Connect with us

ഇത് പ്രഭാസ് ആണോ…; നിയമ നടപടിയ്‌ക്കൊരുങ്ങി ബാഹുബലിയുടെ നിര്‍മാതാവ്

News

ഇത് പ്രഭാസ് ആണോ…; നിയമ നടപടിയ്‌ക്കൊരുങ്ങി ബാഹുബലിയുടെ നിര്‍മാതാവ്

ഇത് പ്രഭാസ് ആണോ…; നിയമ നടപടിയ്‌ക്കൊരുങ്ങി ബാഹുബലിയുടെ നിര്‍മാതാവ്

ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചുപോയവരുടെയോ ഒക്കെ പ്രതിമകള്‍ അവരുമായി സാദൃശ്യം ഇല്ലാത്തതിന്റെ പേരില്‍ പലപ്പോഴും വിവാദങ്ങളില്‍പ്പെടാറുണ്ട്. ഇപ്പോളിതാ ഇത്തരത്തില്‍ തെലുങ്ക് താരം പ്രഭാസിന്റെ പ്രതിമയുടെ പേരില്‍ വീണ്ടും വിവാദങ്ങളിലേയ്ക്ക് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഒരു പ്രതിമ അടുത്തിടെ മൈസൂരുവിലെ ഒരു മെഴുക് പ്രതിമ മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്യപ്പെട്ടിരുന്നു.

പ്രഭാസുമായി യാതൊരു ഛായയും ഈ പ്രതിമയ്ക്ക് ഇല്ലെന്നാണ് വിമര്‍ശകരുടെ ആരോപണം. തെലുങ്ക് താരം എന്നതില്‍ നിന്ന് പ്രഭാസിനെ പാന്‍ ഇന്ത്യന്‍ ശ്രദ്ധയിലേക്ക് എത്തിച്ച ബാഹുബലിയിലെ ഗെറ്റപ്പിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ വേഷവിധാനങ്ങളല്ലാതെ പ്രഭാസ് ആണ് ഇതെന്ന് തോന്നിപ്പിക്കുന്ന യാതൊന്നും പ്രതിമയില്‍ ഇല്ലെന്നാണ് താരത്തിന്റെ ആരാധകരുടേതടക്കം വിമര്‍ശനം.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും കനത്തതോടെ ബാഹുബലി നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡ തന്നെ രംഗത്തെത്തി. കോപ്പിറൈറ്റ് ലംഘിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

ഞങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ചെയ്തിരിക്കുന്ന ഒരു വര്‍ക്ക് ആണിത്. ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നിടത്തു നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കും, പ്രതിമയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഷോബു യര്‍ലഗഡ്ഡ എക്‌സില്‍ കുറിച്ചു. ബാഹുബലി ഫ്രാഞ്ചൈസിയിലെ കഥാപാത്രങ്ങള്‍, കഥ, മറ്റ് ഘടകങ്ങള്‍ തുടങ്ങിയവയുടെയെല്ലാം കോപ്പിറൈറ്റ് നിര്‍മ്മാതാവില്‍ നിക്ഷിപ്തമാണ്. തങ്ങളുടെ അനുമതി കൂടാതെ ഈ ഘടകങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് നിര്‍മ്മാതാവിന് നിയമപരമായി ചോദ്യം ചെയ്യാവുന്നതുമാണ്.

നേരത്തെ ബാങ്കോക്കിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ പ്രഭാസിന്റെ ഒരു പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിയമപരമായി ആവശ്യമായ അനുമതി വാങ്ങിയ ശേഷം നിര്‍മ്മിച്ച ഒന്നായിരുന്നു. അതേസമയം സലാര്‍ ആണ് പ്രഭാസിന്റെ അടുത്ത റിലീസ്. ബാഹുബലിക്ക് ശേഷം കാര്യമായ വിജയങ്ങളില്ലാത്ത പ്രഭാസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ ചിത്രം.

More in News

Trending