരാമർശം നേടി. ജേതാക്കൾക്ക് ജൂറി അംഗങ്ങൾ പുരസ്‌കാരങ്ങൾ സമാനിച്ചു.