Malayalam
പ്രണയിച്ച് വിവാഹം കഴിച്ചതുകൊണ്ട് എന്നെ ബാലുവിൻറെ അമ്മ അംഗീകരിച്ചിരുന്നില്ല, ഒരു തവണ മാത്രമാണ് ബാലു എന്നെ വീട്ടിൽ കൊണ്ടുപോയിട്ടുള്ളൂ; അപകടം ആസൂത്രിതമെന്ന് തോന്നിയിട്ടില്ലെന്ന് ലക്ഷ്മി
പ്രണയിച്ച് വിവാഹം കഴിച്ചതുകൊണ്ട് എന്നെ ബാലുവിൻറെ അമ്മ അംഗീകരിച്ചിരുന്നില്ല, ഒരു തവണ മാത്രമാണ് ബാലു എന്നെ വീട്ടിൽ കൊണ്ടുപോയിട്ടുള്ളൂ; അപകടം ആസൂത്രിതമെന്ന് തോന്നിയിട്ടില്ലെന്ന് ലക്ഷ്മി
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ഇന്നും ആരാധകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. അപ്രതീക്ഷിതമായിരുന്നു ആ മരണം. അപകടത്തിൽ ബാലഭാസ്കറിന്റെ മകളും മരണപ്പെട്ടിരുന്നു. 2018 ലായിരുന്നു സംഭവം. അദ്ദേഹത്തിന്റെ മരണ ശേഷം സംഭവബഹുലമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്.
ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നും സ്വർണക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങൾ തുടക്കം മുതൽ ശക്തമായിരുന്നു. അപകടത്തിന് തൊട്ടുമുൻപ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കുന്നത് കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴിയും ദുരൂഹതകൾ വർധിപ്പിച്ചിരുന്നു.
ഇപ്പോൾ ആറ് വർഷങ്ങൾക്ക് ശേഷം അന്ന് സംഭവിച്ചതിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചുമെല്ലാം ലക്ഷ്മി ആദ്യമായി തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഈ വേളയിൽ ബാലുവിന്റെ കുടുംബവുമായി വിവാഹം മുതൽ അകൽച്ചയുണ്ടെന്ന് പറയുകയാണ് ലക്ഷ്മി. പ്രണയിച്ച് വിവാഹം കഴിച്ചതുകൊണ്ട് തന്നെ ബാലുവിൻറെ അമ്മ അംഗീകരിച്ചിരുന്നില്ല.
ഒരു തവണ മാത്രമാണ് ബാലു എന്നെ വീട്ടിൽ കൊണ്ടുപോയിട്ടുള്ളൂ. നമ്മൾ കാരണം അവർക്കൊരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് പറഞ്ഞ് പിന്നീട് എന്നെ കൊണ്ടു പോകാറില്ലായിരുന്നു. ബാലു അവിടേയ്ക്ക് പോകുമായിരുന്നു. ഞാൻ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിലേയ്ക്ക് പോകാറില്ല എന്നേ ഉണ്ടായിരുന്നുള്ളൂ. അമ്മാവന്റെയും മറ്റ് ബന്ധുക്കളുടെയുമൊക്കെ വീട്ടിൽ പോകുമായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.
ബാലുവിന്റെ മരണത്തിൽ സംശയം ഉന്നയിക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ട്. അതുകൊണ്ടാണ് അവർ പരാതി നൽകിയതും നിയമപോരാട്ടത്തിന് പോയതും. അന്വേഷണങ്ങളോടെല്ലാം താൻ സ്വന്തം ബുദ്ധിമുട്ടുകൾ മാറ്റിവച്ചും സഹകരിച്ചിട്ടുണ്ട്. അപകടം ആസൂത്രിതമെന്ന് തോന്നിയിട്ടില്ല. അപകടത്തിനു പിന്നിൽ ആരെങ്കിലുമുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിൽ താൻ പ്രതികരിച്ചേനെ.
ഇതുവരെയുള്ള അന്വേഷണത്തിൽ വിശ്വാസമുണ്ട്. ഞങ്ങൾ പോലും ശ്രദ്ധിക്കാതിരുന്ന വളരെ ചെറിയ കാര്യങ്ങൾ വരെ അന്വേഷണ സംഘം കൃത്യമായി അന്വേഷിച്ചിരുന്നു. വളരെ ശ്രദ്ധ നേടിയ സംഘമാണ് അന്വേഷിച്ചത്. ഇതുവരെയുള്ള അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. മാത്രമല്ല, താനുൾപ്പെടെ സഞ്ചരിച്ച ബാലഭാസ്കറിൻറെ കാർ ആരും ആക്രമിച്ചിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു.
അപകട ദിവസം വണ്ടിയോടിച്ചത് ബാലഭാസ്കറാണെന്ന ഡ്രൈവർ അർജുൻറെ വാദം തെറ്റെന്നും ലക്ഷ്മി പറഞ്ഞു. അസാധാരണമായൊരു മൂവ്‌മെന്റ് തോന്നിയപ്പോഴാണ് ഞാൻ കണ്ണ് തുറക്കുന്നത്. ഓഫ് റോഡ് സഞ്ചരിക്കുന്നത് പോലെ, നിയന്ത്രണം ഇല്ലാത്തൊരു അവസ്ഥ. കണ്ണ് തുറക്കുമ്പോൾ പുറത്തുള്ള കാഴ്ച അത്ര വ്യക്തമല്ല.
പക്ഷെ ഡ്രൈവർ സീറ്റിൽ അർജുൻ ആകെ പകച്ച്, വണ്ടിയുടെ നിയന്ത്രണം കയ്യിൽ ഇല്ലാത്തതു പോലൊരു ഇരിപ്പായിരുന്നു. സെക്കന്റുകളുടെ ഓർമയാണ്. ഞാൻ നിലവിളിക്കാൻ ശ്രമിക്കുന്നുണ്ട്. ഒച്ച പുറത്ത് വന്നുവോ എന്നറിയില്ല. കൈ കൊണ്ട് ഗിയർ ബോക്‌സിൽ നന്നായി അടിക്കുന്നുണ്ട്. അവിടെ എന്റെ ബോധം പോയി. പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ലെന്നും ലക്ഷ്മി പറഞ്ഞു.
മാത്രമല്ല, അപകട ശേഷം ആശുപത്രിയിലെത്തിയ ബാലുവിന്റെ സുഹൃത്തുക്കളോട് അർജുൻ തെറ്റ് സമ്മതിച്ചിരുന്നു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറഞ്ഞ് കരഞ്ഞു. അർജുനെതിരെ മുൻപുണ്ടായിരുന്ന കേസുകൾ ബാലഭാസ്കറിനറിയാമായിരുന്നെന്നും ലക്ഷ്മി പറഞ്ഞു. ഒരു കേസിൽപെട്ട് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണെന്ന് പറഞ്ഞ് അർജുൻ വിഷമിച്ചിരുന്നു.
അതിൽ വിഷമം തോന്നി ഒരു ജോലി ശരിയാക്കി സഹായിക്കാമെന്ന് കരുതിയാണ് അർജുനെ ബാലു തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. എന്നാൽ ബാലുവിന്റെ സ്ഥിരം ഡ്രൈവറായിരുന്നില്ല അർജുൻ. ഒരു കൊല്ലം മാത്രമുള്ള പരിചയം മാത്രമാണ് അർജുനുമായി ഉള്ളതെന്നും ലക്ഷ്മി പറഞ്ഞു. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണവും വിമർശനവും വിഷമിപ്പിക്കുന്നതായും ലക്ഷ്മി പറഞ്ഞു. സംഗീതത്തിനു വേണ്ടി മാത്രം ജീവിച്ച ബാലു വിവാദങ്ങളുടെ കേന്ദ്രമായി. അതാണ് വേദനിപ്പിച്ചതെന്നും ലക്ഷ്മി പറഞ്ഞു.