Connect with us

പെരിന്തൽമണ്ണ സ്വർണ്ണക്കവർച്ച കേസിൽ ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിൽ; സംശയങ്ങളുമായി സഹോദരി

Malayalam

പെരിന്തൽമണ്ണ സ്വർണ്ണക്കവർച്ച കേസിൽ ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിൽ; സംശയങ്ങളുമായി സഹോദരി

പെരിന്തൽമണ്ണ സ്വർണ്ണക്കവർച്ച കേസിൽ ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിൽ; സംശയങ്ങളുമായി സഹോദരി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ഇന്നും ആരാധകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. അപ്രതീക്ഷിതമായിരുന്നു ആ മരണം. അപകടത്തിൽ ബാലഭാസ്കറിന്റെ മകളും മരണപ്പെട്ടിരുന്നു. 2018 ലായിരുന്നു സംഭവം. അദ്ദേഹത്തിന്റെ മരണ ശേഷം സംഭവബഹുലമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്.

ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നും സ്വർണക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങൾ തുടക്കം മുതൽ ശക്തമായിരുന്നു. അപകടത്തിന് തൊട്ടുമുൻപ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കുന്നത് കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴിയും ദുരൂഹതകൾ വർധിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ബാലഭാസ്കറിന്റെ മരണം ഒരിക്കൽ കൂടെ ചർച്ചാ വിഷയമാകുകയാണ്. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനെ പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ചയിൽ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ബാലഭാസ്കറിന്റെ സഹോദരി പ്രിയ വേണുഗോപാലും രംഗത്ത് വന്നിട്ടുണ്ട്.

പ്രിയയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പെരിന്തൽമണ്ണ സ്വർണ്ണക്കവർച്ച കേസ്. വാർത്തയിൽ പത്ത് -പതിമൂന്ന് പേരുകളുണ്ട്. അതിനിടയിൽ പരിചയമുള്ള പേരൊരെണ്ണം കണ്ടുപിടിക്കാൻ പ്രയാസമാണ്. അല്ലെങ്കിലും സാധാരണക്കാർ എത്രപേരാണ് വാർത്തകൾ മുഴുവനായും വായിക്കുന്നത്. ആത്മാർത്ഥമായ, മറ്റു ഗൂഢലക്ഷ്യങ്ങളില്ലാത്ത ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം എന്നേ ഇല്ലാതായി. മുഖ്യധാരാമാദ്ധ്യമങ്ങൾക്കാണെങ്കിൽ വാർത്ത കണ്ടുപിടിച്ചുകൊടുത്ത് പേര് ചൂണ്ടിക്കാണിച്ചുകൊടുത്താലും കണ്ണിനുപിടിക്കുകയുമില്ല.

പറഞ്ഞുവരുന്നത്, 2019 ൽ സ്വർണ്ണക്കള്ളക്കടത്തു കേസ് പുറത്തുവരുമ്പോൾ ബാലുച്ചേട്ടന്റെ കേസിൽ നട്ടംതിരിഞ്ഞുനിന്ന ഞങ്ങൾക്കു മുന്നിൽ അവിശ്വസനീയമാം വിധം നടന്ന ട്വിസ്റ്റുകൾ പോലെ ഇക്കഴിഞ്ഞ ദിവസം വന്നൊരു വാർത്തയാണ്. മലപ്പുറം പെരിന്തൽമണ്ണ സ്വർണ്ണക്കവർച്ചാക്കേസിൽ പിടിയിലായ 13 പേരിൽ ഒരു പരിചിത മുഖവും പേരും.. തൃശ്ശൂർ കുറിയേടത്തുമനയിൽ അർജ്ജുൻ.

“പാവം നമ്പൂരിപ്പയ്യൻ, അവനങ്ങനെ സ്വയം ആക്‌സിഡന്റ് ഉണ്ടാക്കി സ്വന്തം ജീവൻ റിസ്ക് ചെയ്യുമോ. അവന് ഒരൽപ്പം ഓർമ്മക്കുറവിന്റെ പ്രശ്നമുണ്ട്. പഴയ കേസുകളൊന്നും അത്ര പ്രശ്നമല്ല. എടിഎം കവർച്ചയും വീടാക്രമിച്ച കേസുമൊക്കെ ഉള്ളതാ, പക്ഷെ അവനൊരു നിഷ്കളങ്കനാ കേട്ടോ”

ഈ വിശേഷണങ്ങളൊക്കെ ബാലുച്ചേട്ടന്റെ അന്നത്തെ യാത്രയിൽ ഡ്രൈവർ ആയി കൂടെക്കൂടിയ അർജ്ജുന് അന്നത്തെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണൻ സ്നേഹവാത്സല്യങ്ങളോടെ നൽകിയതാണ്. ആ മനുഷ്യൻ മരിച്ചിട്ട് വർഷം 2 കഴിഞ്ഞിട്ടും ആത്മഹത്യയാണോ കൊലപാതകമാണോ എന്നൊന്നും ഉറപ്പില്ല!

ലോക്കൽ പോലീസ്, ക്രൈം ബ്രാഞ്ച് പിന്നെ വന്ന സിബിഐ ഒക്കെ അവസാനം നിവൃത്തികെട്ട് അവൻ തന്നെയാണ് വണ്ടി ഓടിച്ചത് എന്ന് തെളിയിച്ചു വച്ചെങ്കിലും ‘എന്തിന് അർജുൻ മൊഴിമാറ്റി?’, ‘ബാലുച്ചേട്ടൻ ആണ് വണ്ടിയോടിച്ചത് എന്നെന്തിന് കള്ളം പറഞ്ഞു?’, ‘വിഷ്ണുവിന്റെ കൂട്ടാളിയായിരുന്ന ആളെ ബാലഭാസ്കറിന്റെ ഡ്രൈവർ എന്തിനാക്കി?’, പേരിനൊന്ന് അറസ്റ്റ് ചെയ്ത് ഇത്യാദി ചോദ്യങ്ങൾ പോലും ചോദിക്കാതെ പൊന്നുപോലെ സംരക്ഷിച്ചു വരികയായിരുന്നു ഇത്രയും കാലം.

ഇതേ അർജ്ജുൻ അച്ഛനെയും അമ്മയെയും ഒന്നും രണ്ടും കക്ഷികളാക്കി കൊടുത്ത ഒരു കേസുണ്ട് – ‘അയാളുടെ ആരോഗ്യവും ജീവിതവും നശിപ്പിച്ച ആക്‌സിഡന്റ് ആയിരുന്നതുകൊണ്ട് അമ്മയും അച്ഛനും അയാൾക്ക് ഒന്നരക്കോടി നഷ്ടപരിഹാരം കൊടുക്കണമത്രേ.

ഓർക്കണം, ബാലഭാസ്കറിന് ബന്ധുക്കളില്ല, ബാലഭാസ്കറിന്റെ ഓർമ്മകളിൽപ്പോലും അച്ഛനോ അമ്മയ്‌ക്കോ ബന്ധുക്കൾക്കോ അവകാശമില്ല എന്നൊക്കെ കഥകളുണ്ടാക്കി കുറേപേർ അയാളെ സംരക്ഷിച്ചിരുന്നതിന്റെയും കൂടി ബലത്തിലാണ് ഇങ്ങനെയൊരു ഉമ്മാക്കി കാട്ടി ഞങ്ങളുടെ കുടുംബത്തെ പേടിപ്പിക്കാൻ ഈ സംഘം ശ്രമിച്ചത്.

അത്താഴം മുടങ്ങാൻ ചേര കടിച്ചാലും മതിയല്ലോ എന്നപോലെ പാവം പേരപ്പനും പേരമ്മയും ആ കേസ് തൃശൂർ MACT ഇൽ നടത്തിക്കുകയാണ്. ക്രൈം ബ്രാഞ്ചും സിബിഐ യും അയാൾ കാരണമാണ് അപകടം നടന്നത് എന്നൊക്കെ കണ്ടെത്തിയിട്ടും ഈ കേസ് മുറപോലെ മാറ്റി മാറ്റി വച്ച് 2025 ലെ ഒരു തീയതി വരെ എത്തിച്ചിട്ടുണ്ട് എന്ന വൈചിത്ര്യവും ഇതിൽ കൂട്ടി വായിക്കണം. നമ്മുടെ നിയമ സംവിധാനങ്ങളെക്കുറിച്ചുള്ള വിശ്വാസവും മതിപ്പുമൊക്കെ ഏറും.

കൃത്യമായ തുടരന്വേഷണത്തിന് വിധിച്ചുകൊണ്ട് ഹൈക്കോടതി വിധി വന്ന് 3മാസം നൽകി, സിബിഐ അഭ്യർത്ഥന പ്രകാരം വീണ്ടും 3 മാസം സമയം നൽകി പിന്നെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 7 മാസം. പ്രസവകാലം സിബിഐ ക്ക് എത്രയാണോ ആവോ.

വാർത്ത ഓൺലൈനൊക്കെ വരും. വന്നപോലെ പോകും.. അതാണല്ലോ അവർക്ക് ഒരാശ്വാസം.എല്ലാക്കാര്യങ്ങളും നിയമത്തിന്റെ വഴിക്കുമാത്രമല്ല നീങ്ങുന്നത് എന്നുതോന്നുന്നതും ഇതുപോലെ ഓരോ വാർത്തകൾ പൊങ്ങുന്നതുമാണല്ലോ ഞങ്ങൾക്കുമാശ്വാസം. ചില സത്യങ്ങൾ അങ്ങനെയാണ്.. ചിലരുടെയും.

More in Malayalam

Trending