Connect with us

ലുക്ക് അറ്റ് ലുക്കാക്കു!!

Football

ലുക്ക് അറ്റ് ലുക്കാക്കു!!

ലുക്ക് അറ്റ് ലുക്കാക്കു!!

മോസ്‌കോ: ചുവന്ന ചെകുത്താന്മാരുടെ ചോരകുടിക്കാന്‍ അങ്ങു വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നു പറന്നെത്തിയ കാര്‍തേജിലെ കഴുകന്മാര്‍ക്കു കഴിഞ്ഞില്ല, കഴുകന്മാരുടെ ചോരകുടിച്ച ചെകുത്താന്മാര്‍ ഉന്മാദനൃത്തമാടി. ടുണീഷ്യന്‍ ഗോള്‍മുഖത്ത് വട്ടമിട്ടു കറങ്ങിയ റൊമേലു ലുക്കാക്കുവിന്റെയും എഡന്‍ ഹസാര്‍ഡിന്റെയും മികവില്‍ ബെല്‍ജിയം റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍. രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിന്റെ ആധികാരിക വിജയം.

ബെല്‍ജിയത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി കരുത്തന്‍ ലുക്കാക്കു മാറിയ മത്സരത്തില്‍ രണ്ടു ഗോള്‍ നേടാനായി എന്നതു മാത്രമായിരുന്നു ടുണീഷ്യയുടെ ആശ്വാസം. ആറാം മിനിറ്റില്‍ നായകന്‍ എഡന്‍ ഹസാര്‍ഡിന്റെ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയ ബെല്‍ജിയത്തിനു വേണ്ടി ലുക്കാക്കു 16, 45 മിനിറ്റുകളില്‍ ഗോള്‍ നേടി 51-ാം മിനിറ്റിലാണ് ഹസാര്‍ഡ് തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. 90-ാം മിനിറ്റില്‍ ബാറ്റ്ഷുവായിയിലൂടെ ബെല്‍ജിയം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ ടുണീഷ്യക്കു വേണ്ടി ബ്രൂ (18), ഖസ്രി (90+) എന്നിവര്‍ ഗോളുകള്‍ സ്വന്തമാക്കി.

ഇതോടെ ടുണീഷ്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

റിക്കാര്‍ഡുകളുമായി ബെല്‍ജിയവും ലുക്കാക്കുവും

ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ബെല്‍ജിയത്തിന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്. രണ്ടായിരത്തി രണ്ടില്‍ അവസാനത്തെ രണ്ടു മത്സരത്തിലും 14ല്‍ മൂന്നു മത്സരത്തിലും വിജയിച്ചിരുന്നു. ബെല്‍ജിയത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ (40) നേടിയ താരമെന്ന റിക്കാര്‍ഡും ലുക്കാക്കു ഈ ലോകകപ്പില്‍ സ്വന്തമാക്കി. ഈ ചാമ്പ്യന്‍ഷിപ്പില്‍ നാലു ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം നില്‍ക്കുകയാണ് ലുക്കാക്കു ഇപ്പോള്‍. വര്‍ണവെറിക്കെതിരേ നിരന്തരം ശബ്ദമുയര്‍ത്തിയ ലുക്കാക്കുവിന്റെ പോരാട്ടവിജയം കൂടിയാവുകയാണ് ലുക്കാക്കുവിന്റെ നേട്ടങ്ങള്‍. 59-ാം മിനിറ്റില്‍ ലുക്കാക്കുവിനെ മാറ്റി ഫെല്ലെയ്‌നിയെ ഇറക്കിയില്ലായിരുന്നെങ്കില്‍ ഹാട്രിക് ഗോളുകള്‍ നേടുവാന്‍ അദ്ദേഹത്തിനാകുമായിരുന്നു.

മത്സരത്തിനിറങ്ങും മുമ്പ് ഇരുടീമും ലോകകപ്പില്‍ മൂന്നു തവണ ഏറ്റുമുട്ടിയ ചരിത്രമുണ്ടായിരുന്നു. ഇതില്‍ ഓരോ മത്സരം വീതം ഇരുടീമും വിജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയിലായി. ഇതോടെ വിജയക്കണക്കില്‍ ചുവന്ന ചെകുത്താന്മാര്‍ മുന്നിലെത്തി.

ലോകകപ്പ് ചരിത്രത്തില്‍ ആദ്യ വിജയം സ്വന്തമാക്കിയ ചരിത്രമുള്ള ടുണീഷ്യക്ക് വിജയമില്ലാത്ത 13-മത്തെ ലോകകപ്പ് മത്സരം കൂടിയാണിത്. നാലെണ്ണം സമനിലയിലായപ്പോള്‍ ഒമ്പതെണ്ണത്തില്‍ വിജയിച്ചു. 1978ല്‍ മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ടുണീഷ്യ ആദ്യമായി വിജയിക്കുന്നത്. ലോകകപ്പില്‍ ഒരാഫ്രിക്കന്‍ ടീമിന്റെ ആദ്യവിജയം കൂടിയായിരുന്നു ഇത്.

ഇരുപത്തിയേഴ് മത്സരങ്ങള്‍ ലോകകപ്പില്‍ പൂര്‍ത്തിയായിട്ടും ഒരു മത്സരം പോലും ഗോള്‍രഹിത സമനിലയില്‍ കലാശിച്ചില്ല എന്നതാണ് കൗതുകം. അതുപോലെ 13 പെനാല്‍റ്റി ഗോളുകളും പിറന്നു. വീഡിയോ അസിസ്റ്റിന്റെ വരവും നിര്‍ണായകമായി.

ഇതുവരെ 65 ഗോളുകളാണ് ലോകകപ്പില്‍ പിറന്നത്. ശരാശരി 2.41 ഗോളുകള്‍. കഴിഞ്ഞ ലോകകപ്പില്‍ ഇത് 2.67 ആയിരുന്നു.

ഇവരെ ഭയക്കണം
ലോകകപ്പ് പുരോഗമിക്കുമ്പോള്‍ എതിരാളികള്‍ ഏറെ ഭയക്കണ്ട ടീമായി ബെല്‍ജിയം മാറിക്കഴിഞ്ഞു. 3-4-3 എന്ന ഫോര്‍മേഷനില്‍ ഇറങ്ങിയ ടുണീഷ്യ 4-3-3 ശൈലിയാണ് സ്വീകരിച്ചത്. ഇടതുവിംഗില്‍ ഖരാസ്‌കോയുടെ അത്യുജ്വല ഫോമും മധ്യനിരയില്‍ കെവിന്‍ ഡി ബ്രുയിന്റെ മികവും മുന്നേറ്റത്തില്‍ ഹസാര്‍ഡും ലുക്കാക്കുവും നിറഞ്ഞാടുകയും ചെയ്യു ടീമിന്റെ പ്രഭാവം ഏവര്‍ക്കും പേടിക്ക് ഇടനല്‍കും. കൊമ്പാനിയുടെ അഭാവത്തിലും മികച്ച പ്രതിരോധമാണ് അവരുടേത്.

Picture courtesy: www.fifa.com

Belgium vs Tunisia

More in Football

Trending

Recent

To Top