Malayalam
അശ്വന്ത് കോക്കിന്റെ റിവ്യൂ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവ് ആയി ബാധിച്ചു, അവര്‍ റിസ്‌ക് എടുക്കാന്‍ മടിക്കും; സംവിധായകന്‍ അരുണ്‍ ബോസ്
അശ്വന്ത് കോക്കിന്റെ റിവ്യൂ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവ് ആയി ബാധിച്ചു, അവര്‍ റിസ്‌ക് എടുക്കാന്‍ മടിക്കും; സംവിധായകന്‍ അരുണ്‍ ബോസ്
റിവ്യു പറയാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും അതില്‍ ഉപയോഗിക്കുന്ന ഭാഷയാണ് ആളുകളെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കാരണമാകുന്നതെന്നും സംവിധായകന്‍ അരുണ്‍ ബോസ്. മാരിവില്ലിന്‍ ഗോപുരങ്ങള്‍ സിനിമയുടെ റിവ്യു ബോംബിങുമായി ബന്ധപ്പെട്ട നിര്‍മാതാവിന്റെ പരാതി ചര്‍ച്ചയാകുന്നതിനിടെയാണ് നിലപാടു വ്യക്തമാക്കി സംവിധായകനും രംഗത്തുവന്നത്.
സിനിമയെപ്പറ്റി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. അശ്വന്ത് കോക്കിന്റെ റിവ്യൂ വളരെ മോശമായ ഭാഷ ഉപയോഗിച്ചു കൊണ്ടായിരുന്നു. അതിനോടുള്ള പെട്ടെന്ന് ഉണ്ടായ പ്രതികരണമാണ് സിയാദ് കോക്കര്‍ നടത്തിയത്. അദ്ദേഹം സാധാരണ ഗതിയില്‍ സംസാരിക്കുമ്പോഴുള്ള ഭാഷ മാത്രമേ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളൂ. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളെ നമുക്ക് തടയാനാവില്ല.
സിയാദ് കോക്കര്‍ -അശ്വന്ത് കോക്ക് പ്രശ്‌നത്തില്‍ ഒരു സംവിധായകനെന്ന നിലയില്‍ ഞാന്‍ നേരിട്ട് ഇടപെട്ടിട്ടില്ല. എങ്കില്‍ കൂടിയും, എനിക്ക് എന്റേതായിട്ടുള്ള അഭിപ്രായങ്ങളുണ്ട്. ഞാനൊരിക്കലും റിവ്യൂ പറയുന്നതിനോടോ റിവ്യൂ എഴുതുന്നതിനോടോ ഒന്നും വിയോജിപ്പുള്ള ആളല്ല. തീര്‍ച്ചയായും നിരൂപണങ്ങള്‍ സിനിമയെ എല്ലാകാലത്തും സപ്പോര്‍ട്ട് ചെയ്യുന്ന കാര്യം തന്നെയാണ്.
പക്ഷേ റിവ്യൂവേഴ്‌സ് റിവ്യൂ പറയുന്ന രീതി, റിവ്യൂ പറയുന്ന ഭാഷ ഇതെല്ലാം കുറച്ച് കൂടി ശ്രദ്ധിക്കേണ്ടതാണ് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. പിന്നെ യുവാക്കളെ പോലെയല്ല കുടുംബ പ്രേക്ഷകര്‍. യുവാക്കളധികവും സിനിമ കാണാന്‍ ഒറ്റയ്ക്ക് പോകുന്നവരാണ്. എന്നാല്‍ ഫാമിലി പ്രേക്ഷകര്‍ അങ്ങനെയല്ല. ഒരു ദിവസത്തെ യാത്ര, തിയേറ്റര്‍ ടിക്കറ്റ്, സ്‌നാക്‌സ് തുടങ്ങിയ ചെലവുകളെല്ലാം കണക്കുകൂട്ടിയതിന്റെ എക്‌സ്‌പെന്‍സവര്‍ വിലയിരുത്തും. എന്നിട്ട് മാത്രമേ അവര്‍ സിനിമയ്ക്ക് പോകൂ.
അക്കാര്യത്തിലെല്ലാം കോണ്‍ഷ്യസായതുകൊണ്ട് തന്നെ സിനിമയെ കുറിച്ചുള്ള അഭിപ്രായം മുന്‍കൂട്ടി അറിയാന്‍ കൂടി അവര്‍ താല്‍പര്യം കാണിക്കും. അങ്ങനെയുള്ള ഓഡിയന്‍സിനെ ഇത്തരത്തിലുള്ള റിവ്യൂസ് എന്തായാലും ബാധിക്കും. അവര്‍ റിസ്‌ക് എടുക്കാന്‍ മടിക്കും. അത്തരത്തില്‍ നോക്കിയാല്‍ അശ്വന്ത് കോക്കിന്റെ റിവ്യൂ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവ് ആയി ബാധിച്ചിട്ടുണ്ട്. പിന്നെ അശ്വന്ത് കോക്കുമായി ഞാന്‍ നേരിട്ട് സംസാരിച്ചിട്ടില്ല. എനിക്ക് ആ വ്യക്തിയെ നേരിട്ട് അറിയുക പോലുമില്ല.
നല്ല സിനിമകളെ പ്രേക്ഷകര്‍ എന്നും സ്വീകരിച്ചിട്ടേ ഉള്ളൂ. മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും നല്ല കലക്ഷനാണ് ലഭിക്കുന്നത്. സിംഗിള്‍ സ്‌ക്രീനിലേക്ക് ആളുകള്‍ വരാതെ ഇരിക്കുന്നതില്‍, പ്രത്യേകിച്ചും കുടുംബ പ്രേക്ഷകര്‍ എത്താതിരിക്കുന്നതില്‍ ഇത്തരം റിവ്യൂകള്‍ കാരണമായേക്കാം. റിവ്യൂകളുടെ ഭാഷയാണ് പലപ്പോഴും ആളുകളെ സിനിമയില്‍ നിന്നും അകറ്റുന്നത്. എന്ത് കാണണമെന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ.
സിനിമയുടെ തുടക്കം മുതലേ നിരൂപകരും ഉണ്ട്. നിരൂപകര്‍ പിന്നീട് ചലച്ചിത്രപ്രവര്‍ത്തകരായി മാറിയവരുമുണ്ട്. സിനിമയുടെ മുഖം തന്നെ മാറ്റിയ നിരൂപകര്‍ നമുക്ക് ചുറ്റുമുണ്ട്. ആര്‍ട്ട് ഫോം ഒരിക്കലും നമുക്ക് കണ്‍ക്ലൂഡ് ചെയ്യാന്‍ കഴിയില്ല. നിരന്തരമായ സംവാദങ്ങളിലൂടെ അതിങ്ങനെ മുന്‍പോട്ടു പോകും. നെഗറ്റീവ് ആയിട്ടുള്ള റിവ്യൂകള്‍ നമുക്ക് തടയാന്‍ കഴിയില്ല. എന്നാല്‍ നമുക്ക് പ്രേക്ഷകരെ സിനിമയെക്കുറിച്ച് സാക്ഷരരാക്കാന്‍ കഴിയും. അതു മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുക. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഞാനത്ര ആക്ടീവ് അല്ലാത്തതു കൊണ്ട് ഇത്തരം കാര്യങ്ങളില്‍ അധികം ശ്രദ്ധ ചെലുത്താറില്ല’ എന്നും അരുണ്‍ ബോസ് പറഞ്ഞു.