Malayalam
ജയിലിൽ ആരും കാണാന്‍ വന്നിരുന്നില്ല, ആരെങ്കിലും കാണാൻ വരണമെന്ന് ആഗ്രഹിച്ചു, കാരണം ഇതായിരുന്നു, കാറ്റും ചൂടും വെളിച്ചവുമൊക്കെ മനോഹരമാണെന്ന് തിരിച്ചറിഞ്ഞു, അവളുടെ ഒറ്റയാള്‍പ്പോരാട്ടമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്, കോടികളുടെ രാജാവ് ഓർമയാ കുമ്പോൾ… മലയാള സിനിമയ്ക്കും തീരാ നഷ്ടം
ജയിലിൽ ആരും കാണാന്‍ വന്നിരുന്നില്ല, ആരെങ്കിലും കാണാൻ വരണമെന്ന് ആഗ്രഹിച്ചു, കാരണം ഇതായിരുന്നു, കാറ്റും ചൂടും വെളിച്ചവുമൊക്കെ മനോഹരമാണെന്ന് തിരിച്ചറിഞ്ഞു, അവളുടെ ഒറ്റയാള്‍പ്പോരാട്ടമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്, കോടികളുടെ രാജാവ് ഓർമയാ കുമ്പോൾ… മലയാള സിനിമയ്ക്കും തീരാ നഷ്ടം
പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍റെ അന്ത്യം സിനിമ പ്രേമികൾക്കും വേദനയാണ്. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്‍റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കേട്ടിട്ടുള്ള ഒരാള്‍ പോലും ആ മുഖം മറക്കാന്‍ സാധ്യതയില്ല. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ സുപ്രസിദ്ധനായിരുന്നു എം എം രാമചന്ദ്രന്‍.
നിര്‍മ്മാതാവായാണ് അദ്ദേഹം സിനിമാലോകത്തെത്തിയത്. പിന്നീടാണ് അഭിനയത്തിലും കൈവെച്ചത്. ഭരതന്‍ സംവിധാനം ചെയ്ത വൈശാലി നിര്‍മ്മിച്ചത് രാമചന്ദ്രനായിരുന്നു. ആദ്യ സിനിമയ്ക്ക് മികച്ച പ്രതികരണവും സാമ്പത്തികമായി നേട്ടവും വന്നപ്പോള്‍ സിനിമയിലും തുടരാനായി തീരുമാനിക്കുകയായിരുന്നു അദ്ദേഹം. അറബിക്കഥ ഉള്‍പ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ അരങ്ങേറിയപ്പോഴും ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചെത്തുകയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍.
ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും ജയില്‍വാസത്തെ അതിജീവിച്ചതിനെക്കുറിച്ചും ഭാര്യയുടെ പിന്തുണയെക്കുറിച്ചുമെല്ലാം ഒരിക്കല്‍ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.
കോടികളുടെ വായ്പകള്‍ മുടങ്ങിയതോടെ ബാങ്കുകള്‍ അറ്റ്ലസ് രാമചന്ദ്രനെതിരെ നിയമ നടപടി ആരംഭിക്കുകയായിരുന്നു. ഇതോടെ 2015 ഓഗസ്റ്റ് 25ന് അദ്ദേഹം അകത്തായി. മൂന്ന് വര്‍ഷത്തോളം അദ്ദേഹം ജയില്‍വാസം അനുഭവിച്ചു. പുറത്തിറക്കാനായി ഏറെ ശ്രമിച്ചുവെങ്കിലും പിന്നേയും വന്ന തിരിച്ചടികള്‍ പ്രതികൂലമായി മാറുകയായിരുന്നു. കൂടെ നില്‍ക്കുമെന്ന് കരുതിയവരാരും അന്ന് കൂടെ നിന്നില്ലെന്നാണ് പിന്നീട് അറ്റ്‌ലസ് രമചന്ദ്രന്‍ പറഞ്ഞത്.
ജയിലില്‍ നിന്നും ഫോണ്‍ വിളിക്കാന്‍ പറ്റുമായിരുന്നു. മാക്സിമം 15 മിനിറ്റായിരുന്നു കിട്ടിയിരുന്നത്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ചും വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു സംസാരിച്ചത്. ശക്തമായ പിന്തുണ നല്‍കി ഭാര്യ ഇന്ദു തനിക്കൊപ്പമുണ്ടായിരുന്നു. ഇന്ദുവിന്റെ ഒറ്റയാള്‍പ്പോരാട്ടമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഒരു ദിവസം തനിക്ക് ദുബായ് പോലീസ് സ്റ്റേഷനിലേക്ക് എത്തണമെന്ന് പറഞ്ഞൊരു ഫോണ്‍ കോള്‍ വരികയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ കുറച്ച് മോശമാണെന്ന് ഭാര്യ പറഞ്ഞപ്പോള്‍ നിങ്ങളും കൂടെ വരുവെന്ന് പറഞ്ഞു. എന്തിനാണ് വിളിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് അവര്‍ പറഞ്ഞിരുന്നില്ല. അറസ്റ്റിനെക്കുറിച്ചും പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അറസ്റ്റിനെക്കുറിച്ച് പറഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്.
കരയില്‍ പിടിച്ചിട്ട മത്സ്യത്തെപ്പോലെയായിരുന്നു ഞാന്‍. ജയില്‍ ജീവിതത്തില്‍ എന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് ഏകാന്തതയാണ്. ആകെപ്പാടെയുള്ള സന്തോഷം വീട്ടിലേക്ക് ഫോണ്‍ ചെയ്യാം എന്നതാണ്. ഫോണ്‍ ചെയ്യുമ്പോള്‍ അവിടത്തെ വിഷമങ്ങളാണ് കേട്ടോണ്ടിരുന്നത്. രാത്രികളില്‍ ഉറങ്ങാറില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വല്ലാതെ വിഷമിച്ചിരുന്നു. ഭാര്യയെ ഓര്‍ത്ത് കരയാറുണ്ടായിരുന്നു. എല്ലാവരും ഒരുദിവസം പോവുമെന്ന് പറഞ്ഞ് കൂടെയുള്ളവര്‍ ആശ്വസിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.
കാര്യമായി ആരും കാണാന്‍ വന്നിരുന്നില്ല. ആരെങ്കിലും സന്ദര്‍ശകരായി വന്നിരുന്നെങ്കില്‍ എന്ന് പലപ്പോഴും മോഹിച്ചിട്ടുണ്ട്. സന്ദര്‍ശകരെ കാണണമെന്ന് മോഹിക്കാന്‍ കാരണം ആളുകളെ കാണുന്നതിന് വേണ്ടി മാത്രമായിരുന്നില്ല, പുറത്തെ സൂര്യ പ്രകാശഴും വെയിലും ചൂടുമൊക്കെ കാണാമല്ലോ എന്നായിരുന്നു പിന്നീടൊരിക്കല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞത്. അവിടെ കഴിയുമ്പോഴായിരുന്നു കാറ്റും ചൂടും വെളിച്ചവുമൊക്കെ എത്ര മനോഹരമാണെന്ന് തിരിച്ചറിയുക എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, പുറത്തിറങ്ങിയാല്‍ എങ്ങോട്ട് പോവുമെന്ന ആശങ്ക അന്ന് അലട്ടിയിരുന്നു. ഭാര്യയെ നോക്കാനാരുണ്ട്. ബിസിനസുമായി യാതൊരു ബന്ധവുമില്ലായിരുന്നു ഭാര്യയ്ക്ക്. ഒരു ചെക്ക് എവിടെ ഒപ്പിടുമെന്ന് പോലും അറിയില്ലായിരുന്നു. എന്നാല്‍ ആ ഒരാളാണ് വാസ്തവത്തില്‍ എന്നെ എല്ലാ വിഷമത്തില്‍ നിന്നും കരകയറ്റിയത്. തന്റെ മോചനത്തില്‍ തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടുള്ളതും ഭാര്യയോടാണെന്നും രാമചന്ദ്രന്‍ പറയുന്നു.
കുറച്ച് സാവകാശം കിട്ടിയിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും ബാധ്യതയേക്കാള്‍ ആസ്തി തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം നിയമത്തില്‍ നിന്നും ഓടിപ്പോകില്ലെന്നും അത് തന്റെ വിധിയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ്അതേസമയം, ജനങ്ങളുടെ പിന്തുണയും സ്നേഹവുമുള്ളതിനാല്‍ തിരികെ വരാനാവുമെന്നാണ് പ്രതീക്ഷയെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. മക്കളൊക്കെ അവരവരുടെ കാര്യം നോക്കിത്തുടങ്ങിയവരാണ്. ഇനി അവരെയൊന്നും ഞാന്‍ നോക്കില്ല. ഇന്ദുവിനൊപ്പമായി കഴിയാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വൈശാലിക്ക് ശേഷമായി വാസ്തുഹാര, സുകൃതം, ധനം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും അറ്റ്‌ലസ് രാമചന്ദ്രനായിരുന്നു. മുന്‍നിര സംവിധായകരും താരങ്ങളുമെല്ലാമായി അടുത്ത സൗഹൃദമുണ്ടായിരുന്നു അദ്ദേഹത്തിന്. നിര്‍മ്മാതാവായി മാത്രമല്ല പിന്നീട് അഭിനേതാവായും അരങ്ങേറുകയായിരുന്നു അദ്ദേഹം. അറബിക്കഥയിലെ കോട്ട് നമ്പ്യാരായി മാത്രമല്ല ആനന്ദഭൈരവി, ടു ഹരിഹര്‍ നഗര്‍, ഹാപ്പി വെഡ്ഡിംഗ്, തത്വമസി തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
ചില സിനിമകളില്‍ അറ്റ്‌ലസ് രാമചന്ദ്രനായിത്തന്നെയാണ് അദ്ദേഹം എത്തിയത്. സിനിമകളില്‍ അഭിനയിക്കുന്നതിന് പ്രതിഫലം വാങ്ങാത്ത ആളാണ് താനെന്നും അദ്ദേഹം മുന്‍പൊരിക്കല്‍ വ്യക്തമാക്കിയിരുന്നു. യൂത്ത് ഫെസ്റ്റിവല്‍ എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്. 2010 പുറത്തിറങ്ങിയ ഹോളിഡേയ്‌സ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറിയത്.
അഭിനേതാവും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ അലിയാറിനെയായിരുന്നു പരസ്യത്തില്‍ ശബ്ദം നല്‍കാനായി ക്ഷണിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് ചെന്നൈയില്‍ എത്താന്‍ കഴിയാതെ വന്നതോടെയാണ് രാമചന്ദ്രന്‍ തന്നെ ആ വാചകം പറഞ്ഞത്. അതോടെ അദ്ദേഹം അറ്റ്‌ലസ് രാമചന്ദ്രനായി മാറുകയായിരുന്നു. ആദ്യം ശബ്ദം മാത്രമേയുണ്ടായിരുന്നുള്ളൂ. പിന്നീടാണ് രൂപും വന്നത്. ഭാര്യയ്ക്ക് അതില്‍ താല്‍പര്യമില്ലായിരുന്നുവെന്നും മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു.
മൂന്ന് വര്‍ഷത്തിന് ശേഷമായാണ് അദ്ദേഹം ജയില്‍മോചിതനായത്. വീണിടത്തുനിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ തിരികെ പറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം.