Malayalam
ആവശ്യമില്ലാതെ കാര്യങ്ങൾ വളച്ചൊടിക്കരുത്, ഈ മൂന്ന് പടം മാത്രം കണ്ടാൽ മതിയെന്ന് ഞാൻ മനപ്പൂർവ്വം പറഞ്ഞതായിട്ട് തോന്നുന്നുണ്ടോ; പ്രതികരണവുമായി ആസിഫ് അലി
ആവശ്യമില്ലാതെ കാര്യങ്ങൾ വളച്ചൊടിക്കരുത്, ഈ മൂന്ന് പടം മാത്രം കണ്ടാൽ മതിയെന്ന് ഞാൻ മനപ്പൂർവ്വം പറഞ്ഞതായിട്ട് തോന്നുന്നുണ്ടോ; പ്രതികരണവുമായി ആസിഫ് അലി
കഴിഞ്ഞ ദിവസമായിരുന്നു സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്മാരായ ആസ്ഫ് അലി, ടൊവിനോ തോമസ്, എന്നിവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വലിയ വിവാദമായിരുന്നു. തങ്ങളുടെ ചിത്രങ്ങൾ പ്രേക്ഷകർ തീയേറ്ററിലെത്തി കാണണമെന്ന് ടോവിനോ തോമസും ആസിഫ് അലിയും ആന്റണിയും ആവശ്യപ്പെട്ടതാണ് കാരണം.
നടി ഷീലു എബ്രഹാം ആണ് താരങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നത്. പവർ ഗ്രൂപ്പ് എന്താണെന്ന് ടോവിനോയും ആസിഫും പെപ്പെയും കാണിച്ചു തന്നുവെന്നും ഓണത്തിനിറങ്ങുന്ന മറ്റു സിനിമകളെപ്പറ്റി പറയാതിരുന്നത് ശരിയായില്ല എന്നുമാണ് ഷീലു എബ്രഹാം പറഞ്ഞത്.
ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആസിഫ് അലി. ഞങ്ങൾ മൂന്നുപേരും വാട്സ്ആപ്പ് ചാറ്റ് ചെയ്ത് പെട്ടെന്ന് ഇട്ട ഒരു വീഡിയോയാണ് അത്. വേറെ ഒന്നും അതിൽ ഉദ്ദേശിച്ചിട്ടില്ല. തിയേറ്ററിലേക്ക് ആളുകൾ വരിക എന്നത് എല്ലാവർക്കും ആവശ്യമുള്ള കാര്യമാണ്. ആവശ്യമില്ലാതെ കാര്യങ്ങൾ വളച്ചൊടിക്കരുത്. ഈ മൂന്ന് പടം മാത്രം കണ്ടാൽ മതിയെന്ന് ഞാൻ മനപ്പൂർവ്വം പറഞ്ഞതായിട്ട് തോന്നുന്നുണ്ടോ എന്നും ആസിഫ് അലി പറഞ്ഞു.
എ.ആർ.എം, കിഷ്കിണ്ഡാ കാണ്ഡം, കൊണ്ടൽ എന്നീ സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് താരങ്ങള് പങ്കുവെച്ച വീഡിയോയാണ് വിവാദങ്ങൾക്കിടയാക്കിയത്. ഇതിനു പിന്നാലെ ഷീലു പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;
പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ… പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ നിങ്ങളുടെ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണയാണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്.
എന്നാൽ ഞങ്ങളുടെ ബാഡ് ബോയ്സും പിന്നെ കുമ്മാട്ടിക്കളിയും ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെയാണ് റിലീസ്. സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുള്ളാണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ… എല്ലാവർക്കും ലാഭവും മുടക്കുമുതലും തിരിച്ച് കിട്ടട്ടെ… എന്നാണ് ഷീലു കുറിച്ചത്.
പിന്നാലെ യുവതാരങ്ങളുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഒമർ ലുലുവും പ്രതിഷേധം അറിയിച്ചിരുന്നു. നിങ്ങൾ എല്ലാവരും സിനിമയിൽ കഷ്ടപ്പെട്ട് വന്നവരല്ലേ… എല്ലാ സിനിമകൾക്കും ഒരേ കഷ്ടപ്പാടല്ലേ… എന്തിനാണ് ഞങ്ങളെ അവഗണിച്ചത് എന്നാണ് ടൊവിനോയേയും ആസിഫിനേയും പെപ്പേയേയും മെൻഷൻ ചെയ്ത് ഒമർ ചോദിച്ചത്.