ദേഷ്യം ഉള്ളില്‍ ഒതുക്കുന്നതിനേക്കാള്‍ നല്ലത് പ്രകടിപ്പിക്കുന്നത് തന്നെ, പക്ഷെ…!
By
ദേഷ്യം ഉള്ളില്‍ ഒതുക്കുന്നതിനേക്കാള്‍ നല്ലത് പ്രകടിപ്പിക്കുന്നത് തന്നെ, പക്ഷെ…!
ദേഷ്യം മനുഷ്യസഹജമാണ്. ഇത് ഉള്ളിലൊതുക്കുന്നതിനേക്കാള്‍ നല്ലത് പ്രകടിപ്പിക്കുന്നതു തന്നെയാണ്. പക്ഷേ, അതിനു ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്. അനിയന്ത്രിതമായ ദേഷ്യം കുടുംബബന്ധങ്ങളില്‍ സൃഷ്ടിക്കുന്ന വിള്ളല്‍ വളരെ വലുതാണ്.
ഒരു സ്ത്രീ അയച്ച കത്തില്‍ തന്റെ ഭര്‍ത്താവിന്റെ ദേഷ്യം സഹിക്കാനാവുന്നില്ലെന്നും വിവാഹബന്ധം വേര്‍പെടുത്തുന്നതിനേക്കുറിച്ചാണിപ്പോള്‍ ചിന്തിക്കുന്നതെന്നും എഴുതിയിരുന്നു. 14 വര്‍ഷംമുമ്പ് കല്യാണം കഴിഞ്ഞതാണ്. ആദ്യരാത്രിതന്നെ കലഹമായിരുന്നു. മണിയറയില്‍ ഭര്‍ത്താവ് കാത്തിരുന്നപ്പോള്‍ വിദേശത്തുനിന്നു വിളിച്ച കൂട്ടുകാരിയുമായി പത്തുമിനിറ്റ് ഫോണില്‍ സംസാരിച്ചതാണ് പ്രകോപനകാരണം. ഇങ്ങനെ നിസ്സാര കാര്യങ്ങള്‍ക്ക് പൊട്ടിത്തെറിക്കും. പിന്നെ വായില്‍ത്തോന്നിയതൊക്കെ വിളിച്ചുറയും. മറുപടി പറഞ്ഞാല്‍ ശാരീരികമായി ആക്രമിക്കും. എപ്പോഴാണ് സ്വഭാവം മാറുന്നതെന്ന് പറയാനാവില്ല.ഒരു മകനുണ്ട്. അഞ്ചില്‍ പഠിക്കുന്ന അവനും കിട്ടും അച്ഛന്റെ തല്ല്.
ജോലിചെയ്യുന്ന സഹകരണബാങ്കിലും ദേഷ്യംമൂലം ധാരാളം ശത്രുക്കളെ സമ്പാദിച്ചിട്ടുണ്ട്. വേറെ ദുശ്ശീലമൊന്നുമില്ല. അല്‍പം മദ്യപാനമോ ദുര്‍ച്ചെലവോ ഒക്കെയുണ്ടായാലും സഹിക്കാമായിരുന്നു, ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന അഗ്‌നിപര്‍വ്വതത്തേക്കാള്‍ അതായിരുന്നു ഭേദമെന്നാണ് ഭാര്യ പറയുന്നത്.
വ്യക്തിബന്ധങ്ങളിലെ അനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഉപാധിയാണ് ദേഷ്യം. ദേഷ്യത്തെ ശുദ്ധദേഷ്യം, അശുദ്ധദേഷ്യം (വിനാശകാരിയായ ദേഷ്യം) എന്നിങ്ങനെ തിരിക്കാറുണ്ട്. തെറ്റുതിരുത്താനും അതൃപ്തിയറിയിക്കാനും അനിഷ്ടം രേഖപ്പെടുത്താനുമുള്ള സ്വാഭാവികരീതിയാണ് ശുദ്ധദേഷ്യം. ഇതില്‍ ഒരിക്കലും നമുക്ക് ആത്മനിയന്ത്രണം നഷ്ടമാകില്ല.
കോപാകുലനായി മറ്റുള്ളവരെ അപഹസിക്കുകയും വ്യക്തിത്വത്തെ മുറിപ്പെടുത്തുകയും ചെയ്യുന്ന ചിലരുണ്ട്.അശ്ലീലപദങ്ങള്‍ പ്രയോഗിക്കുക, പഴയസംഭവങ്ങള്‍ പരാമര്‍ശിക്കുക തുടങ്ങിയവ ചിലരുടെ ശീലമാണ്. ചില്ലര്‍ കൈയാങ്കളിയിലേക്ക് കാര്യങ്ങളെത്തിക്കും. ഇത് വിനാശകാരിയായ ദേഷ്യമാണ്. മക്കളെ തല്ലിച്ചതക്കുന്നവരും എടുത്തെറിയുന്നവരുമൊക്കെ ഇത്തരം ദേഷ്യത്തിന്റെ പിടിയിലമരുന്നവരാണ്.
ദേഷ്യം ഉത്ഭവിക്കുമ്പോള്‍ത്തന്നെ എന്റെ മനസ്സ് ദേഷ്യത്താല്‍ നിറയുകയാണെന്ന് സ്വയം തിരിച്ചറിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാകും. എന്തുകൊണ്ടാണ് ദേഷ്യപ്പെടുന്നതെന്ന ആലോചനയും നല്ലതാണ്. നമ്മള്‍ ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാത്തതുകൊണ്ടാകും നാം ദേഷ്യപ്പെടുക. മറ്റുചിലപ്പോള്‍ വേറെ ആരെങ്കിലുമായുണ്ടായ അസ്വാരസ്യം നാം മറ്റുചിലരില്‍ പ്രകടിപ്പിക്കുന്നതാകാം. നമ്മുടെ വീഴ്ചകളും തെറ്റുകളും പുറത്തുവരുമ്പോഴും നാം ദേഷ്യപ്പെടും. നമ്മുടെ ‘ഈഗോ’ വ്രണപ്പെടുന്നതാണ് കാരണം.
രഹസ്യമായി മദ്യപിച്ചുവരുന്നയാളോട് ‘ഇന്നല്‍പം മിനുങ്ങിയിട്ടുണ്ടല്ലോ’ എന്ന് ഭാര്യ ചോദിച്ചാല്‍ മതി കലഹം പൊട്ടിപ്പുറപ്പെടും. തന്റെ ഒളിച്ചുകളി പുറത്തായതിനെ പ്രതിരോധിക്കാനുള്ള തന്ത്രമാണ് ഈ കലഹം.
ദേഷ്യം തോന്നുന്നുമ്പോള്‍ അത് തുറന്നുപറയുന്നത് നല്ലതാണ്. നമുക്ക് ഇഷ്ടപ്പെടാത്ത കാര്യം തുറന്നുപറയുക. നമ്മളെന്താണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായി വെളിപ്പെടുത്തുക. ഇതു പറയുന്നത് പങ്കാളിയെ കുറ്റപ്പെടുത്താനോ കലഹിക്കാനോ അല്ല. നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമാകുവാനാണെന്ന് ബോധ്യപ്പെടുത്തുംവിധമാകണം നമ്മുടെ സംസാരം. നമ്മേപ്പോലെ പങ്കാളിക്കും ആഗ്രഹങ്ങളും നിലപാടുകളും ദേഷ്യപ്പെടാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്നോര്‍ക്കണം.
നമുക്ക് ആത്മനിയന്ത്രണം കുറവാണെങ്കില്‍ വേണ്ടവിധം നമ്മുടെ മാനസികാവസ്ഥകള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒരുകടലാസില്‍ നമ്മുടെ വികാരവിചാരങ്ങള്‍ കുറിച്ചുവെയ്ക്കുക. അപ്പോള്‍ത്തന്നെ നമ്മുടെ പ്രഷര്‍ കുറയും. പിറ്റേന്ന് അതൊന്നുകൂടി വായിക്കുക. പങ്കാളിക്ക് കൊടുക്കുന്നതില്‍ കുഴപ്പമില്ലെന്നു ബോദ്ധ്യപ്പെട്ടാല്‍ കൈമാറുക. എന്തായാലും ആ കുറിപ്പിനെച്ചൊല്ലിയാകരുത് അടുത്ത കലഹം.
ദേഷ്യം വരുമ്പോള്‍ പലരുടെയും ശരീരഭാഷയും മുഖഭാവവും മാറും. പ്രസന്നത നഷ്ടപ്പെട്ട് മുഖം വലിഞ്ഞുമുറുകി മറ്റൊരാളായിമാറും. പ്രവൃത്തികളും മറ്റൊരാളുടേതുപോലെയാകും. പറയുന്ന വാക്കുകള്‍ മറ്റുള്ളവരില്‍ ആഴത്തില്‍ മുറിവുണ്ടാക്കും. പങ്കാളിക്കും മക്കള്‍ക്കും സ്‌നേഹത്തേക്കാളേറെ ഭയമാകും നമ്മോടുണ്ടാവുക.
ചിലര്‍ തണുത്തുകഴിയുമ്പോള്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കും. പിന്നെ പ്രായശ്ചിത്തവും സോറി പറയലുമൊക്കെ ഉണ്ടാകും. വൈകാതെ വീണ്ടും തനിസ്വഭാവം പുറത്തുവരും. ഇത് കുടുംബത്തു സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ വലുതാണ്. അത് വീട്ടിലുള്ള എല്ലാവരുടെയും മാനസികാവസ്ഥ അപകടത്തിലാക്കും. ഭാര്യമാര്‍ ഡിപ്രഷന് അടിമകളാകും. മക്കളാകട്ടെ സ്വന്തമായി ഒന്നും ചെയ്യാന്‍ ആത്മവിശ്വാസമില്ലാത്തവരാകും.
ചിലര്‍ അച്ഛനെപ്പോലെ ചെറുപ്പത്തില്‍ത്തന്നെ അമിതദേഷ്യപ്രകടനക്കാരായി പരിണമിക്കാം. വേറെചിലര്‍ ദേഷ്യംകൂടുമ്പോള്‍ സ്വയം മുറിവേല്‍പ്പിക്കും. സ്ത്രീകളാണ് ഇങ്ങനെ ചെയ്യുന്നവരില്‍ കൂടുതല്‍. ദേഷ്യം ഗ്രസിച്ച് ഭാവഹാവാദികള്‍ മാറുമ്പോള്‍ സ്വയം കണ്ണാടിയില്‍ നോക്കുക. നിങ്ങളുടെ പോക്ക് ശരിയല്ലെന്ന് നിങ്ങള്‍ക്കപ്പോള്‍ മനസ്സിലാകും. ദേഷ്യം വരുമ്പോള്‍ എന്തുവന്നാലും നിയന്ത്രണം വിടില്ലായെന്ന് മനസ്സില്‍ ആവര്‍ത്തിച്ചുപറയുന്നത് നല്ലതാണ്. സംസാരത്തിന്റെ പോക്ക് ശരിയല്ലെന്നുകണ്ടാല്‍ മിണ്ടാതിരിക്കുക. മനസ്സ് കൈവിട്ടുപോകുമെന്നു തോന്നുമ്പോള്‍ കണ്ണടച്ച് ദീര്‍ഘനിശ്വാസമെടുത്ത് മനസ്സിനെ ഏകാഗ്രമാക്കാം. അല്‍പം നടക്കുന്നതും നല്ലതാണ്. പിരിമുറുക്കം കുറയ്കുന്ന എന്‍ഡോര്‍ഫിന്‍ പോലുള്ള ഹോര്‍മോണുകള്‍ വ്യായാമംവഴി ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടും.
വായന, ഉല്ലാസം, യാത്രകള്‍, യോഗ, ആത്മീയചര്യകള്‍ തുടങ്ങിയവ അമിതദേഷ്യം നിയന്ത്രിക്കുന്നതിന് ഗുണകരമാണ്. തീരെ നിയന്ത്രിക്കാന്‍ പറ്റാത്തവര്‍ കൗണ്‍സിലിങ്ങിനും ആവശ്യമെങ്കില്‍ ചികിത്സയ്ക്കും വിധേയരാകണം. അമിതദേഷ്യം ജീവിതവിജയത്തില്‍നിന്നും സന്തോഷത്തില്‍നിന്നും നിങ്ങളെ പറിച്ചെറിയുമെന്ന് മനസ്സില്‍ ഓര്‍മിക്കുക. വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും ഇത് നിങ്ങളുടെ മൂല്യമിടിക്കും. അതുകൊണ്ട് സ്വയം സജ്ജരാകുക….കോപാവേശത്തെ തുരത്തുക.
