പ്രിയ നായികാ….മംമ്തയെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടി ബാല;സന്തോഷം പങ്കുവെച്ച് താരങ്ങൾ
അമൽ നീരദിന്റെ സംവിധാനത്തിൽ 2007 ഏപ്രിലിൽ പുറത്തിറങ്ങിയ ചിത്രമാണ് ബിഗ് ബി. ഈ ചിത്രത്തിലെ നായകൻ മമ്മൂട്ടിയാണ്. മമ്മൂട്ടി , മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമ പോലെ തന്നെ ചിത്രത്തിലെ ഒട്ടുമിക്ക ഗാനങ്ങളും ഹിറ്റായിരുന്നു. അതിൽ ഇപ്പോഴും പലരുടെയും പ്ലെ ലിസ്റ്റിലുള്ള ഗാനം ബാലയും മംമ്ത മോഹൻദാസും അഭിനയിച്ച മുത്തുമഴ കൊഞ്ചൽ പോലെ എന്ന റൊമാന്റിക്ക് സോങ്ങാണ്.
ബാലയുടെ കരിയറിൽ പിറന്നിട്ടുള്ള ഏറ്റവും മനോഹരമായ ഗാനം കൂടിയാണിത്. നടന് ആരാധകർ വർധിക്കാൻ കാരണമായതും ബിഗ് ബിയും ഈ ഗാനവുമാണ്. ബിഗ് ബിയ്ക്കുശേഷം മംമ്തയും ബാലയും പിന്നീട് ഒരുമിച്ച് സിനിമകൾ ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ഇപ്പോഴിതാ തന്റെ മംമ്തയെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് ബാല.
ഞാനും കോകിലയും ചെന്നൈ വിമാനത്താവളത്തിൽ വെച്ച് എന്റെ ഏറ്റവും മികച്ച നായികയെ കണ്ടുമുട്ടി എന്നാണ് മംമ്തയെ കണ്ട സന്തോഷം പങ്കിട്ട് ബാല കുറിച്ചത്. മംമ്തയ്ക്കൊപ്പം പകർത്തിയ ചില ഫോട്ടോകളും ബാല പങ്കിട്ടു. മുത്തുമഴ കൊഞ്ചൽ ജോഡിയെ വീണ്ടും ഒരുമിച്ച് കാണാൻ സാധിച്ച സന്തോഷം ആരാധകരും കമന്റ് ബോക്സിൽ അറിയിച്ചു.
പഴയ ഓർമകളിലേക്ക് നിങ്ങളുടെ ചിത്രങ്ങൾ കൂട്ടികൊണ്ടുപോയിയെന്നും കമന്റുകളുണ്ട്. ബിഗ് ബിയിൽ അഭിനയിക്കുമ്പോൾ ഇരുപത്തിയാറ് വയസ് മാത്രമെ ബാലയ്ക്ക് പ്രായമുണ്ടായിരുന്നുള്ളു. ഏറ്റവും മനോഹരമായി നൃത്തം ചെയ്യുന്ന ചുരുക്കം ചില നായക നടന്മാരിൽ ഒരാൾ കൂടിയായിരുന്നു ആ സമയത്ത് ബാല.
