Malayalam
ഇപ്പോൾ ആരോഗ്യം എല്ലാം ഓക്കെയാണ്, നല്ല ഭക്ഷണം കഴിച്ചാൽ മരുന്നിന്റെ ആവശ്യം വരില്ല; കോകിലയുടെ പാചകത്തെ പുകഴ്ത്തി ബാല
ഇപ്പോൾ ആരോഗ്യം എല്ലാം ഓക്കെയാണ്, നല്ല ഭക്ഷണം കഴിച്ചാൽ മരുന്നിന്റെ ആവശ്യം വരില്ല; കോകിലയുടെ പാചകത്തെ പുകഴ്ത്തി ബാല
മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.
ഇപ്പോഴിതാ ഭാര്യ കോകിലയ്‌ക്കൊപ്പം തന്റെ പുതിയ വിശേഷം പങ്കുവയ്ക്കുകയാണ് നടൻ. നേരത്തെ ഇരുവരുടെയും ഏറ്റവും പുതിയ യൂട്യൂബ് ചാനൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് യാഥാർഥ്യം ആയതിന്റെ സന്തോഷം പങ്കിട്ട് ക്യാമറയ്ക്ക് മുന്നിലേയ്ത്തിയിരിക്കുകയാണ് നടനും ഭാര്യയും.
ബാല കോകില എന്ന് പേരുള്ള പുതിയ ചാനലിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്. ഒരു ആമുഖമെന്ന നിലയിലാണ് ഇവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കറുത്ത മുണ്ടും വെള്ള ഷർട്ടും ധരിച്ചാണ് ബാല വീഡിയോയിലുള്ളത്. കോകിലയും ബാലയ്ക്ക് ഒപ്പം തന്നെ വീഡിയോയിലുണ്ട്.
വിവാദങ്ങൾ ഒന്നുമില്ല എല്ലാം പോസറ്റീവ് നിറയ്ക്കാൻ ആണ് ഇപ്പോഴത്തെ ആഗ്രഹം. കുറച്ചു നാളായി ഞങ്ങൾ വളരെ സമാധാനത്തിലാണ് ജീവിച്ചു പോവുന്നത്. അത്രയും സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഒരിടം ആണ് വൈക്കത്തെ ഞങ്ങളുടെ വീട്. ഈ സന്തോഷാവും സമാധാനവും നിലനിർത്താൻ ആണ് ശ്രമിക്കുന്നത്. ഞങ്ങളുടെ വിഷമഘട്ടം മാറി എന്നാണ് ബാലയും കോകിലയും പറയുന്നത്.
തന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നും ബാല പറയുന്നുണ്ട്. ഈ അടുത്ത് ബ്ലഡ് ടെസ്‌റ്റ് ചെയ്‌തു. അപ്പോഴാണ് ഞാൻ ആ കാര്യം അറിയുന്നത്. വളരെ മാറ്റങ്ങൾ എന്റെ ശരീരത്തിൽ സംഭവിച്ചു. ഇപ്പോൾ ആരോഗ്യം എല്ലാം ഓക്കെയാണ്. മരുന്നിനേക്കാൾ വളരെ വലുതാണ് നമ്മുടെ ഭക്ഷണം. അത് എങ്ങനെ നമ്മൾ കഴിക്കുന്നോ അങ്ങനെ ആകും നമ്മുടെ ആരോഗ്യം. നല്ല ഭക്ഷണം കഴിച്ചാൽ മരുന്നിന്റെ ആവശ്യം വരുന്നില്ലെന്നും രണ്ട് പേരും പറയുന്നു.
നല്ല വേറിട്ട ഭക്ഷണം കഴിക്കുന്നുണ്ട്. വൈക്കത്ത് എല്ലാം നാച്ചുറൽ ആണ്. ഒട്ടും മലീനസമോ, സ്‌റ്റിറോയിഡ്‌സോ ഒന്നും തന്നെയില്ലെന്നും ബാല പറയുന്നു. പിന്നീട് ഇരുവരും പാചകത്തെ കുറിച്ചും സംസാരിച്ചു. ബാലയുടെ ഫിഷ് ഫ്രൈയെ കുറിച്ചാണ് കോകില വാചാലയായത്. തമിഴ് സ്‌റ്റൈൽ കുക്കിംഗ് വീഡിയോ ഒക്കെ പുതിയ ചാനലിൽ വരുമെന്നാണ് ബാല അറിയിച്ചത്. ഇതിന്റെ ഭാഗമായി കത്തിരി കൊണ്ടുള്ള വിഭവം കോകില ഉണ്ടാക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, നേരത്തെ ബാല പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏപ്രിൽ ഒന്നാം തീയതി മുതൽ പത്തുവരെ അമൃതയിൽ ആയിരുന്നു. എത്ര വിഷമം വന്നാലും മാമ പറയില്ല. എനിക്ക് എല്ലാം അറിയാം. വിവാഹം ചെയ്യാം, ഇനി ഒരുമിച്ചു ജീവിക്കാം എന്ന് താൻ ഒരിക്കലും കോകിലയോട് പറഞ്ഞിട്ടേ ഇല്ല എന്നാണ് ബാല പറഞ്ഞത്. ഞാൻ ഒരു ദിവസം കറുകപ്പള്ളിയിൽ പോയി. അവിടെ നിന്നും ഒരു താലി വാങ്ങി, ചെറിയ ഒരു ചെയിനും കമ്മലും വാങ്ങി. നേരെ വീട്ടിൽ വന്നു വീട്ടിൽ വച്ച് ഇട്ടു. സാക്ഷി ആയത് എന്റെ അടുത്ത ഒരു സുഹൃത്താണ്.
എന്റെ മനസ്സിൽ അതായിരുന്നു വിവാഹം. ക്ഷേത്രത്തിൽ നടന്നത് ജാതകം നോക്കി, ശാസ്ത്രം നോക്കി ചെയ്താണ്. അന്ന് താലികെട്ടി ഭാര്യ ആക്കിയതാണ്. ഞാൻ താലി വാങ്ങുന്നു എന്നോ, വിവാഹം കഴിക്കാൻ പോകുന്നോ എന്നോ കോകിലയോട് പറഞ്ഞില്ല. ആ സംഭവം കഴിഞ്ഞിട്ട് ആറുമാസം കഴിയുമ്പോൾ ആണ് ക്ഷേത്രത്തിൽ വച്ചും വിവാഹം നടന്നത്.
എന്നാൽ അതിനൊക്കെ മുൻപേ കോകില തന്നെ ഭർത്താവായി അംഗീകരിച്ചു എന്നാണ് ബാല പറഞ്ഞിരുന്നത്. ഞങ്ങൾ വളരെ സുന്ദരമായ ജീവിതം നയിക്കുന്നു. ദയവ് ചെയ്തുകൊണ്ട് നെഗറ്റീവ് പറഞ്ഞു വരരുത്. എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ആളാണ് കോകില എന്നും ബാല പറഞ്ഞിരുന്നു.
