Malayalam
അസാധാരണമായൊരു മൂവ്‌മെന്റ് തോന്നിയപ്പോഴാണ് ഞാൻ കണ്ണ് തുറക്കുന്നത്. ഓഫ് റോഡ് സഞ്ചരിക്കുന്നത് പോലെ, നിയന്ത്രണം ഇല്ലാത്തൊരു അവസ്ഥ…; ആദ്യമായി മനസ് തുറന്ന് ലക്ഷ്മി
അസാധാരണമായൊരു മൂവ്‌മെന്റ് തോന്നിയപ്പോഴാണ് ഞാൻ കണ്ണ് തുറക്കുന്നത്. ഓഫ് റോഡ് സഞ്ചരിക്കുന്നത് പോലെ, നിയന്ത്രണം ഇല്ലാത്തൊരു അവസ്ഥ…; ആദ്യമായി മനസ് തുറന്ന് ലക്ഷ്മി
മലയാളികളുടെ മനസ്സിൽ ഇന്നുമൊരു നോവായി അവശേഷിക്കുന്ന വ്യക്തിയാണ് ബാലഭാസ്‌കർ. അപ്രതീക്ഷിതമായി ആയിരുന്നു അദ്ദേഹത്തിന്റെ മരണം. 2018 ലായിരുന്നു ബന്ധുക്കളെയും സുഹൃത്തുക്കളെയും ആരാധകരെയും വേദനയിലാഴ്ത്തി ബാലഭാസ്‌കർ മരണപ്പെടുന്നത്. ബാലഭാസ്‌കറിന്റെ മരണ ശേഷം സംഭവബഹുലമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്.
ആരോപണങ്ങളും വെളിപ്പെടുത്തലുകളുമൊക്കെയായി വലിയ വിവാദമായി മാറുകയായിരുന്നു സംഭവം. ദുരൂഹത വിട്ടൊഴിയാത്ത സംഭവത്തിന്റെ സത്യാവസ്ഥ അറിയണം എന്ന് തന്നെയാണ് ഓരോ മലയാളികളും ആഗ്രഹിക്കുന്നത്. ബാലഭാസ്‌ക്കറിന്റെ ബന്ധുവും അച്ഛനും അമ്മയുമെല്ലാം ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
അപകടമുണ്ടായി നാളിതുവരെ നടമാടിയ വിവാദങ്ങളിലൊന്നും ലക്ഷ്മി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അപകടമുണ്ടായി ആറു വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി അന്ന് നടന്നത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി. ഞങ്ങളുടേത് വ്യക്തിപരമായൊരു യാത്രയായിരുന്നു. മകളുടെ നേർച്ചയ്ക്ക് വേണ്ടിയുള്ള യാത്രയായിരുന്നു. ഞാനൊരു അസുഖാവസ്ഥയിലുമായിരുന്നു. എനിക്ക് മഞ്ഞപ്പിത്തത്തിന്റെ പ്രശ്‌നം വന്നിരുന്നു. ഡെലിവറിയ്ക്ക് ശേഷം വന്ന പ്രശ്‌നമാണ്.
അതിങ്ങനെ വിട്ട് വിട്ട് വരികയും റിക്കവർ ആവുകയും ചെയ്യുന്ന ഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്നു. തൃശ്ശൂരിൽ വടക്കുംനാഥൻ ക്ഷേത്രത്തിൽ മകൾക്കൊരു നേർച്ചയുണ്ടായിരുന്നു. നേർച്ച കഴിഞ്ഞു, രാത്രി തിരികെ വരികയായിരുന്നു. ഒത്തിരി വൈകാത്തതിനാലാണ് രാത്രി തിരിച്ചു വരാൻ തീരുമാനിക്കുന്നത്. ബാലുവിന് തിരുവനന്തപുരത്ത് തിരിച്ച് എത്തിയ ശേഷം ചെയ്യേണ്ട ജോലികളുണ്ടായിരുന്നു. എനിക്ക് ട്രാവൽ സിക്‌നെസ് ഉണ്ട്. ഞാൻ കാറിന്റെ മുൻ സീറ്റിൽ ഇരിക്കുകയാണ്. മകൾ എന്റെ മടിയിലായിരുന്നു.
മോഷൻ സെൻസിങ് ഇല്ലാതിരിക്കാൻ കണ്ണടച്ചിരിക്കുകയായിരുന്നു. കുറച്ചു ദൂരം വന്നിട്ടുണ്ട്. അതിന് ശേഷം കാർ നിർത്തിയിരുന്നു. ഡ്രൈവർ പുറത്തിറങ്ങി. ബാലു പുറകിലെ സീറ്റിലുണ്ട്. ഡ്രൈവ് ചെയ്തിരുന്ന ആളുടെ പേര് അർജുൻ. അവർ കടയിൽ നിന്നും ഡ്രിങ്ക്‌സ് ഒക്കെ വാങ്ങി കഴിക്കുന്നുണ്ട്. അവർ കൊണ്ടു വന്ന് ബാലുവിന് കൊടുക്കുമ്പോൾ നിനക്ക് എന്തെങ്കിലും വേണോ എന്ന് ബാലു എന്നോട് ചോദിച്ചു. വേണ്ട എന്ന് ഞാൻ പറഞ്ഞു. എത്താറായോ എന്ന് ചോദിച്ചപ്പോൾ അധികം വൈകില്ലെന്നും ബാലു പറഞ്ഞു.
അതിന് ശേഷം അർജുൻ കാറിൽ കയറി ഡോർ അടച്ചു. അപ്പോൾ ഞാൻ കിടക്കട്ടെ എന്ന് ബാലു പറയുന്നുണ്ടായിരുന്നു. ബാലു വിശ്രമിക്കാൻ വേണ്ടി കിടക്കുകയായിരുന്നു. കുറച്ച് ദൂരം കൂടി മുന്നോട്ട് പോയി. അസാധാരണമായൊരു മൂവ്‌മെന്റ് തോന്നിയപ്പോഴാണ് ഞാൻ കണ്ണ് തുറക്കുന്നത്. ഓഫ് റോഡ് സഞ്ചരിക്കുന്നത് പോലെ, നിയന്ത്രണം ഇല്ലാത്തൊരു അവസ്ഥ. കണ്ണ് തുറക്കുമ്പോൾ പുറത്തുള്ള കാഴ്ച അത്ര വ്യക്തമല്ല.
പക്ഷെ ഡ്രൈവർ സീറ്റിൽ അർജുൻ ആകെ പകച്ച്, വണ്ടിയുടെ നിയന്ത്രണം കയ്യിൽ ഇല്ലാത്തതു പോലൊരു ഇരിപ്പായിരുന്നു. സെക്കന്റുകളുടെ ഓർമയാണ്. ഞാൻ നിലവിളിക്കാൻ ശ്രമിക്കുന്നുണ്ട്. ഒച്ച പുറത്ത് വന്നുവോ എന്നറിയില്ല. കൈ കൊണ്ട് ഗിയർ ബോക്‌സിൽ നന്നായി അടിക്കുന്നുണ്ട്. അവിടെ എന്റെ ബോധം പോയി. പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല. ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വച്ചാണ് ഞാൻ കണ്ണു തുറക്കുന്നതെന്നും ലക്ഷ്മി പറയുന്നു.
അതേസമയം, അവിടെ തങ്ങും എന്ന് തീരുമാനിച്ചല്ല പോയത്. എന്റെ വയ്യായ്ക കാരണം പൂജ കഴിയാൻ വൈകുകയാണെങ്കിൽ തങ്ങാം അല്ലെങ്കിൽ പുറപ്പെടാം എന്നായിരുന്നു ബാലു പറഞ്ഞത്. ബാലുവിന് രാവിലെ ജിമ്മിൽ പോകണം. പ്രാക്ട്‌സ്, സ്റ്റുഡിയോ വർക്ക് ഒക്കെയുണ്ടായിരുന്നു. ബാലഭാസ്‌കറെ അറിയുന്നവർക്കെല്ലാം അറിയാം, അദ്ദേഹം ഒരു റൊട്ടീൻ ഫിക്‌സ് ചെയ്തു കഴിഞ്ഞാൽ അതിലൂടെ തന്നെയാകും അദ്ദേഹം പോകുന്നത് എന്നും ലക്ഷ്മി പറയുന്നു.